എരുമേലി ചന്ദനക്കുടം 11 ന് : സ്വീകരിക്കാൻ രണ്ട് മന്ത്രിമാർ എത്തും ..
എരുമേലി : ശ്രീ അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം എരുമേലിയ്ക്ക് മതമൈത്രിയായി മാറിയ ചന്ദനക്കുട ഉത്സവത്തിന്റെ ആഘോഷ രാവ് വ്യാഴാഴ്ച . അയ്യപ്പഭക്തർക്കും മുസ്ലിം ജമാഅത്തും നാടും നൽകുന്ന അഭിവാദ്യമായ ചന്ദനക്കുട ആഘോഷത്തെ വരവേൽക്കാൻ മന്ത്രിമാരും ജനപ്രതിനിധികളും ജില്ലാ കളക്ടറും പോലിസ് മേധാവിയും ഉൾപ്പടെ ആയിരങ്ങൾ അന്ന് വൈകിട്ട് പേട്ടക്കവലയിലെത്തും.
തുടർന്ന് ആഘോഷ രാവാണ്. തീവെട്ടികളുടെ വെളിച്ചവും ആനകളുടെ അകമ്പടിയും ചെണ്ടകളുടെയും ഇലത്താളങ്ങളുടെയും മേളങ്ങളും ഇമ്പമാർന്ന ഇശൽ ഗാനമേളയും നിറഞ്ഞ ആഘോഷ റാലിയിൽ ശിങ്കാരിമേളം ഉൾപ്പടെ സാംസ്കാരിക തനിമ നിറഞ്ഞ കലാരൂപങ്ങളും അണിനിരക്കും. പ്രശസ്തമായ പേട്ടതുള്ളലിന് നേതൃത്വം നൽകുന്ന അമ്പലപ്പുഴ സംഘവുമായി ജമാഅത്ത് നടത്തുന്ന സൗഹൃദ കൂടിക്കാഴ്ച വൈകുന്നേരം നാലിന് ആരംഭിക്കും. വഖഫ് ബോർഡ് ചെയർമാൻ അഡ്വ എം കെ സക്കീർ ഉദ്ഘാടനം ചെയ്യും. സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, റവ. ഫാ. സന്തോഷ് മാത്തൻകുന്നേൽ, വിവിധ സമുദായ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് 6:15 ന് ചന്ദനക്കുട ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ആന്റോ ആന്റണി എം പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, റവ. ഫാ. വർഗീസ് പുതുപ്പറമ്പിൽ, കളക്ടർ വി വിഘ്നേശ്വരി, എസ്പി കെ കാർത്തിക്ക്, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒപിഎ സലാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി തുടങ്ങിയവർ പങ്കെടുക്കും.
ഘോഷയാത്രയെ ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, സെക്രട്ടറി സിഎഎം കരീം എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ചേർന്ന് നയിക്കും. ക്ഷേത്രത്തിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഗോപകുമാറിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടന നേതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്വീകരിക്കും. വിവിധ പ്രദേശങ്ങൾ ചുറ്റി സ്വീകരണങ്ങൾക്ക് ശേഷം പുലർച്ചെയോടെ നൈനാർ ജുമാ മസ്ജിദിൽ ഘോഷയാത്ര സമാപിക്കും.