എഡിജിപി എസ് . ശ്രീജിത്ത് പോലീസിന്റെ സ്‌നേഹക്കൂട് തുറന്നുകൊടുത്തു .. ഓമനയ്ക്കും മക്കൾക്കും സുരക്ഷിതമായി വസിക്കുവാൻ വീടായി..

മുക്കൂട്ടുതറ : കാക്കിയുള്ളിൽ കർശനഭാവം മാത്രമല്ല, ആർദ്രമായ ഒരു ഹൃദയം കൂടിയുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് എരുമേലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ . എരുമേലി പോലീസ് മുൻകൈയെടുത്ത്, പൊതുജനപങ്കാളിത്തത്തോടെ നിർമ്മിച്ച വീടിനുളിലേക്ക്, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ്‌ കുമാർ, ജനമൈത്രി കോട്ടയം ഡിവൈഎസ്പി വിനോദ് പിള്ള എന്നിവർക്കൊപ്പം എഡിജിപി എസ്സ് .ശ്രീജിത്ത് നാടമുറിച്ച് വലതുകാൽ വച്ചുകയറിയപ്പോൾ, മൂന്ന് പെൺമക്കളെയും ചേർത്തുപിടിച്ചുകൊണ്ടു നിന്നിരുന്ന, ഇനിമുതൽ ആ വീടിന്റെ നാഥയായ ഓമനയുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു വീണു

മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമന, മക്കളായ രജനി, മഞ്ജു, മല്ലിക എന്നിവരുൾപ്പെട്ട നിർധന കുടുംബത്തിന് പോലീസും നാട്ടുകാരും ചേർന്ന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും നിർവഹിച്ച ശേഷം എഡിജിപി എസ്സ് .ശ്രീജിത്ത് നടത്തിയ പ്രസംഗം ഏറെ ചിന്തോദ്വീപകമായിരുന്നു . ഇല്ലാത്തവർക്ക് ഉള്ളവർ കൊടുക്കുന്നത്, അവരുടെ ഔദാര്യമല്ല, ഇല്ലാത്തവരുടെ അവകാശമാണ് എന്നദ്ദേഹം സമർഥിച്ചു . ഉള്ളവർ കൂടുതൽ എടുക്കുന്നതുകൊണ്ടാണ്, സമൂഹത്തിൽ ഇല്ലാത്തവർ ദുരിതം അനുഭവിക്കുന്നത്. അതിനാൽ ഇത്തരത്തിൽ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ സമൂഹത്തിന്റെ കടമയായാണ് കാണേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .

ജനമൈത്രി പദ്ധതിയുടെ ഭാഗമായി സിവിൽ പോലിസ് ഓഫിസർമാരായ കെ എസ് ഷാജി, സബീർ മുഹമ്മദ്‌ എന്നിവർ മുട്ടപ്പളളി ഭാഗത്ത് ഭവന സന്ദർശനം നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക് മറച്ച ചെറിയ ഷെഡിൽ ഒരു വാതിൽ പോലുമില്ലാതെ, യാതൊരു സുരക്ഷയുമില്ലാത്ത വീട്ടിൽ, ഒരമ്മയും, മൂന്ന് പെൺമക്കളും ഉൾപ്പെട്ട നിർധന കുടുംബത്തെ കണ്ടുമുട്ടിയത് . അവർക്ക് ഒരു വീടുവച്ചുകൊടുക്കുവൻ ശ്രമിക്കണം എന്ന ദൃഢനിശ്ച്ചയത്തോടെയാണ് ആ പോലീസുകാർ അന്നവിടെനിന്നും മടങ്ങിയത് .

സ്റ്റേഷനിൽ എത്തി ആ കുടുബത്തിന്റെ ദയനീയാവസ്ഥ അറിയിച്ചപ്പോൾ, മേലുദ്യോഗസ്ഥർ ഉടൻതന്നെ ആ സ്ഥലം സന്ദർശിക്കുകയും, ഒരു വീട് വച്ചുകൊടുക്കുവാൻ തീരുമാനിക്കുകയും ആയിരുന്നു. സഹായത്തിനായി വിവിധ സുമനസ്സുകൾ ഒന്നിച്ചപ്പോൾ വീടിന്റെ നിർമ്മാണം . തുടങ്ങുവാനായി

അങ്ങനെ തുടങ്ങിയ വീട് നിർമാണ ജനകീയ കമ്മറ്റിയിലേക്ക് നാടിന്റെ സഹായങ്ങൾ പ്രവഹിച്ചതോടെ പതിനൊന്നു ലക്ഷത്തോളം രൂപ ചെലവിട്ട് നിർമാണം നടത്തുകയായിരുന്നു. വീടിന്റെ നിർമ്മണത്തിന്റെ തൊണ്ണൂറുശതമാനവും സുമനസ്സുകൾ നിർമ്മാണ സാമഗ്രികളായി എത്തിച്ചുനൽകുകയായിരുന്നു. പത്തുശതമാനം മാത്രമാണ് പണമായി സ്വരൂപിച്ചത് . മേൽത്തരം നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത് .

വ്യാഴാഴ്ച നടന്ന താക്കോൽദാന ചടങ്ങിൽ വീട് നിർമാണത്തിന് സഹായങ്ങൾ ചൊരിഞ്ഞവരെ പോലിസ് ഉദ്യോഗസ്ഥർ ആദരിച്ചു. ജില്ലാ പോലിസ് മേധാവി ജി ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ്‌ കുമാർ, ജനമൈത്രി കോട്ടയം ഡിവൈഎസ്പി വിനോദ് പിള്ള, എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സജീവ് ചെറിയാൻ, എസ് ഐ ഷമീർ ഖാൻ, പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വാർഡ് അംഗം എം എസ് സതീഷ്, എസ് ഐ മാരായ സതീഷ്, അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!