അമൽ ജ്യോതിയുടെ സ്വന്തം റേഡിയോ റേഡിയോ 90 FM ( വോയ്‌സ് ഓഫ് അമൽ ജ്യോതി ) നാടിന് സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിച്ചു വരുന്ന റേഡിയോ 90 FM ഗോവ ഗവർണർ ആദരണീയനായ ശ്രീ പി എസ് ശ്രീധരൻപിള്ള അവർകൾ ഉദ്‌ഘാടനം ചെയ്തു. കോട്ടയം , ഇടുക്കി , പത്തനംതിട്ട ജില്ലകളുടെ പരസ്പരം അതിർത്തി പങ്കിടുന്ന മലയോര ഗ്രാമീണ പ്രദേശങ്ങളിൽ റേഡിയോ പ്രക്ഷേപണം വർധിക്കുന്നതിന് ഇത് കൂടുതൽ ഉത്തേജനമേകും.
ലോകത്തു നടന്ന പ്രധാന സംഭവങ്ങൾ, ചരിത്രങ്ങൾ എന്നിവ പരിശോധിക്കുമ്പോൾ റേഡിയോയുടെ പങ്ക് വ്യക്തമാണെന്ന് ഉദാഹരണങ്ങൾ സഹിതം ഗോവ ഗവർണ്ണർ വിശദീകരിച്ചു. സാംസ്കാരിക മുന്നേറ്റത്തിന്റെ പിന്നണിയിൽ റേഡിയോ പോലെയുള്ള സംവിധാനങ്ങളുടെ പങ്ക് അദ്ദേഹം ഊന്നി പറഞ്ഞു. അതുപോലെ രാജ്യത്ത് ഉയർന്ന് വരുന്ന രാജ്യത്തിൻറെ തിരിച്ചു വരവിന്റെ പ്രതീകമാണ് ഈ റേഡിയോ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവർത്തനത്തിന്റെ ഭാഗമായ ബോധവൽക്കരണ പരിപാടികളിൽ റേഡിയോക്ക് വലിയ പങ്കു വഹിക്കുവാനുണ്ട്. സമൂഹത്തിന്റെ നേതൃത്വം നൽകുന്ന അധ്യാപകർ , സ്ഥാപനങ്ങൾ , മാധ്യമങ്ങൾ തുടങ്ങി സാമൂഹ്യ പരിവർത്തനങ്ങളെ സ്വാധീനിക്കുവാൻ കഴിയുന്ന ആളുകളും സംവിധാനങ്ങളും ധാർമ്മികമായ ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോയി പോസിറ്റീവ് സംസ്കാരവും അതിൽ അധിഷ്ഠിതമായ സാമൂഹിക വ്യവഹാരവും ഉറപ്പുവരുത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അതിനൊരു ഉപാധിയാണ് കമ്മ്യൂണിറ്റി റേഡിയോ എന്നും അദ്ദേഹം സൂചിപ്പിച്ചു. ചിര പുരാതനവും നിത്യ നൂതനവുമായ ഈ നാടിൻറെ സ്പന്ദനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സത്യം , ധർമ്മം , നീതി എന്നിവ ഉറപ്പ് വരുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ ഈ മഹത്തായ സംരംഭത്തിന് സാധിക്കട്ടെ , ഈ റേഡിയോ 90 FM നാടിനു വഴികാട്ടിയാവട്ടെ എന്നും ഗവർണ്ണർ ഉദ്‌ബോധിപ്പിച്ചു
റേഡിയോ 90 കോളേജിൽ വിഭാവനം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ച കോളേജ് ഡയറക്ടർ ഇസഡ് വി ലാകപ്പറമ്പിൽ റേഡിയോ 90 യുടെ നാൾവഴികൾ അവതരിപ്പിച്ചുകൊണ്ട് ആശംസകൾ അർപ്പിച്ചു. പുത്തൻ സാങ്കേതിക വിദ്യയുടെ മികവിന്റെയും തികവിന്റെയും സഹായത്തിൽ ആധുനികവത്കരിച്ചു കൊണ്ട് എത്തുന്ന റേഡിയോ 90 FM കേരളത്തിന്റെയും ഇന്ത്യയുടേയും അഭിമാന സ്തംഭമായ അമൽ ജ്യോതിക്ക് മറ്റൊരു തിലകക്കുറിയാണ് എന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ ബഹുമാനപ്പെട്ട ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. നമ്മുടെ മലയോര ഗ്രാമങ്ങളിലേക്ക് കടന്നെത്തി ഗ്രാമങ്ങളുടെ കണക്റ്റിവിറ്റി കൂട്ടുകയും, സാധാരണക്കാരുടെ ഇടയിലേക്ക് എത്തി അവരുടെ ആസ്വാദന തലങ്ങൾക്ക് ഉത്തേജനവും ഊർജ്ജവും അറിവും പകർന്ന് നൽകുന്ന റേഡിയോ 90 എന്ന സംരംഭത്തിനു എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് രൂപത മുൻ ബിഷപ് മാർ മാത്യു അറക്കൽ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. നാടിൻറെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞു കാർഷിക വിജ്ഞ്യാനവുമായി ബന്ധപ്പെട്ടും വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടും പരിപാടി നടത്തുന്ന കാഞ്ഞിരപ്പള്ളിയുടെ ശബ്ദമായി മാറുന്ന അമൽ ജ്യോതിയുടെ റേഡിയോ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കട്ടെ എന്നും സമൂഹവുമായി ഇടപെട്ട് വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന അമൽ ജ്യോതിയുടെ സാമൂഹിക ഉത്തരവാദിത്തത്തെ കാഞ്ഞിരപ്പള്ളി എം എൽ എ യും സർക്കാർ ചീഫ് വിപ്പുമായ ഡോ എൻ ജയരാജ് പ്രകീർത്തിച്ചു സംസാരിച്ചു.
കാഞ്ഞിരപള്ളി രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ കോളേജ് ആഡിറ്റോറിയത്തില് ചേർന്ന യോഗത്തിൽ അമൽ ജ്യോതിയുടെ മുൻ രക്ഷാധികാരി മാർ മാത്യു അറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കാഴ്ച പരിമിതർക്ക് വേണ്ടിയുളള കേട്ടറിവ് എന്ന പുതിയ റേഡിയോ പരിപാടിയുടെ ഉദ്‌ഘാടനവും, റേഡിയോ സംബന്ധിച്ച പുസ്തകത്തിന്റെ പ്രകാശനവും ഇതിനോടൊപ്പം നടന്നു. കോളേജ് മാനേജർ ഫാ. മാത്യു പായ്ക്കാട് സ്വാഗതവും, ഡയറക്ടർ ഡോ ഇസഡ് വി ലാകപ്പറമ്പിൽ ആശംസയും പ്രിൻസിപ്പൽ ലില്ലിക്കുട്ടി ജേക്കബ് കൃതഞ്ജതയും അർപ്പിച്ചു.
രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമൽ ജ്യോതിയിലും കഴിഞ്ഞ ഒരു വർഷക്കാലമായി റേഡിയോ 90 അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പൂർണ്ണ സജ്ജമായ പുത്തൻ റേഡിയോ സംവിധാനമാണ് ഇന്ന് നാടിനു സമർപ്പിക്കപ്പെട്ടത്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനം എന്ന നിലയിൽ ഇവിടുത്തെ ഗ്രാമീണ മേഖലയിലെ യുവാക്കൾക്കും കർഷക ജനതക്കും അത് വഴി നാടിനുമുള്ള സമർപ്പണമാണ് അമൽ ജ്യോതിയുടെ റേഡിയോ. വിദ്യാർത്ഥികൾക്ക് സമൂഹത്തിനും വിജ്ഞ്യാനം പകർന്ന് നല്കുന്നതിനോടൊപ്പം ഹൃദയത്തിനും മനസ്സിനും ആസ്വാദനമേകുന്ന ധാരാളം വിനോദപരിപാടികളും റേഡിയോ 90 അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ദിവസേന 18 മണിക്കൂറിൽ 44 പരിപാടികൾ നിലവിൽ പല ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്യുന്നു. വൈദികനും കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകനുമായ ഫാ. സിജു ജോൺ ആണ് റേഡിയോ 90 യുടെ സ്റ്റേഷൻ ഡയറക്ടർ, പ്രോഗ്രാം ഡയറക്ടർ ഫാ. ജസ്റ്റിൻ മൂത്താനിക്കാട്, തുടങ്ങി 12 ഓളം ആളുകൾ റേഡിയോയിൽ പ്രവർത്തിക്കുന്നു. കേരളത്തിന്റെ വിവിധ നഗരങ്ങളിൽ റേഡിയോ സംപ്രേക്ഷണം ലഭ്യമാണ് എങ്കിലും മൂന്ന് ജില്ലകളിലായി വിവിധ ഗ്രാമപ്രദേശങ്ങളിൽ എത്തുന്ന ഒരു റേഡിയോ ഒരുപക്ഷെ ആദ്യമായിരിക്കും. കൃഷിക്കാർ, സാധാരണക്കാർ, വനിതകൾ, യുവാക്കൾ, കുട്ടികൾ, എന്നിവരുടെ ശബ്ദമാകുക, പ്രാദേശികമായ അറിവുകൾ പ്രോത്സാഹിപ്പിക്കുക , അറിവിനെ ആഘോഷമാക്കുക തുടങ്ങിയവ റേഡിയോ 90 ലക്ഷ്യമിടുന്നു.