എരുമേലി കെഎസ്ആർടിസി. സെന്ററിൽ നിന്നും
പമ്പ സ്പെഷ്യൽ സർവീസിൽ വരുമാനം രണ്ടര കോടിയോളം..
എരുമേലി : രണ്ടര കോടിയോളം രൂപ നേടി പമ്പ സ്പെഷ്യൽ സർവീസിൽ എരുമേലിയിലെ കെഎസ്ആർടിസി സെന്റർ. ശബരിമല സീസണിൽ ഏറ്റവും കൂടിയ കളക്ഷൻ ആണ് ഇത്തവണ നേടിയത്. കഴിഞ്ഞ സീസണിൽ ലഭിച്ചതിനേക്കാൾ 71 ലക്ഷത്തോളം രൂപയാണ് ഇത്തവണ അധികമായി നേടിയത്. ഇത്തവണ മൊത്തം കളക്ഷൻ 2,34,42065 രൂപയാണ്. മകരവിളക്ക് സീസണിൽ 9156756 രൂപ വരുമാനം നേടി.
ഈ സീസണിൽ എരുമേലി സെന്ററിൽ നിന്നും മണ്ഡലകാലത്ത് 172484 പേരും മകരവിളക്ക് സീസണിൽ 105846 പേരും യാത്ര ചെയ്തു. മണ്ഡലകാലത്ത് 15 ബസുകളും മകരവിളക്ക് സീസണിൽ 17 ബസുകളുമാണ് സർവീസ് നടത്തിയത്. മണ്ഡലകാലത്ത് 3308 ട്രിപ്പുകളും മകരവിളക്കിൽ 1980 ട്രിപ്പുകളും നടത്തി. മണ്ഡലകാലത്ത് 155172 കിലോമീറ്ററും മകരവിളക്കിൽ 96057 കിലോമീറ്ററും സർവീസ് നടത്തി.
ഇത്തവണ സീസണിലെ ഏറ്റവും വലിയ ഗതാഗത കുരുക്ക് ആണ് മണ്ഡലകാലത്ത് അനുഭവപ്പെട്ടത്. മകരവിളക്ക് സീസണിൽ തിരക്ക് കുറഞ്ഞിരുന്നു. മണ്ഡലകാലത്ത് ഗതാഗത തിരക്ക് ഇല്ലായിരുന്നു എങ്കിൽ കളക്ഷൻ ഇതിലും ഏറെ വർധിക്കുമായിരുന്നു.
പരിമിതമായ സൗകര്യങ്ങളായിരുന്നു സെന്ററിൽ ജീവനക്കാർക്കും യാത്രക്കാർക്കുമുണ്ടായിരുന്നത്. ഇത് മറികടന്ന് മികച്ച വരുമാനത്തിലേക്ക് എത്തിച്ചത് ജീവനക്കാരുടെ കൂട്ടായ ശ്രമം കൊണ്ടാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മികച്ച വരുമാനം നേടാൻ സഹായിച്ച ജീവനക്കാരെ എടിഒ മാരായ എ ടി ഷിബു, കെ പി ഷിബു, എരുമേലി സെന്റർ ചാർജ് ഓഫിസർ കെ ഷാജി എന്നിവർ അനുമോദിച്ചു.