കാട്ടാന ആക്രമണം: ബിജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകി : 50 ലക്ഷത്തിന് ശുപാർശ.
കണമല : തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജു മാത്യുവിൻറെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാരിൽ നിന്നും നൽകാൻ ശുപാർശ ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ആദ്യഘട്ട നഷ്ടപരിഹാരമായ പത്ത് ലക്ഷം രൂപയിൽ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ ബിജുവിന്റെ വീട്ടിൽ എത്തി കൈമാറി. ബാക്കി അഞ്ച് ലക്ഷം ഉടനെ നൽകുമെന്നും കാട്ടാന ശല്യം തടയാൻ നടപടികൾ വനം വകുപ്പിൽ സ്വീകരിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും ബിജുവിന്റെ ഭാര്യ ഡെയ്‌സിയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച് കളക്ടർ പറഞ്ഞു.
ബിജുവിന്റെ മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിന് ശുപാർശ റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. കണമല ഫോറസ്റ്റ് സ്റ്റേഷനിൽ താത്കാലിക ജോലി നൽകും. ഒഴിവരുന്ന മുറയ്ക്ക് സ്ഥിരജോലി നൽകും.
നാട്ടുകാർ നിരവധി പരാതികൾ ഉന്നയിച്ച സാഹചര്യത്തിൽ കണമല ഡെപ്യൂട്ടി റേഞ്ചർക്ക് നിർബന്ധിത അവധി നൽകിയെന്നും മേഖലയിൽ വന്യ മൃഗങ്ങളെ തടയുന്നതിനും നാട്ടുകാരുടെ സുരക്ഷയ്ക്കും താത്കാലിക വാച്ചർമാരെ നിയമിക്കുമെന്നും കളക്ടർക്കൊപ്പമുണ്ടായിരുന്ന റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ പറഞ്ഞു. സബ് കലക്ടര്‍ സഫ്ന നസ്റുദ്ദീന്‍ ഒപ്പമുണ്ടായിരുന്നു.