കാട്ടാന ആക്രമണം: ഏപ്രിൽ ഫൂൾ ആണെന്ന് കരുതി ; പലരും വിശ്വസിച്ചത് ബിജു മരിച്ചുകിടക്കുന്ന ചിത്രം അയച്ചശേഷം

പമ്പാവാലി പി.ആർ.സി. മലയിൽ കാട്ടാന ബിജുവിനെ ആക്രമിച്ചുകൊന്നത് ഏപ്രിൽ ഒന്നിന് പുലർച്ചെ ഒന്നരയോടെയായിരുന്നു. വിവരം അറിയിക്കാൻ നാട്ടുകാരിൽ പലരെയും ഫോണിൽ ബന്ധപ്പെടാൻ അയൽവാസികളായ കുന്നുംപുറത്ത് ഷാജിയും ലിസിയും ശ്രമിച്ചെങ്കിലും പലരും കോൾ എടുത്തില്ല. മറ്റ് ചിലരാകട്ടെ ഏപ്രിൽ ഫൂളാക്കേണ്ട എന്നു പറഞ്ഞ് അപ്പോൾ തന്നെ കട്ട് ചെയ്യുകയായിരുന്നു. പലരിൽനിന്നും ഈ അനുഭവമുണ്ടായെന്ന് ലിസി പറഞ്ഞു. ബിജുവിന്റെ മൃതദേഹത്തിനരികിൽ ഭീതിയോടെയും സങ്കടം സഹിക്കാതെയും നിന്നുകൊണ്ടാണ് ഫോൺ വിളിച്ചുകൊണ്ടിരുന്നത്.

ആരെയും കുറ്റം പറയാനാകില്ലെങ്കിലും വിവരമറിയിച്ചപ്പോൾ വിശ്വസിക്കാതെ വന്നതോടെ വേദനയും സങ്കടവും കൂടി. പിന്നീട് വാട്‌സാപ്പിൽ ബിജു മരിച്ചുകിടക്കുന്ന ചിത്രങ്ങളയച്ചശേഷം ഫോണിൽ വിളിച്ചപ്പോഴാണ് പലരും കാര്യ ഗൗരവം മനസ്സിലാക്കി ഓടിയെത്തിയത്. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വൈദീകരും വിവിധ സംഘടനാ നേതാക്കളും എത്തിക്കൊണ്ടിരുന്നു. ജില്ലാ കളക്ടറെത്തിയശേഷം ആറരയോടെയാണ് മൃതദേഹം ഇവിടെനിന്ന്‌ മാറ്റിയത്.

മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എം.പി., പ്രമോദ് നാരായൺ എം.എൽ.എ., ജില്ലാ പോലീസ് മേധാവി വി.അജിത്ത് എന്നിവരടക്കം നിരവധിപേർ ബിജുവിന്റെ വീട്ടിലെത്തി. ആന തുമ്പിക്കൈയിലെടുത്ത് നിലത്തടിച്ച തരത്തിലുള്ള ക്ഷതങ്ങളാണ് ബിജുവിന്റെ ശരീരത്തിലുള്ളതെന്ന് വനപാലകർ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാവൂ എന്നും അവർ പറഞ്ഞു.

പി.ആർ.സി.മലയിൽ ഇരുപതോളം കുടുംബങ്ങളാണുള്ളത്. കണമല വനത്തിൽനിന്നു 250 മീറ്ററോളം മാറിയാണ് ജനവാസമുള്ളത്. കാട്ടാനയും കടുവയും പുലിയും ഈ മേഖലയിൽ പതിവായി എത്തുന്നു. ഏത് വന്യമൃഗം എത്തിയാലും ഇവയെ തുരത്താൻ ആദ്യം നാട്ടുകാർ വിളിക്കുന്നത് ബിജുവിനെയായിരുന്നു. ഒരു മാസമായി കാട്ടാന എത്തുന്നത് പതിവായിരുന്നു. മിക്കപ്പോഴും ബഹളംവെച്ച് ആനയെ ഓടിക്കാൻ ബിജു ഉണ്ടാകുമായിരുന്നു.

ദുരന്തം എത്തിയത് വാടകയ്ക്ക് മാറാനിരിക്കെ

വന്യമൃഗശല്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ ബിജുവിന്റെ കുടുംബം ആലോചിച്ചുവരുകയായിരുന്നു. വാടകവീട് അന്വേഷിച്ചുവരുകയായിരുന്നു. പലരും ഇവിടെനിന്ന് ഒഴിഞ്ഞുപോയി. എന്നിട്ടും അഞ്ചു പതിറ്റാണ്ട് കഴിഞ്ഞുവന്ന സ്ഥലം വിട്ടുപോകാൻ ബിജുവിന് മടിയായിരുന്നു. 80 സെന്റ് സ്ഥലമാണിവിടെയുള്ളത്. എന്നിരുന്നാലും ഭാര്യയുടെയും മക്കളുടെയും സുരക്ഷിതത്വം കണക്കിലെടുത്ത് മാറുന്ന കാര്യം ആലോചിച്ചുവരുകയായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന സഹോദരൻ അനിയൻകുഞ്ഞും കുടുംബവും രണ്ട്‌ വർഷം മുമ്പ്‌ ഇവിടെയുള്ള വീട്ടിൽനിന്നു മാറിപ്പോയിരുന്നു. ഈ പുരയിടത്തിലെ കൃഷികളെല്ലാം കാട്ടാന നശിപ്പിച്ചനിലയിലാണ്.

അഞ്ച് വർഷത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവൻ

വനത്തിൽനിന്ന്‌ കലിതുള്ളി കാട്ടാനകളും കാട്ടുപോത്തുകളും എരുമേലിക്ക് സമീപമുള്ള ജനവാസ മേഖലകളിലെത്തിയപ്പോൾ അഞ്ച് വർഷത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവൻ. ജനവാസമേഖലയിൽ വന്യമൃഗശല്യം തടയാൻ പദ്ധതികൾ നടപ്പാക്കുന്നതായി പറയുമ്പോഴും വനാതിർത്തികളിലെ ജനവാസമേഖലകളിൽ ജീവിക്കാനാകാത്ത അവസ്ഥയിലാണ് ജനങ്ങൾ. വന്യമൃഗശല്യം നേരിടുന്ന ജനവാസമേഖലകളിൽ ജീലിതം ദുഷ്കരമാകുന്നതിന്റെ ഉദാഹരണമാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി വട്ടപ്പാറ കുടിലിൽ ബിജു. വനത്തിനുള്ളിൽ പോയിട്ടല്ല ഈ ദാരുണാന്ത്യം. വനത്തിൽനിന്ന്‌ ജനവാസമേഖലയിലെ കൃഷിയിടത്തിലെത്തിയാണ് കാട്ടാന മനുഷ്യജീവനെടുത്ത്‌. അത് ഒരു കുടുംബത്തെ തകർത്തു.

ഇതിന് സമാനമാണ് കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോയും അയൽവാസി പ്ലാവനാൽക്കുഴി തോമസ് ആന്റണിയും കൊല്ലപ്പെട്ടത്. 10 ലക്ഷം രൂപ വീതം ധനസഹായം നൽകിയതൊഴിച്ചാൽ മറ്റ് നടപടിയൊന്നും ഉണ്ടായില്ല. കുടുംബത്തിൽ ഒരാൾക്ക് ജോലി നല്കാമെന്ന വാഗ്ദാനം ഇന്നും നടപ്പാകാതെ തുടരുന്നു.

എരുമേലി വനമേഖലയുടെ പരിധിയും പെരിയാർ കടുവാസങ്കേത്തിന്റെ അതിർത്തിയുമായ കാളകെട്ടി പ്രദേശത്ത് ഏതാനും വർഷം മുൻപാണ് പുരയിടത്തിൽ കാട്ടാനയെ കണ്ട് പേടിച്ച് ഗൃഹനാഥൻ കപ്ലിയിൽ കൃഷ്ണൻകുട്ടി മരിച്ചത്. ഇതിന് സമാനമായ സംഭവമാണ് എരുത്വാപ്പുഴ കീരിത്തോടുണ്ടായത്‌. വാർധക്യസഹജമായ അസുഖമുള്ള വീട്ടമ്മ കൃഷിയിടത്തിൽ ആനയെ കണ്ട് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഇത് കാട്ടുനീതി -മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.സമാനമായ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നത് കാട്ടുനീതിയാണ്.തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തുകകൊണ്ടുമാത്രം കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന നഷ്ടം നികത്താനാകില്ല.

ഇനിയും ഇത്തരം ആക്രമണങ്ങളുണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം.തലമുറകളായി അധ്വാനിക്കുന്ന കൃഷിഭൂമിയിൽ പ്രാണഭയമില്ലാതെ ജീവിക്കാൻ മനുഷ്യർക്ക് സാഹചര്യം ഒരുക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. മനുഷ്യർ പാർക്കുന്ന നാട്ടിലേക്കിറങ്ങാതെ വന്യമൃഗങ്ങളെ കാട്ടിൽതന്നെ സൂക്ഷിക്കുന്നതിന് വനംവകുപ്പിന് ഉത്തരവാദിത്വമുണ്ട്.വന്യജീവിയാക്രമണങ്ങളിൽ നിസ്സഹായമാകുന്ന ജനതയോടും കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തോടും കാഞ്ഞിരപ്പള്ളി രൂപതയുടെ ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മനുഷ്യന് മാത്രം വിലയില്ലേ?

‘പട്ടിയെ കൊന്നാൽ ചോദിക്കാനാളുണ്ട്, മനുഷ്യനെ കൊന്നാൽ ഒരു പട്ടിയും ചോദിക്കില്ല’ എന്ന സിനിമാ ഡയലോഗോടുകൂടിയായിരുന്നു ഫാ. സ്കോഡ് സ്ലീബ പ്രതിഷേധയോഗത്തിൽ പ്രസംഗം തുടങ്ങിയത്. മനുഷ്യന് വിലയില്ലേ, ഇനി നോക്കിയിരിക്കാൻ കഴിയില്ല. ഏതറ്റംവരെ പോയാലും ഇനി നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. സഹോദരനെ നഷ്ടപ്പെട്ട വേദന എത്ര നഷ്ടപരിഹാരം നൽകിയാലും നികത്താനാകില്ല. പക്ഷേ, ബിജുവിന്റെ കുടുംബത്തിന് ജീവിക്കണം. അതിനായി കുറഞ്ഞത് 50 ലക്ഷം രൂപയും മകന് ജോലിയും നൽകണം. ഒപ്പം നാട്ടുകാരെ വന്യമൃഗശല്യത്തിൽനിന്ന് രക്ഷിക്കണം. ഇതായിരുന്നു പ്രതിഷേധയോഗം നിയന്ത്രിച്ച നാട്ടുകാരൻ കെ.ജെ.സെബാസ്റ്റ്യന്റെ ആവശ്യം. കടുവയെയും പുലിയെയും കാട്ടാനയെയുംകൊണ്ട് ജീവിതം പൊറുതി മുട്ടിയ ജനത്തെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ബിജുവിന്റെ കുടുംബത്തെ സഹായിക്കണമെന്നുമായിരുന്നു ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ പറഞ്ഞത്.

ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ആ ഉറപ്പ് ലഭിച്ചശേഷമേ കണമലയിൽനിന്ന് മടങ്ങൂ എന്നുമായിരുന്നു ആന്റോ ആന്റണി എം.പി. പറഞ്ഞത്. നാട്ടുകാരനെ നഷ്ടപ്പെട്ടതിലുള്ള വേദനയും രോഷവും വിളിച്ചറിയിക്കുന്നതായിരുന്നു നാട്ടുകാരുടെ പ്രതിഷേധ പ്രകടനം. 10.30-ഓടെ ആലപ്പാട്ട് പടിയിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയ ജനം ആരും വിളിക്കാതെ തന്നെ അണിചേരുകയായിരുന്നു. നാട്ടുകാർതന്നെയാണ് നേതൃത്വം നൽകിയത്.

മന്ത്രി വീണാ ജോർജ് ബിജുവിന്റെ വീട്ടിലെത്തി
കാട്ടാന കൊലപ്പെടുത്തിയ സംഭവം പ്രത്യേക കേസ് ആയി പരിഗണിച്ച് കൂടുതൽ നഷ്ടപരിഹാരം കൊടുക്കുന്നതിന് മുഖ്യമന്ത്രിയും വനംമന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ബിജുവിന്റെ വീട്ടിലെത്തി ഭാര്യ ഡെയ്‌സിയോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രമോദ് നാരായൺ എം.എൽ.എ.യാണ് നഷ്ടപരിഹാര തുക ഉയർത്തുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കേന്ദ്രസഹായം ലഭ്യമാക്കും -അനിൽ ആന്റണി

കണമല : സംസ്ഥാനത്തെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി വിഷയത്തിൽ അടിയന്തര പരിഹാരം കാണാൻ ശ്രമിക്കുമെന്നും കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണി പറഞ്ഞു. കണമല ഫോറസ്റ്റ് സ്‌റ്റേഷന് മുൻപിലെ ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം കളിക്കേണ്ടെന്ന് പ്രതിഷേധക്കാർ

കണമല സംഭവം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കേണ്ടെന്നും ജനങ്ങളുടെ ജീവനാണ് വലുതെന്നും പ്രതിഷേധക്കാർ. വർഷങ്ങളായി പ്രദേശവാസികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപെടാത്ത ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും നിലനിൽപിനുംവേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും പ്രതിഷേധക്കാർ പറഞ്ഞു. വനം വകുപ്പ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സ്ഥലത്തെത്തിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് നാട്ടുകാരിൽ ചിലർ തട്ടിക്കയറി.

നാട്ടുകാരുടെ ആവശ്യങ്ങൾ :-

15 ദിവസത്തിനകം പ്രദേശത്ത് സംരക്ഷണവേലിയോ ബാരിക്കേഡുകളോ സ്ഥാപിക്കണം
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങൾ വെട്ടിമാറ്റാൻ നടപടി വേണം. (ആഹാരം തേടി ആന ഇറങ്ങുന്നു)
പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകണം.
സാധാരണക്കാരായ ജനങ്ങൾക്കെതിരേ വനം വകുപ്പ് എടുത്തിട്ടുള്ള കേസുകൾ പുനഃപരിശോധിക്കണം.
അപകടകാരിയായ ആനയെ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റണം.
കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് അർഹായ നഷ്ടപരിഹാരവും ബന്ധുവിന് അടിയന്തരമായി ജോലിയും നൽകണം.
റോഡ് ഉപരോധിച്ച സംഭവത്തിൽ കേസെടുക്കേണ്ടിവരുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ പരിഗണിച്ചായിരിക്കും നടപടിയെന്നും പറഞ്ഞു.

error: Content is protected !!