KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം സന്ദർശിച്ചു .

കണമല : കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറായ തു​ലാ​പ്പ​ള്ളി പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന്റെ ഭവനം സന്ദർശിച്ച്, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു .
നിലയ്ക്കല്‍ – തുലാപ്പള്ളി മാര്‍ത്തോമാശ്ലീഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട്, തുലാപ്പള്ളി മാര്‍ത്തോമ പള്ളി വികാരി ഫാ. എബിന്‍ തോമസ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. സമാനമായ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നത് കാട്ടുനീതിയാണ്. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തുകകൊണ്ടുമാത്രം കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന നഷ്ടം നികത്താനാകില്ല.

ഇനിയും ഇത്തരം ആക്രമണങ്ങളുണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം.തലമുറകളായി അധ്വാനിക്കുന്ന കൃഷിഭൂമിയിൽ പ്രാണഭയമില്ലാതെ ജീവിക്കാൻ മനുഷ്യർക്ക് സാഹചര്യം ഒരുക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. മനുഷ്യർ പാർക്കുന്ന നാട്ടിലേക്കിറങ്ങാതെ വന്യമൃഗങ്ങളെ കാട്ടിൽതന്നെ സൂക്ഷിക്കുന്നതിന് വനംവകുപ്പിന് ഉത്തരവാദിത്വമുണ്ട്. വന്യജീവിയാക്രമണങ്ങളിൽ നിസ്സഹായമാകുന്ന ജനതയോടും കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തോടും കാഞ്ഞിരപ്പള്ളി രൂപതയുടെ ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!