വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സ്വാഗതാര്‍ഹം : ഇൻഫാം

മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച നടപടി സ്വാഗതാര്‍ഹമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് അധ്യക്ഷനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നടപടി സ്വീകരിച്ച് ജില്ലാ സമിതിയുടെ സാധൂകരണം നേടിയാല്‍ മതിയാകുമെന്ന നിര്‍ദേശം മാനിച്ച് ക്രിയാത്മകമായ നടപടികള്‍ ഈ സമിതികള്‍ സ്വീകരിച്ചാല്‍ വന്യമൃഗാക്രമണം നിയന്ത്രിക്കുന്ന പ്രവൃത്തി കാര്യക്ഷമമാകുമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. വന്യമൃഗങ്ങളെ വനത്തിന്റെ കോര്‍സോണിനുള്ളില്‍ തന്നെ സൂക്ഷിക്കുന്നതിനുവേണ്ടി മന്ത്രിസഭ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വനംവകുപ്പ് കൃത്യമായി പാലിച്ചാല്‍ വന്യജീവി ആക്രമണങ്ങള്‍ മൂലം വലയുന്ന പൊതുജനത്തിനും കര്‍ഷകര്‍ക്കും അത് വലിയൊരു ആശ്വാസമാകുമെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പെണ്ണാപറമ്പില്‍, സെക്രട്ടറി സണ്ണി അഗസ്റ്റിന്‍, ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, ജോയി തെങ്ങുംകുടി, കെ.എസ്. മാത്യു മാമ്പറമ്പില്‍, സി.യു. ജോണ്‍, ജോസ് ഇടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!