പോസ്റ്റ് മോർട്ടം റിപ്പോർട്ട് : റിമാൻഡിൽ ഇരിക്കവേ മരണപ്പെട്ട ഷെഫീഖിന്റെ മരണകാരണം തലയ്ക്കേറ്റ പരുക്കും രക്തസ്രാവവും
കാഞ്ഞിരപ്പള്ളി : തലയ്ക്കേറ്റ പരുക്കും അതുവഴിയുണ്ടായ രക്തസ്രാവവുമാണ് റിമാൻഡ് തടവുകാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ടി.എച്ച്. ഷെഫീഖിന്റെ മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ കാര്യമായ മുറിവുകൾ ഇല്ല. എന്നാൽ തലയിലെ പരുക്ക് ഗുരുതരമാണ്. മരണത്തിന് ഇടയാക്കാവുന്നതുമാണ്. ഫൊറൻസിക് വകുപ്പ് മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർണക്കമ്മലും തട്ടിയെടുത്ത കേസിലാണ് ഷെഫീഖിനെ തിങ്കളാഴ്ച ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറന്റീൻ സെന്ററിൽ പാർപ്പിച്ചു. അപസ്മാരബാധയെത്തുടർന്നു ചൊവ്വാഴ്ച കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ച വൈകിട്ട് അബോധാവസ്ഥയിലാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് രക്തം കട്ടപിടിക്കാൻ കാരണമെന്നായിരുന്നു നിഗമനം.