വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു

എരുമേലി ∙ വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. സെക്‌ഷന്റെ പരിധിയിൽ ട്രാൻസ്ഫോമറുകളും വൈദ്യുത ലൈനുകളും പുനഃക്രമീകരിച്ച് പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി അധികൃതർ. മണങ്ങല്ലൂർ, തലയണത്തടം എന്നിവിടങ്ങളിൽ 2 ട്രാൻസ്ഫോമറുകൾ പുതിയതായി സ്ഥാപിച്ചു. ഇതുകൂടാതെ എരുമേലി നൈനാർ മസ്ജിദ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിലെ ട്രാൻസ്ഫോമറിന്റെ ശേഷി ഉയർത്തി.

നഗരത്തിലെ 2 ട്രാൻസ്ഫോമറുകളുടെ കൂടി ശേഷി ഉയർത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. നഗരത്തിലെ ഒരു ലൈൻ ത്രീ ഫെയ്സ് ആക്കി ശേഷി ഉയർത്തുന്ന ജോലികളും പുരോഗമിക്കുകയാണ്.

100 കെവിഎ ശേഷിയുള്ള ട്രാൻസ്ഫോമറുകളുടെ ലോഡ് പരമാവധിയിൽ എത്തുന്നതോടെ ഇവ മാറ്റി 160 കെവിഎ ട്രാൻസ്ഫോമർ ആക്കുകയാണ് ചെയ്യുന്നത്.

ദിവസവും 6.30 മുതൽ 10.30 വരെയുള്ള സമയം ട്രാൻസ്ഫോമറുകളുടെ ശേഷി പരിശോധിച്ചതിനു ശേഷമാണ് ഇവ മാറ്റിസ്ഥാപിക്കുന്നത്.

വൈദ്യുത ലൈനുകളുടെ കാര്യത്തിലും പുനഃക്രമീകരണം നടത്തുന്നുണ്ട്. നഗരത്തിലെ ചില വൈദ്യുത ലൈനുകളിൽ വൈദ്യുതി ഉപയോഗം കൂടുന്നതുമൂലം ആ മേഖലകളിൽ വോൾട്ടേജ് ക്ഷാമം നേരിടുന്നുണ്ട്. അതേസമയം ചില ലൈനുകളിൽ വോൾട്ടേജ് ഉപയോഗം കുറവുമാണ്. കൂടുതലുള്ള ലൈനുകളിൽ നിന്ന് കണക്‌ഷനുകൾ വോൾട്ടേജ് ഉപയോഗം കുറവുള്ള ലൈനുകളിലേക്ക് മാറ്റിനൽകിയാണ് പുനഃക്രമീകരിക്കുന്നത്.

ഉപയോഗം ഉയരാൻ കാരണം എസി, ഫാൻ

‌കെഎസ്ഇബി അധികൃതർ നടത്തിയ പരിശോധനയിൽ വൈദ്യുതിയുടെ ഉപയോഗം വൻതോതിൽ ഉയരാൻ കാരണം വേനൽക്കാലത്ത് വീടുകളിലെ എസി, ഫാൻ ഉപയോഗം വർധിച്ചതാണെന്നു കണ്ടെത്തി. ഫ്രിജിന്റെ ഉപയോഗവും വർധിച്ചു.

ലോഡ് കൂടി തീപിടിത്തം

കഴിഞ്ഞ 13നു കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു മുന്നിലെ വൈദ്യുതി പോസ്റ്റിൽ തീപിടിത്തം ഉണ്ടായിരുന്നു. പരിശോധനയിൽ വൈദ്യുതിയുടെ അമിത ഉപയോഗം മൂലം ലൈനിലെ ലോഡ് കൂടിയാണ് തീപിടിത്തം ഉണ്ടായതെന്ന് സ്ഥിരീകരിച്ചു. മറ്റു ലൈനുകളിലും ലോഡ് കൂടി തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.

18,600 ഉപയോക്താക്കളാണ് എരുമേലി സെക്‌ഷന്റെ പരിധിയിൽ ഉള്ളത്. 132 ട്രാൻസ്ഫോമറുകൾ ഉണ്ട്. ഇതിൽ 5 എണ്ണം വ്യവസായ ആവശ്യത്തിനുള്ളവയാണ്.

error: Content is protected !!