വിവേകാനന്ദദർശനങ്ങളിൽ അധിഷ്ഠിതമാവണം വിദ്യാഭ്യാസം-പി.എസ്.ശ്രീധരൻപിള്ള
പൊൻകുന്നം: വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയാവണം നമ്മുടെ വിദ്യാഭ്യാസമെന്നും ഒപ്പം ഗാന്ധിജിയുടെ നിശ്ചയദാർഢ്യം വിദ്യാർഥികൾ മാതൃകയാക്കണമെന്നും ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള. പൊൻകുന്നം ശ്രേയസ് പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ശബ്ദത്തിന് ലോകരാഷ്ട്രങ്ങൾ കാതോർക്കുകയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.ന നൂറ്റാണ്ടുകൾക്കുമുൻപ് നഷ്ടപ്പെട്ട മഹത്വങ്ങൾ പലതും നമ്മൾ തിരിച്ചുപിടിക്കുകയാണിപ്പോൾ. കാഴ്ചയെ വ്യക്തമാക്കാൻ കണ്ണട ഉപയോഗിക്കുന്നതുപോലെ മറ്റു ഭാഷകൾ പഠിക്കാം. എന്നാൽ കണ്ണുകളുടെ യഥാർഥ കാഴ്ചയെന്നതുപോലെ മാതൃഭാഷയെ പരിഗണിക്കണമെന്നും പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.
സ്‌കൂൾ ചെയർമാൻ പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.എം.എസ്.മോഹൻ, വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.ജയസൂര്യൻ, ഡോ.ജെ.പ്രമീളാദേവി, പ്രിൻസിപ്പൽ കെ.ജി.രതീഷ്, ബി.ദീപ, അമർനാഥ്, പാർവതി എം.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.