ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ
കാഞ്ഞിരപ്പള്ളി • ദനഹാത്തിരുനാളിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ അങ്കണത്തിൽ അലങ്കരിച്ച പിണ്ടിയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരി തെളിച്ചു. ഈശോയാകുന്ന വെളിച്ചത്തിൽ സഞ്ചരിക്കുന്ന യാത്രക്കാരാണ് യഥാർഥ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതെ ന്നും ആ പ്രകാശം ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും പ്രകാശിപ്പിക്കുമെന്നും മാർ ജോസ് പുളിക്കൽ സന്ദേശത്തിൽ പറഞ്ഞു. യേശുവിന്റെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന തിരുനാളാണ് ദനഹാത്തിരുനാൾ.
റംശ നമസ്കാരത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ഡോ. ജോസഫ് വെള്ളമറ്റം കാർമികത്വം വഹിച്ചു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നിന്നാരംഭിച്ച ദനഹാത്തിരുനാൾ പ്രദക്ഷിണത്തിൽ വിളക്കുകളേന്തി വിശ്വാസികൾ പങ്കുചേർന്നു. ഇടവകയിലെ കുട്ടികളും യുവജനങ്ങളും ചേർന്നു പള്ളിയങ്കണത്തിൽ മാർഗംകളി, പരിചമുട്ടുകളി എന്നിവ അവതരിപ്പിച്ചു.
രൂപത വിശ്വാസ പരിശീ ലന കേന്ദ്രമായ സുവാറ, നസ്രാണി മാർഗം കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ ഓർമയിലെ ദനഹാ എന്ന പേരിൽ ദനഹാ തിരുനാൾ ആചരണാനുഭവങ്ങൾ പങ്കുവച്ചു. കത്തീഡ്രലിലെ ക്രമീകരണങ്ങൾക്ക് വികാരി ആർച്ച് പ്രീസ്‌റ്റ് ഫാ. വർഗീസ് പരിന്തിരി ക്കൽ, ഫാ. ആന്റോ പേഴുംകാട്ടിൽ, ഫാ. ജയിംസ് മുളഞ്ഞനാനിക്കര എന്നിവർ നേതൃത്വം നൽകി.