മണ്ണിനും മനസ്സിനും കുളിരായി വേനൽമഴ പെയ്തിറങ്ങി

കാഞ്ഞിരപ്പള്ളി ∙ മണ്ണിനും മനസ്സിനും കുളിരായി വേനൽമഴ പെയ്തിറങ്ങി. വൈകിയാണെങ്കിലും വേനൽമഴ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മലയോര മേഖല. വെള്ളി,ശനി ദിവസങ്ങളിലാണ് മലയോര മേഖലയിൽ മഴ ലഭിച്ചത് .മഴ പെയ്തതോടെ വേനൽ ചൂടിനു ശമനമുണ്ടായതാണ് ഏറെ ആശ്വാസകരമായത്. പകൽ കനത്ത ചൂടേൽക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും രാത്രി കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. പകൽ കെട്ടിടങ്ങളിൽ ഇരിക്കാൻ കഴിയാതെ പലരും തണൽ തേടി പുറത്തിറങ്ങുന്ന കാഴ്ചയായിരുന്നു. മഴ പെയ്ത ദിവസങ്ങളിൽ ചൂട് മാറിയത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി.

രണ്ട് വേനൽ മഴകൾ ലഭിച്ചതോടെ കാർഷിക മേഖലയിലും ആശ്വാസമായി. ആദ്യ മഴ ഭൂമി തണുക്കാൻ പോലും ആയില്ലെങ്കിലും ശനിയാഴ്ച പെയ്ത മഴ മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ ഏറെ പ്രയോജനകരമായി. ചൂടിൽ വാടിയ കൃഷികൾക്ക് ഉണർവായി. കപ്പ, വാഴ, കുരുമുളക് ജാതി, പച്ചക്കറി, തെങ്ങ്,കമുക് ,റബർ തുടങ്ങിയ കൃഷികൾക്ക് മഴ ഗുണകരമായതായി കർഷകർ പറയുന്നു. ഇവയ്ക്ക് വരൾച്ചയെ അതിജീവിക്കാൻ വേനൽ മഴ സഹായകമാകുമെന്നു കൃഷി വകുപ്പ് അധികൃതർ പറയുന്നു. നിർത്തി വച്ചിരിക്കുന്ന റബർ ടാപ്പിങ് ഒരു മഴയും കൂടി ലഭിച്ചാൽ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ.

ഉണങ്ങി വരണ്ടു കിടന്ന ആറുകളിലും കാര്യമായ തോടുകളിലും നീരൊഴുക്കുണ്ടായില്ലെങ്കിലും കിണറുകളിൽ അരയടി വരെ ജലനിരപ്പ് ഉയർന്നതായാണ് കണക്ക്. മലയോര മേഖലകളിൽ വാഹനങ്ങൾ പോലും കടന്നു ചെല്ലാൻ കഴിയാത്ത പ്രദേശങ്ങളിൽ തലച്ചുമടയാണ് ആളുകൾ കിലോമീറ്റർ സഞ്ചരിച്ച് വെള്ളം എത്തിച്ചിരുന്നത്. കുടിവെള്ള വിതരണ ടാങ്കറുകൾ പോലും എത്താത്ത സ്ഥലങ്ങളുണ്ട്. ഇത്തരം പ്രദേശങ്ങളിലാണ് കഴിഞ്ഞ മഴകൾ അനുഗ്രഹമായത്. പലരും വീടുകളിലുള്ള പരമാവധി ചെറിയ പാത്രങ്ങളിൽ വരെ വെള്ളം ശേഖരിച്ചു വച്ചു. മഴവെള്ള സംഭരണി ഉള്ളവർക്ക് നേട്ടം ഇരട്ടിയായി. വരുംദിവസങ്ങളിൽ ഇത്തരത്തിൽ വീണ്ടും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് നാട്ടുകാർ.

എരുമേലി ക്ഷേത്രത്തിലേക്ക് വെള്ളമെത്തിക്കുന്ന മണിമലയാറ്റിലെ കൊരട്ടി ഭാഗം വറ്റിവരണ്ട നിലയിലായിരുന്നു.ഇവിടെ തടയണയിലേക്ക് ചെറിയ തോതിൽ വെള്ളം ഒഴുകിയെത്തി. ശബരിമല തീർഥാടകർ കുളിക്കുന്ന എരുമേലി വലിയ തോടും വറ്റി മണൽ തെളിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ ഇവിടെയും ചെറിയ തോതിൽ നീരൊഴുക്കുണ്ടായി.

error: Content is protected !!