ലിബിന്റെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും ഭാര്യയും ..
എരുമേലി ∙ ശബരിമല പാതയിൽ മണിപ്പുഴ തൂങ്കുഴി ജംക്‌ഷനിൽ ബൈക്ക് അപകടത്തിൽ മരിച്ച മുക്കൂട്ടുതറ ഓലക്കുളം കുളമാൻകുഴി കെ.സി. ലിബിന്റെ (28) മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 2023 ഡിസംബർ 10 ന് രാത്രി 11 മണിയോടെയാണ് ബൈക്ക് അപകടത്തിൽ ലിബിനു പരുക്ക് ഏൽക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വെച്ചൂച്ചിറ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു ലിബിൻ. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു അപകടം.
അതുവഴി വന്ന മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരുക്കേറ്റ ലിബിനെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. പിന്നീട് ബന്ധുക്കൾ എത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പുലർച്ചയോടെ മരിച്ചത്.
ലിബിന്റെ മരണം യാത്രയ്ക്കിടെ ബൈക്ക് സ്വയം മറിഞ്ഞ് ഉണ്ടായതാണെന്നാണു അന്വേഷണം നടത്തിയ പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിൽ ഏറ്റ കനത്ത പരുക്കാണ് മരണകാരണമായി പറയുന്നത്. ലിബിൻ ധരിച്ചിരുന്ന ഹെൽമറ്റിനു പോലും കാര്യമായ പരുക്കില്ല. അതേ സമയം തലയ്ക്ക് പിന്നിൽ മാത്രം ഇത്രയും മാരകമായ പരുക്ക് സംഭവിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സമീപത്തെ വീട്ടിൽ ലഭിച്ച സിസിടിവിയിൽ അപകടം നടന്ന സമയം ലിബിന്റെ ബൈക്കിന് ഒപ്പം റോഡിലൂടെ ഒരു ചുവന്ന കാർ പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. അപകടം നടന്ന ശേഷം ആദ്യം എത്തിയ അയൽവാസിയായ യുവാവും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഒരു ഡെലിവറി വാൻ അപകട സ്ഥലത്ത് പരുക്കേറ്റ് കിടന്ന ലിബിന്റെ സമീപം നിർത്തിയിട്ടിരിക്കുന്നത് കണ്ടിരുന്നു. ഇതിൽ ഉണ്ടായിരുന്ന 2 പേരിൽ ഒരാൾ ലിബിന്റെ അടുത്ത് വന്ന് നോക്കുകയും രണ്ടാമൻ ആരെയോ ഫോൺ ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.
പൊലീസ് ആദ്യം തയാറാക്കിയ എഫ്ഐആറിൽ ഏതോ വാഹനം തട്ടി ബൈക്ക് മറിഞ്ഞു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അപകട സമയത്ത് ദുരൂഹമായി കണ്ട രണ്ട് വാഹനങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിബിന്റെ അമ്മ കുഞ്ഞുമോൾ ചാക്കോയും ഭാര്യ ആര്യയും ആരോപിച്ചു.