എരുമേലിയിൽ അഗ്നിരക്ഷാസേനാ യൂണിറ്റ് ഫയലിൽ കുരുങ്ങി

എരുമേലി ∙ മലയോര മേഖലയിൽ തീപിടിത്തങ്ങൾ ആവർത്തിക്കുമ്പോഴും എരുമേലിയിൽ അഗ്നിരക്ഷാസേനാ യൂണിറ്റ് തുടങ്ങാനുള്ള നടപടികൾ എങ്ങും എത്തിയില്ല. 2015 ൽ ആണ് എരുമേലിയിൽ അഗ്നിരക്ഷാസേനാ യൂണിറ്റ് അനുവദിച്ചത്. തീർഥാടന മേഖലയുടെ പ്രാധാന്യവും കാഞ്ഞിരപ്പള്ളി, റാന്നി എന്നീ സ്ഥലങ്ങളിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്താണ് ജില്ലയിലെ പുതിയ 5 അഗ്നിരക്ഷാസേനാ യൂണിറ്റ് അനുവദിച്ചപ്പോൾ എരുമേലിയിലും അഗ്നിരക്ഷാ യൂണിറ്റിന് അനുമതിയായത്.

സ്ഥലം പ്രതിസന്ധി

∙ അഗ്നിരക്ഷാ യൂണിറ്റിനു സ്ഥലം കണ്ടെത്താൻ ഉള്ള ബുദ്ധിമുട്ടായിരുന്നു തുടക്കം മുതൽ പ്രതിസന്ധിയുണ്ടാക്കിയത്. പഞ്ചായത്ത് പല സ്ഥലങ്ങൾ കാണിച്ചെങ്കിലും ഓരോ തടസ്സങ്ങൾ ഉണ്ടായി. എറ്റവും അവസാനം ഒരു വർഷത്തിനു മുൻപ് ഓരുങ്കൽക്കടവിൽ അഗ്നിരക്ഷാ ഓഫിസ് ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്തുകയും അളന്നു തിട്ടപ്പെടുത്തുന്നതിനു റവന്യു വകുപ്പിന് കൈമാറുകയും ചെയ്തു. 10 മാസം മുൻ റവന്യു വകുപ്പ് 52 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിനു സ്കെച്ചും പ്ലാനും അടക്കം റിപ്പോർട്ട് നൽകി. സ്ഥലം അഗ്നിരക്ഷാ സേനയ്ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങളും ഭാഗമായി ഈ സ്ഥലം സംബന്ധിച്ച ഫയൽ പഞ്ചായത്ത് ഡയറക്ടറേറ്റിലേക്ക് കൈമാറി. ഇവിടെ നിന്ന് നടപടികൾ മുന്നോട്ടു പോയിട്ടില്ല. പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നും ഇത് സംബന്ധിച്ച ഫയൽ അഗ്നിരക്ഷാസേനയ്ക്കു കൈമാറി സ്ഥലം വിട്ടു നൽകുമ്പോൾ മാത്രമാണ് അഗ്നിരക്ഷാ സേനയ്ക്ക് യൂണിറ്റ് ആരംഭിക്കുന്ന നടപടികൾ തുടങ്ങാൻ കഴിയും.

2 ആഴ്ച ; 15 തീ പിടിത്തം

∙ 2 ആഴ്ചക്കുള്ളിൽ എരുമേലിയിലും പരിസരങ്ങളിലുമായി ചെറുതും വലുതുമായ 15 തീപിടിത്തങ്ങളാണു ഉണ്ടായത്. മുക്കൂട്ടുതറ മാത്രം മൂന്ന് സ്ഥലങ്ങളിലാണ് തീ പടർന്നത്. കണമലയിൽ 4 കുടുംബങ്ങളുടെ 7 ഏക്കർ സ്ഥലത്താണ് തീപിടിച്ച് കത്തി നശിച്ചത്. തുമരംപാറ മേഖലയിൽ 2 തീപിടിത്തമാണ് സമീപ ദിവസങ്ങളിൽ ഉണ്ടായത്. ആമക്കുന്നിലും ഒന്നര ഏക്കർ സ്ഥലത്ത് തീപിടിത്തം ഉണ്ടായി. ഇവിടെ മാത്രം 2 തീപിടിത്തങ്ങൾ സമീപ ദിവസങ്ങളിൽ ഉണ്ടായി. വനാതിർത്തികളിൽ കാട്ടുതീ പടരാനുള്ള സാധ്യതയും നിലവിലുണ്ട്. മലയോര മേഖലയിൽ പെരിയാർ ടൈഗർ റിസർവ് അടക്കമുള്ള വനമേഖല ആയതിനാൽ വലിയ കാട്ടുതീ പടർന്നാൽ തടയാൻ അഗ്നിരക്ഷാസേനയുടെ സാന്നിധ്യം വേണം. വനമേഖലയിലെ റോഡിൽ എല്ലാ സമയവും മരങ്ങൾ വീണ് ഉണ്ടാകുന്ന മാർഗ തടസ്സങ്ങൾ നീക്കാനും അഗ്നിരക്ഷാ സേനയുടെ സേവനം വേണം.

അഗ്നിരക്ഷാസേന കിലോ മീറ്ററുകൾക്ക്

അപ്പുറം

∙ എല്ലാ മണ്ഡല മകരവിളക്ക് കാലങ്ങളിലും അഗ്നിരക്ഷാസേനയുടെ താൽക്കാലിക യൂണിറ്റ് എരുമേലിയിൽ പ്രവർത്തിക്കാറുണ്ട്. അല്ലാത്ത സമയങ്ങളിൽ 15 കിലോ മീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളിയിൽ നിന്നോ 22 കിലോ മീറ്റർ അകലെയുള്ള റാന്നിയിൽ നിന്നോ വേണം എത്താൻ. ഇത്രയും ദൂരം ഓടിയെത്താനുളള സമയം നഷ്ടം കൊണ്ട് വലിയ അപകടങ്ങൾ ഉണ്ടാകാം. അതിനാൽ എരുമേലിയിൽ എത്രയും വേഗം അഗ്നിരക്ഷാ സേനയുടെ യൂണിറ്റ് തുടങ്ങണമെന്നാണ് ആവശ്യം

error: Content is protected !!