അമ്പാറയിലും പാറത്തോട്ടിലും സ്‌റ്റേഷന്‍, പാലായിലും പൊന്‍കുന്നത്തും സ്‌റ്റേഷനില്ല
ട്രെയിന്‍ യാത്രാസൗകര്യമില്ലാത്ത പാലായിലും പൊന്‍കുന്നത്തും ആ കുറവ് പരിഹരിക്കുമെന്ന് കരുതിയ ശബരി റെയില്‍ പദ്ധതിയില്‍നിന്ന് പാലാ, പൊന്‍കുന്നം ടൗണുകള്‍ പുറത്ത്. പാലാ, പൊന്‍കുന്നം നഗരങ്ങളിലോ നഗരത്തോട് ചേര്‍ന്നോ പാത കടന്നുവരാത്തതും സ്‌റ്റേഷനില്ലാത്തതുമാണ് ഇവിടുത്തെ യാത്രക്കാര്‍ക്ക് ദുരിതമായി മാറിയേക്കാവുന്നത്.
ശബരി റെയില്‍ പദ്ധതിക്കായുള്ള ചിലവില്‍ 50 ശതമാനം സംസ്‌ഥാനസര്‍ക്കാര്‍കൂടി മുടക്കി നിര്‍മ്മിക്കുമെന്നുള്ള മന്ത്രിസഭാതീരുമാനം ഉണ്ടായതോടെ റെയില്‍ലൈന്‍ എന്നസ്വപ്‌നംസാക്ഷാത്‌കരിക്കപ്പെടുമെന്ന്‌ഉറപ്പായതോടെയാണ് പാലാ, പൊന്‍കുന്നം സ്‌റ്റേഷനുകളുംചര്‍ച്ചയാവുകയാണ്.
ഇന്റര്‍വ്യൂകളിലും മറ്റുംപങ്കെടുക്കുന്ന പാലായിലും പൊന്‍കുന്നത്തുമുള്ള ഉദ്യോഗാര്‍ത്ഥികളോട് നിങ്ങളുടെ അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ എവിടെയെന്ന് ചോദിക്കുമ്പോള്‍ അങ്ങ്‌ദൂരെ കോട്ടയത്താണെന്ന് പറയേണ്ട ഗതികേടില്‍നിന്നും മോചനമുണ്ടാകുമെന്നുള്ളപ്രതീക്ഷയും തെറ്റി.
ശബരി റെയില്‍ പദ്ധതി വിഭാവനം ചെയ്‌ത സമയത്ത് പാലാ നഗരപ്രദേശമായ കിഴതടിയൂര്‍ ഭാഗത്ത് റെയില്‍വേസ്‌റ്റേഷനും അംഗീകരിച്ചിരുന്നു. പാലാ ബസ്‌സ്‌റ്റേഷനില്‍ നിന്നും 500മീറ്റര്‍ അകലെ. ഏത് രാത്രിയിലും വന്നിറങ്ങുകയുംപോവുകയും ചെയ്യാവുന്ന സുരക്ഷിത ഇടം. ഏത് മേഖയിലേക്കും ഗതാഗത സൗകര്യങ്ങളും ലഭ്യം.
ഒരു കാരണവശാലും റെയില്‍ പാളം നഗരത്തില്‍ പാടില്ലന്ന ചിലരുടെ നിര്‍ബന്ധബുദ്ധിയാണ് നഗരത്തില്‍നിന്ന് പാതയും സ്‌റ്റേഷനും ഒഴിഞ്ഞുപോവാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. പദ്ധതിയുടെ തുടക്കത്തില്‍ പിഴക്, പാലാ ടൗണ്‍, ഈരാറ്റുപേട്ട, ചെമ്മലമറ്റം, െപാന്‍കുന്നം എന്നിവിടങ്ങളിലായിരുന്നു നിര്‍ദിഷ്‌ട സ്‌റ്റേഷനുകള്‍. പുതിയ രൂപരേഖപ്രകാരം പിഴക്, മേലമ്പാറ, ചെമ്മലമറ്റം, പാറത്തോട് എന്നിവിടങ്ങളിലായിരിക്കും സ്‌റ്റേഷനുകള്‍.
ഇവയെല്ലാം യാത്രാസൗകര്യങ്ങള്‍ പരിമിതമായതും യാത്രക്കാര്‍ കുറവാകുന്നതുമായ ഗ്രാമീണ മേഖലകളും. പൊന്‍കുന്നം ടൗണില്‍നിന്ന് ഏറെ ദൂരെ പാറത്തോട്ടിലേക്ക് സ്‌റ്റേഷന്‍ മാറുന്നതോടെ ദേശീയപാതയിലുള്‍പ്പടെയുള്ള മികച്ച യാത്രാസൗകര്യങ്ങള്‍ ട്രെയിന്‍യാത്രക്കാര്‍ക്ക് അന്യമാവും.
പൊന്‍കുന്നം ടൗണില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയാണ് പാറത്തോട് സ്‌റ്റേഷന്‍. നിലവിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഏറ്റുമാനൂര്‍കാര്‍ക്കുപോലും പ്രയോജനമില്ലെന്നുവന്നതു ബോദ്ധ്യപ്പെട്ടത് അടുത്തകാലത്താണ്.
ഇതേത്തുടര്‍ന്നാണ് റയില്‍വെസ്‌റ്റേഷന്‍ അതിരമ്പുഴ റോഡിനോടടുത്ത് സ്‌ഥാപിക്കുവാന്‍ അധികൃതര്‍ തയാറായതെന്നതും ശ്രദ്ധേയമാണ്. പാലായില്‍ റെയില്‍വേസ്‌റ്റേഷന്‍ നഷ്‌ടമാക്കുന്നത് ഭാവിതലമുറയോടുള്ള കടുംകൈയാകുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാമെന്നുള്ള സൗകര്യവും പാലാക്കാര്‍ക്ക് സ്വപ്‌നമായി അവശേഷിക്കും.
കുറഞ്ഞ സമയത്തിനുള്ളില്‍ സീസണ്‍ ടിക്കറ്റ് സൗകര്യം ഉപയോഗിച്ച് നാമമാത്ര തുക നല്‍കി യാത്ര ചെയ്യാനുള്ള അവസരമാണ് സ്‌റ്റേഷന്‍ അകലുന്നതോടെ പാലാക്കാരില്‍നിന്ന് അകലുന്നത്.
റെയില്‍വേയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നല്ല വില ലഭിക്കുന്നതിനോടൊപ്പം ഭൂമി നല്‍കുന്നവര്‍ക്ക് തൊഴിലും നല്‍കുന്ന പദ്ധതിയുണ്ട്. പക്ഷെ കേരളത്തില്‍ ആര്‍ക്കും ഇത്തരത്തില്‍ ജോലി ലഭിച്ചിട്ടില്ല. ഇങ്ങനെയൊരാവശ്യം കേരളം ഇതുവരെ ഉന്നയിച്ചിട്ടുമില്ല. ഇത് നേടിയെടുക്കുവാനുള്ള ഇച്‌ഛാശക്‌തികൂടി ഭറണാധികാരികള്‍ കാണിച്ചാല്‍ അത് തൊഴിലില്ലാത്ത ഒട്ടേറെ ചെറുപ്പക്കാര്‍ക്ക് ഗുണകരമാവും. നിലവില്‍ ശബരി പാതയ്‌ക്കായി തൊടുപുഴ റോഡില്‍ പിഴക് ജംഗ്‌ഷന്‍ വരെ കല്ലിട്ടിട്ടുണ്ട്.
പിഴക് സ്‌റ്റേഷന് രാമപുരം എന്നാണ് പേര്. ഇത് നിലവിലുള്ള റോഡിനോട് ചേര്‍ന്നുമാണ്. ഇവിടെ റോഡ് മാറ്റി പണിയേണ്ടിവരും. രാമപുരം, വെള്ളിലാപ്പിള്ളി, കടനാട് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്.
എതിര്‍പ്പ് ചൂണ്ടിക്കാട്ടി റവന്യൂവിഭാഗം പിന്തിരിഞ്ഞതോടെയാണ് തുടര്‍ നടപടികള്‍ നിലച്ചത്. ഏതാനും വര്‍ഷം മുമ്പ് കരൂര്‍ പഞ്ചായത്തിലെ അന്തീനാട് മുതല്‍ മേലമ്പാറ വരെ മുന്‍ ലൈന്‍ മാറ്റി സര്‍വ്വേ നടത്തിയിരുന്നു. അന്തീനാട്ടില്‍നിന്ന് പാലാ ടൗണ്‍ ഭാഗത്തേയ്‌ക്കുള്ള ലൈനാണ് മാറ്റി സര്‍വ്വേ ചെയ്‌തിരിക്കുന്നത്. മേലമ്പാറ സ്‌റ്റേഷന്‍ ഭരണങ്ങാനം എന്ന പേരിലാവും അറിയപ്പെടുക.
ഈ ഗ്രാമീണ സ്‌റ്റേഷന്‍ പാലാ മേഖലയിലുള്ളവര്‍ക്ക് കാര്യമായി പ്രയോജനപ്പെടുകയില്ല. മേലമ്പാറയില്‍ എത്തിച്ചേരുവാനും തിരികെ വരാനും ഓട്ടോയോ, ടാക്‌സിയോ വിളിക്കേണ്ടിവരുന്നത് ചിലവ് കൂട്ടും. പാലായും പൊന്‍കുന്നവും ഒഴിവാക്കപ്പെടുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ടായേക്കും. തൃശൂര്‍, പാലക്കാട് കണ്ണൂര്‍ യാത്രക്കാര്‍ ഏറെയും ഈ മേഖലയില്‍നിന്നുണ്ടുതാനും.