വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സമാപിച്ചു.
പാരാഗ്ലൈഡർമാക്ക് ടോപ് ലാന്‍ഡിങ്ങ് ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ ഒരേയൊരു ഇടമായ വാഗമൺ ഹിൽസ്റ്റേഷനിൽ,
സാഹസികര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ഒരുക്കിയ വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സമാപിച്ചു . മാർച്ച് 14 മുതൽ 17 വരെയായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്.
പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, നേപ്പാള്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ, അന്തർദേശീയ-ദേശീയ- പ്രശസ്ത മത്സരാർത്ഥികളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നിന്നും തിരഞ്ഞെടുക്കപെട്ട 75 പേരാണ് ” സ്‌പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്‌പോട്ട് ” എന്ന വിഭാഗത്തില്‍ മത്സരിച്ചത് . വാശിയേറിയ മത്സരത്തിൽ സുശാന്ത് താക്കൂർ ഒന്നാം സമ്മാനം നേടിയപ്പോൾ, നേപ്പാളിൽ നിന്നുള്ള അമൻ ഥാപ്പ രണ്ടാം സ്ഥാനവും, ഏന്തയാർ സ്വദേശിയായ ജോബിൻ സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും നേടി.
വര്‍ഷങ്ങളായി വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഹിൽ സ്റ്റേഷനിൽ പാരാഗ്ലൈഡിങ് നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മത്സരമായി സംഘടിപ്പിച്ചത്. സമുദ്ര നിരപ്പിൽ നിന്ന് നാലായിരം മുതൽ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാർ വാഗമണ്ണിൽ പറന്നത്. വിവിധ രാജ്യങ്ങളിൽ നിന്നടക്കമുള്ള പൈലറ്റുമാർ പങ്കെടുത്ത സാഹസിക ഫെസ്റ്റിവൽ കാണാൻ വൻ ജനപ്രവാഹമായിരുന്നു. പാരാഗ്ലൈഡിങ് പൈലറ്റുമാരുടെ ആകാശത്തെ സാഹസിക വിസ്മയങ്ങൾ കാണികൾക്ക് ഹരമായി മാറിയിരുന്നു.
മന്ത്രി പി എ മുഹമ്മദ് റിയാസാണ് മേള ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന്, പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. പാരാഗ്ലൈഡർമാക്ക് ടോപ് ലാന്‍ഡിങ്ങ് ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ ഒരേയൊരു ഇടമാണ് വാഗമൺ ഹിൽസ്റ്റേഷൻ. ആദ്യ ഫെസ്റ്റിവലിന്റെ വൻ വിജയത്തോടെ, അടുത്ത വർഷം മുതൽ, കൂടുതൽ വിപുലമായി മത്സരം സംഘടിപ്പിക്കുവാനാണ് സംഘാടകരുടെ തീരുമാനം.