വനം വകുപ്പ് ഓഫിസ് പരിസരത്ത് കഞ്ചാവ് കൃഷി : പ്രതിഷധം കനക്കുന്നു..

എരുമേലി : പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിലെ ക്വാർട്ടേഴ്സിൽ രഹസ്യമായി ഗ്രോ ബാഗുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയത് റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി വന്നതോടെ പ്രതിഷധം കനത്തു .ഇന്നലെ ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ യുടെ മേൽനോട്ടത്തിൽ സ്‌ക്വാഡ് റേഞ്ച് ഓഫിസറും സംഘവും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിൽ പരിശോധനയും തെളിവെടുപ്പും നടത്തി.

ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ റാന്നി, മണിമല തുടങ്ങിയ മേഖലകളിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നാട്ടുകാരും ഇവർക്കൊപ്പം കൂടി.

ഓഫിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി . മണിമല സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വനം വകുപ്പ് വിജിലൻസ് വിഭാഗവും തെളിവുകൾ ശേഖരിച്ചു. വനം വകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയിട്ടും പൊലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 16-ാം തീയതിയാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിന് സമീപം 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം ബി.ആര്‍ ജയന് ലഭിച്ചത്.

തുടര്‍ന്നാണ് ബി.ആര്‍ ജയന്‍ അന്വേഷിക്കാനെത്തുന്നത്. ഇദ്ദേഹം എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ബാക്കിയുണ്ടായിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇത് ബി.ആര്‍ ജയന്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് റെയ്ഞ്ച് ഓഫീസറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവുണ്ടായത്.

എന്നാല്‍ ഇതിന്റെ പേരിലല്ല സ്ഥലം മാറ്റിയതെന്നും രണ്ട് വനിതാ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചുവെന്ന് ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നുമാണ് വനം വകുപ്പിന്റ വിശദീകരണം.

നവംബറിലാണ് പ്ലാച്ചേരി ഫോറസ്റ്റ് ‌സ്റ്റേഷൻ, പമ്പാ റേഞ്ച് എന്നിവിടങ്ങളിലെ ഒരു കൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ജയനെതിരെ മുണ്ടക്കയം ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് പരാതി നൽകിയത്.

വിഷയത്തിൽ കോട്ടയം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച് റേഞ്ച് ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് വിജിലൻസ് വിഭാഗം അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നടപടി.

പരാതിക്കാരിൽ മൂന്നു പേർ മാത്രമാണ് പേര് വെളിപ്പെടുത്തിയത്. വ്യക്തിപരമായ താൽപര്യത്തോടെ ഡ്യൂട്ടി നിശ്ചയിക്കുന്നു, എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, ജീവനക്കാരികളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു.

പ്ലാച്ചേരി വനംവകുപ്പ് ഓഫിസ് പരിസരത്ത് ഉദ്യോഗസ്ഥരുടെ അറിവോടെ കഞ്ചാവുകൃഷി നടത്തിയെന്ന സംഭവത്തിൽ, സ്റ്റേഷൻ ജീവനക്കാർ തന്നെ കുറ്റകൃത്യങ്ങൾ നടത്തുന്നത് അത്യന്തം ഗുരുതരമായി കാണണമെന്ന് ആവശ്യപ്പെട്ടാണ് എരുമേലി റേഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയൻ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകിയത്.

വന്യജീവി ആക്രമണവും കാട്ടുതീയും അതിതീവ്രമായിരിക്കുന്ന സമയത്ത് ഈ സംഭവം ഗൗരവമായി കാണണമെന്നാണ് റിപ്പോർട്ടിൽ.

കോട്ടയം ജില്ലാ പൊലീസ് മേധാവി, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവർക്കും റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

റിപ്പോർട്ടിലെ വിവരങ്ങൾ :

പരിശോധന നടത്തിയ സമയത്ത് ചെടികൾ പറിച്ചു കളഞ്ഞിരുന്നു.

എന്നാൽ, നട്ടുവളർത്തിയതിന്റെ ലക്ഷണങ്ങളും ഗ്രോ ബാഗുകൾ കണ്ടെത്തി. ഓഫിസിലെ രണ്ടു ജീവനക്കാർ ചേർന്നാണു ചെടി വച്ചുപിടിപ്പിച്ചത്. ഇതിൽ ഒരാൾ റേഞ്ച് ഓഫിസർക്ക് മുന്നിൽ മൊഴി നൽകുന്നതിനു 2 ദിവസം മുൻപ് ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു.

വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരനെ സർവീസിൽ നിന്ന് നീക്കണം. നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കണം.

നട്ടുവളർത്തിയ കഞ്ചാവ് ചെടികളുടെയും ഇവ പിഴുത് കളഞ്ഞതിനു ശേഷമുള്ള 9 ഗ്രോബാഗുകളുടെയും ചിത്രങ്ങളും അന്വേഷണ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ജീവനക്കാരിൽ കുറ്റസമ്മത വിഡിയോയും റിപ്പോർട്ടിനൊപ്പമുണ്ട്. 16നു റിപ്പോർട്ട് തയാറാക്കിയെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!