സ്വരുമ പാലിയേറ്റീവ് കെയർ നെടുങ്കണ്ടം ശാഖയുടെ ഉദ്ഘാടനം ഫാ. ഡേവിസ് ചിറമേൽ നിർവഹിച്ചു
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ ശാഖ നെടുങ്കണ്ടത്ത് തുടങ്ങി . നെടുങ്കണ്ടം ലയണ്‍സ് ബില്‍ഡിംഗില്‍ സ്വരുമ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സന്നദ്ധ പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായത്തോടെ വിവിധ പഞ്ചായത്തുകളിലെ രോഗികള്‍ക്ക് സൗജന്യമായി സഹായം എത്തിക്കുക എന്നതാണ് സ്വരുമ പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. രോഗികള്‍ക്ക് ആവശ്യമായ ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തിക പരിചരണം വോളണ്ടിയര്‍മാര്‍ വഴി നല്‍കും.
ഫിസിയോതെറാപ്പി, ഓങ്കോളജി ഹോം കെയര്‍, സൈക്യാട്രി ഹോം കെയര്‍, പാലിയേറ്റീവ് കെയര്‍, വോളണ്ടിയര്‍ കെയര്‍, വൃക്കരോഗ സഹായ പദ്ധതികള്‍, ഭക്ഷ്യ കിറ്റ് വിതരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയും സ്വരുമയുടെ പ്രവര്‍ത്തനങ്ങളാണ്.
നെടുങ്കണ്ടം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ സ്വരുമ യൂണിറ്റിന്റെ ഉദ്ഘാടനം കിഡ്നി ഫൗണ്ടേഷന് ഓഫ് ഇൻഡ്യചെയര്മാന് ഫാ. ഡേവിസ് ചിറമ്മേല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ കാഞ്ഞിരപ്പള്ളി സ്വരുമ പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജന്, സ്വരുമ നെടുങ്കണ്ടം യൂണിറ്റ് പ്രസിഡന്റ് കെ.സി സെബാസ്റ്റ്യന്‍, സെക്രട്ടറി ബിനു തോമസ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര് സുരേഷ്, ജെയിംസ് മാത്യു, ജോജി ഇടപ്പള്ളിക്കുന്നേല്‍, ഷിഹാബ് ഈട്ടിക്കല്‍, സജി ചാലില്‍, സി.കെ ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വരുമയുടെ പ്രവർത്തനങ്ങൾക്കായി നെടുങ്കണ്ടത്തെ പ്രമുഖ വ്യാപാരി കെ പി രാജു ഒരു ലക്ഷം രൂപ വേദിയിൽ വെച്ച് സ്വരുമ ഭാരവാഹികൾക്ക് കൈമാറി.
പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു.