കൃഷിയിലൂടെ സ്വഭാവരൂപീകരണം സാധ്യമാക്കി ലോകത്തിന് മാതൃകയാണ് ഈ സ്‌കൂൾ
കാഞ്ഞിരപ്പള്ളി : കുട്ടികളിലെ സ്വഭാവരൂപീകരണത്തിന് കൃഷി പരിശീലനം നല്കുന്ന ഒരു നഴ്സറി സ്‌കൂൾ നമുക്കുണ്ട് . മൂന്ന് വയസ്സുമുതൽ അഞ്ചര വയസ്സുവരെയുള്ള ഇരുപത്തി അഞ്ചോളം കുട്ടികൾ ആദ്യാക്ഷരം മുതൽ പഠിക്കുന്ന കാഞ്ഞിരപ്പള്ളി പാലമ്പ്ര സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂളാണ് വേറിട്ടൊരു പാഠ്യപദ്ധതിയുമായി നാടിന് മാതൃകയാകുന്നത് . സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ നഴ്സറി സ്‌കൂൾ നടത്തുന്നത്, 1973 -ൽ കാഞ്ഞിരപ്പള്ളി പാലമ്പ്രയിൽ സ്ഥാപിതമായ സെന്റ് തോമസ് കോൺവെന്റിലെ DST സിസ്റ്റേഴ്സ് ആണ് .
മാമ്പഴത്തിൽ വിറ്റാമിൻ സി മാത്രമല്ല വിറ്റാമിൻ എയും ഉണ്ടെന്ന് ഈ സ്‌കൂളിലെ അഞ്ചുവയസ്സുകാരി നിസ്സംശയം നമുക്ക് പറഞ്ഞുതരും . ഇതൊന്നുമറിയാത്ത തലമുറയാവരുത് ഇവിടെനിന്നു പഠിച്ചു പുറത്തിറങ്ങുന്നത് എന്ന നിർബന്ധമുണ്ട് സ്കൂൾ മാനേജ്മെന്റിന്.
ഓരോ കുട്ടിയും , സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എന്തെങ്കിലും കൃഷി ചെയ്യണമെന്ന് നിർബന്ധമുണ്ട്. കൃഷിത്തോട്ടം ഇല്ലാത്ത വീടുകളിൽ കുട്ടികൾ ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നു. വിത്ത് പാകുന്നത് മുതൽ, ചെടി കിളിർക്കുന്നതും, പൂവും , ഫലങ്ങളും ഉണ്ടാകുന്നതും ഫോട്ടോയിലും, വീഡിയോയിലും ആക്കി മാതാപിതാക്കൾ സന്തോഷത്തോടെ ടീച്ചർമാർക്ക് അയച്ചുകൊടുക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും ഏറെ സന്തോഷമാണ് . ടീച്ചർമാർ വീടുകളിൽ ചെന്ന് കുട്ടികൾക്ക് വേണ്ടുന്ന മാർഗ നിർദേശം നൽകുന്നു.
കഴിഞ്ഞ ദിവസം , സ്‌കൂളിൽ ” ഗാർഡൻ ഗാല 2k24″ എന്ന പേരിൽ , പ്രധാനമായും വീട്ടിൽ കൃഷി ചെയ്ത ചെടികളുടെയും ഫലങ്ങളുടെയും പ്രദർശനം നടത്തി . കുട്ടികൾ ഗ്രോ ബാഗുകളിൽ നട്ടുവളർത്തുന്ന ചെടികളുടെയും , വൃക്ഷങ്ങളുടെയും, ഒപ്പം വിവിധ പച്ചക്കറികളുടെയും , പഴങ്ങളുടെയും കായ്കനികളുടെയും പ്രദർശനമാണ് നടന്നത് . സന്ദർശകൾക്ക് ഓരോ ചെടികളുടെയും , പച്ചക്കറികളുടെയും , പഴങ്ങളുടെയും വിശേഷങ്ങൾ കൊച്ചുകുട്ടികൾ വിവരിച്ചു കൊടുത്തു .
കൃഷി മുന്നേറിയപ്പോൾത്തന്നെ കൃഷിക്കൊപ്പമോ അതിലേറെയോ ശ്രദ്ധ, കൃഷിയിലൂടെ കൈവരുന്ന സ്വഭാവ രൂപീകരണത്തിനു നൽകി എന്നതാണ് ഈ കൊച്ചു നഴ്സറി സ്കൂളിനെ വ്യത്യസ്തമാക്കുന്നത്. കൃഷിപരിശീലനം വഴി അച്ചടക്കവും അധ്വാനശീലവും വിദ്യാർഥികളിൽ വളർത്താനുള്ള ശ്രമം കുറഞ്ഞ കാലംകൊണ്ടുതന്നെ ഫലം കണ്ടുവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബിൻസി പറഞ്ഞു . ക്ലാസിനകത്തും പുറത്തും കുട്ടികളുടെ അച്ചടക്കവും ഒൗചിത്യബോധവും വർധിച്ചു. മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കുവാനും, ബഹുമാനിക്കുവാനും കുട്ടികൾ പഠിച്ചു .
കൃഷി രീതികൾ കാണുവാനും പഠിക്കാനുമായി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഒപ്പം യാത്ര പോകുന്നു. പച്ചക്കറിക്കൃഷിയും പശുത്തൊഴുത്തും തേനീച്ച വളർത്തലുമെല്ലാം കൃഷിയിടത്തിൽനിന്നുതന്നെ ചെറുപ്രായത്തിൽ തന്നെ പരിചയിക്കുന്നു ഈ സ്‌കൂളിലെ വിദ്യാർഥികൾ.
നിലവിൽ കുട്ടികൾ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ അവരവരുടെ വീടുകളിലാണ് കൃഷി ചെയ്യുന്നത്. എന്നാൽ സ്‌കൂളിൽ കുട്ടികൾക്കുവേണ്ടി മാതൃക കൃഷിത്തോട്ടം ഉണ്ടാക്കുവാനുള്ള പരിശ്രമത്തിലാണ് മാനേജ്‌മന്റ് . ഒഴിവുസമയങ്ങൾ കൂട്ടുകാരുമായി ചേർന്ന് കൃഷിയിടത്തിൽ ചെലവിടുന്നതു വഴി കുട്ടികളിലെ അധിക ഊർജം ഗുണപരമായി വിനിയോഗിക്കാൻ കഴിയുമെന്ന് സിസ്റ്റർ ബിൻസി പറയുന്നു.
തങ്ങളുടെ കൊച്ചുകുഞ്ഞുങ്ങളെ വീട്ടിൽ ഏൽപ്പിച്ച് , വിദേശത്തു ജോലി ചെയ്യുന്ന പല മാതാപിതാക്കൾക്കും, സ്‌കൂളിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ സന്തോഷവും ആശ്വാസവും നൽകുന്നുണ്ട്. അതിനാൽ തന്നെ, സ്‌കൂൾ ആനിവേഴ്സറി ഉൾപ്പെടെ , വിവിധ ആഘോഷങ്ങൾ തങ്ങൾക്ക് കൂടി കാണുവാനായി, ഓൺലൈൻ ആയി സംപ്രേഷണം ചെയ്യുവാൻ അവർ ആവശ്യപ്പെടാറുണ്ട് .
ലക്ഷ്യബോധമില്ലാതെ വളരുന്ന കുട്ടികൾ, വലുതാകുമ്പോൾ ലഹരിപോലുള്ള ദുശ്ശീലങ്ങളിലേക്കും മോശം കൂട്ടുകെട്ടുകളിലേക്കും എത്തിപെടുവാനുള്ള സാധ്യത ഏറെയാണ്. മൊബൈൽ ഗെയിംസിൽ അഡിക്ക്റ്റ് ആയ കുട്ടികൾ വളരെ വേഗം ഡിപ്രഷനിലക്ക് മാറുന്നതും സാധാരണമായികൊണ്ടിരിക്കുന്നു . അതിൽ നിന്നും രക്ഷ നേടുവാൻ വളരെ വേദനയോടെ മാതാപിതാക്കൾ തങ്ങളുടെ പൊന്നോമനകളെ ഡീഅഡിക്ഷൻ സെന്ററിൽ എത്തിക്കുന്ന കാഴ്ചകൾ ആരെയും നൊമ്പരപെടുത്തും .
അത്തരം ദുരന്തങ്ങളിൽ പെടാതിരിക്കുവാൻ , ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് നല്ല ശിക്ഷണവും ലക്ഷ്യബോധവും നൽകി വളർത്തേണ്ടത് ഈ സമൂഹത്തിന്റെ ആവശ്യമാണ്. അതിനാൽ തന്നെ , സ്‌കൂളിന്റെ ഈ പ്രത്യേക പാഠ്യപദ്ധതിൽ പൂർണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട് .
കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുവാൻ , വളരെ ചെറിയ പ്രായത്തിൽ തന്നെ കുഞ്ഞുങ്ങളുടെ കൈകളിലേക്ക് മൊബൈൽ ഫോൺ വച്ചുകൊടുക്കുന്ന പുതുതലമുറ മാതാപിതാക്കൾ നിരവധിയാണ്. അത്തരം പ്രവർത്തികളിലൂടെ സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിയാണ് നശിപ്പിക്കപ്പെടുന്നത് എന്നവർ അറിയുന്നില്ല. അത്തരം മാതാപിതാക്കൾക്ക് ശരിയയായ വഴി കാണിച്ചുകൊടുക്കുകയാണ് പാലമ്പ്ര സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂളിലെ കുട്ടികളും, മാനേജ്മെന്റും , ഒപ്പം രക്ഷിതാക്കളും .