അങ്കണവാടിയുടെ സ്ഥലം സ്വകാര്യ വ്യക്തിക്ക്; കേസിൽ പഞ്ചായത്ത് കക്ഷിചേരും
എരുമേലി ∙ മണിപ്പുഴയിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് അങ്കണവാടിയുടെ സ്ഥലം സ്വകാര്യ വ്യക്തിയുടെ ആധാരത്തിൽ ഉൾപ്പെട്ട സംഭവത്തിൽ പഞ്ചായത്ത് കേസ ിൽ കക്ഷിചേരാൻ അടിയന്തര കമ്മിറ്റി തീരുമാനം എടുത്തു. പഞ്ചായത്ത് അംഗം നാസർ പനച്ചി തർക്കവസ്തുവിൽ കയറുന്നതിനെതിരെ എതിർ കക്ഷി സ്വീകരിച്ച നിയമ നടപടിയിലും പഞ്ചായത്ത് ഇടപെട്ട് കേസ് ഏറ്റെടുത്ത് നടത്തും. വില്ലേജ് രേഖകൾ വിശദമായി പരിശോധിക്കുകയും അങ്കണവാടിയുടെ പേരിലുള്ള സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈവശം എങ്ങനെ എത്തി എന്നത് കണ്ടെത്തി തിരിച്ചുപിടിക്കാനും നടപടി സ്വീകരിക്കും. അങ്കണവാടിയുടെ സ്ഥലം കൈവശം ഇരിക്കുന്ന കുടുംബം സ്ഥലം കയ്യേറി എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനും കമ്മിറ്റി തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ബിനോയി ഇലവുങ്കൽ അറിയിച്ചു. മണിപ്പുഴയിൽ ശബരിമല പാതയോടു ചേർന്ന് അര നൂറ്റാണ്ടായി പ്രവർത്തിച്ചിരുന്ന അങ്കണവാടിയുടെ സ്ഥലമാണ് ഇതിനോടു ചേർന്നുള്ള വസ്തു ഉടമയുടെ പേരിൽ ആയത്. പുതിയ അങ്കണവാടി കെട്ടിടം നിർമിക്കുന്നതിനുവേണ്ടി നടപടികൾ തുടങ്ങിയപ്പോഴാണ് റവന്യു രേഖകൾ പ്രകാരം സ്ഥലം സമീപവാസിയുടെ പേരിലാണെന്നു കണ്ടെത്തിയത്. തുടർന്നാണ് സ്ഥലം കൈവശം ഇരിക്കുന്ന വ്യക്തി പഞ്ചായത്ത് അംഗത്തിന് എതിരെയും അങ്കണവാടി ജീവനക്കാർക്ക് എതിരെയും കേസ് കൊടുത്തത്.