വിലയില്ലാതെ റബര്‍ വിപണി ; കർഷകർ ദുരിതത്തിൽ
കാഞ്ഞിരപ്പള്ളി : വിലയില്ല. ടാപ്പിങ്ങും നേരേ ചൊവ്വേ നടക്കുന്നില്ല… പ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ റബര്‍കര്‍ഷകര്‍. അപ്രതീക്ഷിത കാലാവസ്‌ഥാ മാറ്റമാണ് ഇത്തവണ കര്‍ഷകന്റെ നടുവൊടിച്ചത്. ഏറ്റവും മികച്ച ഉത്‌പാദനം പ്രതീക്ഷിക്കുന്ന കാലയളവില്‍ എത്തിയ മഴ കര്‍ഷകരെ പ്രതിസന്ധിയില്‍ മുക്കി.
നിലവില്‍ ഒരു കിലോ റബറിനു 155.50 രൂപയാണ് വില. ബാങ്കോക്ക് വില 157 രൂപ വരെ വന്ന ശേഷം ഇന്നലെ 151 ആയി. രാജ്യാന്തരവില ഇടിഞ്ഞാല്‍ ആഭ്യന്തര വിലയും ഇടിയുമെന്ന സൂചനയാണു വ്യാപാരികളും നല്‍കുന്നത്. അതേസമയം ലാറ്റക്‌സ് വില വര്‍ധിച്ച് 150- 152 രൂപയായിട്ടുണ്ട്. ഒട്ടുപാല്‍ വില 90 രൂപയാണ്.
ഏറ്റവും കുറഞ്ഞ ടാപ്പിങ്ങ് ദിവസങ്ങള്‍ ലഭിച്ച സീസണാണ് കടന്നുപോകുന്നത്. ഷേഡ് ഒട്ടിച്ച തോട്ടങ്ങളിലും ശക്‌തമായ മഴയെത്തുടര്‍ന്ന് ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളില്‍ കാര്യമായ ടാപ്പിങ്ങ് നടന്നില്ല.
ഡിസംബര്‍ പകുതി മുതല്‍ ജനുവരി അവസാനം വരെയാണ് ഏറ്റവും മികച്ച ഉത്‌പാദനം നടക്കേണ്ടത്. തണുപ്പും ഇല കൊഴിയുന്നതും ഉത്‌പാദനം വര്‍ധിപ്പിക്കും. എന്നാല്‍, ഇത്തവണ തണുപ്പില്ല. ഇല കൊഴിഞ്ഞു തുടങ്ങിയപ്പോള്‍ മഴയുമായി. തളിരിടുന്ന റബര്‍ മരങ്ങള്‍ക്കും മഴ ഭീഷണിയാണ്. തളിരില കൊഴിയും. ഇത് അടുത്ത സീസണിലെ ഉത്‌പാദനത്തെയും ബാധിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ റബര്‍ വിലയിടിവിനെതിരേ സമരപരമ്പരകളുമായി രംഗത്തുണ്ട്. പക്ഷേ, യാതൊരു നടപടിയുമില്ല.
റബര്‍ വിലസ്‌ഥിരതാ പദ്ധതി നിലച്ച അവസ്‌ഥയിലാണ്. വെബ്‌സൈറ്റ് പണിമുടക്കിയതിനാല്‍ ഒരു മാസത്തിലേറെയായി ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. 600 കോടി രൂപ പദ്ധതിക്കായി അനുവദിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തേത് ഉള്‍പ്പെടെ സബ്‌സിഡി തുക കുടിശികയാണ്.