എരുമേലി തുമരംപാറയിൽ പുലിയും, കാട്ടുപോത്തും. കാട്ടുപന്നിയും .. ഭീതിയിൽ പ്രദേശവാസികൾ ..
എരുമേലി : വന്യ ജീവികളുടെ വിളയാട്ടം തുടർച്ചയായി മാറിയതോടെ എരുമേലിയിലെ വനാതിർത്തി മേഖലയിൽ ഭീതി വർധിക്കുന്നു. തുമരംപാറ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകരിൽ ചിലർ പുലിയെ കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പ്രദേശമാകെ പരിഭ്രാന്തിയിലായി
പുലിയെ കണ്ടെന്ന് നാട്ടുകാർ സംശയം പറഞ്ഞതിനെ തുടർന്ന് വനപാലകർ തിരച്ചിൽ നടത്തി പുലി അല്ലെന്ന് സ്ഥിരീകരിച്ച് മടങ്ങിയപ്പോൾ കാട്ടുപോത്തിനെ കണ്ട ഭീതിയിലായി നാട്. എരുമേലിയിൽ തുമരംപാറ കൊപ്പം ഭാഗത്ത് വനാതിർത്തിയിലാണ് വലുപ്പമേറിയ കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. ബഹളം വെച്ച് നാട്ടുകാർ കാട്ടുപോത്തിനെ തുരത്തിയെങ്കിലും എപ്പോൾ വേണമെങ്കിലും വീണ്ടും നാട്ടിൽ എത്തിയേക്കാമെന്ന ഭീതിയിലാണ് മിക്കവരും.
കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് പുലിയെ ഈ പ്രദേശത്ത് കണ്ടതായി സംശയം ഉയർന്നത്. ഇതേ സമയത്ത് മൂക്കൻപെട്ടി പ്രദേശങ്ങളിൽ കാട്ടുപോത്ത് നിരവധി വീടുകൾക്ക് സമീപം എത്തിയിരുന്നു. കണമലയിൽ കഴിഞ്ഞ വർഷം മെയ് 19 ന് രണ്ട് കർഷകർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കാട്ടുപോത്ത് നാട്ടിൽ ഇറങ്ങുന്നത് നാട്ടുകാരിൽ വ്യാപകമായി ഭീതി വർധിപ്പിച്ചൊരിക്കുകയാണ്. വനം വകുപ്പിന്റെ ഭാഗത്ത് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ച് വന്യ മൃഗങ്ങൾ ഇറങ്ങുന്നത് തടയണമെന്ന ആവശ്യം മേഖലയിൽ ശക്തമായി.
തുമരംപാറ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നികൂട്ടത്തെ കണ്ടെത്തിയിരുന്നു. 25 ഓളം പന്നികൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതാണ് കണ്ടത്.
കഴിഞ്ഞയിടെ ഒട്ടേറെ പേരുടെ ആട്, നായ ഉൾപ്പടെ വളർത്തു മൃഗങ്ങൾ അജ്ഞാത ജീവിയുടെ ആക്രമിച്ചു കൊന്നതോടെ പുലി ആണെന്ന് സംശയം ശക്തമായിരുന്നു. ആനകളും പന്നികളും കാട്ടിൽ നിന്നും കൂട്ടത്തോടെ എത്തുന്നതിന് പിന്നാലെ പുലി ഉണ്ടെന്ന് ഭീതി കൂടി വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.