ചെറുവള്ളി എസ്റ്റേറ്റിൽ ഒരുമയുടെ ഇഫ്താർ ; വിമാനത്താവളം വന്നാൽ ഇനിയുണ്ടാവുമോ ..?

എരുമേലി : ചെറുവള്ളി എസ്റ്റേറ്റിലെ ജുമാ മസ്ജിദിൽ മതമൈത്രിയുടെ ഒരുമ പകരുന്ന ഇഫ്താർ കാഴ്ച ഇത്തവണയും മുടങ്ങിയില്ല. പക്ഷേ, ഇനി വിമാനത്താവളമാകുമ്പോൾ എസ്റ്റേറ്റിലെ ആരാധനാലയങ്ങളെല്ലാം പൊളിച്ചു നീക്കപ്പെടും. പകരം സംവിധാനം എന്തെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ ആശങ്കയോടെ ആണ് ഇത്തവണ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ മസ്ജിദിൽ ഇഫ്താർ ചടങ്ങ് നടന്നത്.

വർഷങ്ങളായി എല്ലാ റംസാൻ കാലത്തും 27 രാവിന്റെ മുമ്പുള്ള ദിവസം എസ്റ്റേറ്റിലെ ജുമാ മസ്ജിദിൽ സമീപത്തെ പൂവൻപാറമല ക്ഷേത്ര ഭാരവാഹികൾ നോമ്പ് തുറ ചടങ്ങിൽ പങ്കെടുക്കും. ഇത്തവണ കഴിഞ്ഞ വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാര സമയത്തായിരുന്നു നാടിന്റെ വിശേഷപ്പെട്ട ആ ഇഫ്താർ. റംസാൻ നോമ്പിന് വിട നൽകുന്ന മഗ്‌രിബ് ബാങ്ക് മുഴങ്ങും മുമ്പേ പഴങ്ങളും വിഭവങ്ങളുമായി ക്ഷേത്രത്തിൽ നിന്ന് ഭാരവാഹികളെത്തിയിരുന്നു. മസ്ജിദിലേക്ക് അവരെ ഇമാം ഹാജി ഹബീബ് മുഹമ്മദ്‌ മൗലവിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എല്ലാവരും ഒത്തുചേർന്നതോടെ മുസ്ലിം സഹോദരങ്ങൾക്ക് റംസാൻ ആശംസകൾ അർപ്പിച്ച് ക്ഷേത്ര ഭാരവാഹികൾ സംസാരിച്ചു.

വർഷങ്ങളായി അമ്പലത്തിൽ വിശേഷ ചടങ്ങുകളിൽ തങ്ങൾക്കൊപ്പം പങ്ക് ചേരുന്ന ജമാഅത്ത് അംഗങ്ങളുടെ സ്നേഹവും സൗഹൃദവും സമീപത്തെ ക്രിസ്ത്യൻ പള്ളിയിൽ തിരുനാൾ ആഘോഷങ്ങളിൽ എല്ലാവരും പങ്കെടുക്കുന്നതിലെ ഒരുമയും ആശംസകളിൽ നിറഞ്ഞിരുന്നു. മതങ്ങളുടെ പേരിൽ വഴക്കും വിദ്വേഷവും നടത്തുന്നവർ സ്വന്തം മതത്തെ മനസിലാക്കാത്തവരാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇമാം ഹബീബ് മുഹമ്മദ്‌ മൗലവി പറഞ്ഞു നിർത്തിയപ്പോൾ നോമ്പ് തുറക്കാൻ സമയം ആയെന്നറിയിച്ച് ദൈവത്തെ പ്രകീർത്തിക്കുന്ന ബാങ്കൊലികൾ പള്ളി മിനാരത്തിൽ നിന്നും മുഴങ്ങി. പ്രഭാതം മുതൽ സന്ധ്യ വരെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച വൃതത്തിന് വിട നൽകി കഴിക്കാനായി പഴങ്ങളും വിഭവങ്ങളും മുസ്ലിം സഹോദരങ്ങൾക്ക് വിളമ്പി നൽകി അവർക്കൊപ്പം പങ്കിട്ടു കഴിച്ചു ക്ഷേത്ര ഭാരവാഹികൾ. തുടർന്ന് മസ്ജിദിൽ നമസ്കാരം നടക്കുമ്പോൾ നിറഞ്ഞ സ്നേഹവുമായി ക്ഷേത്ര ഭാരവാഹികൾ കാത്തിരുന്നു.

നമസ്കാരശേഷം ജമാഅത്ത് ഭാരവാഹികൾ കൃതജ്ഞത പറഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് വീടണയുമ്പോൾ അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഓർമ അവരുടെയൊക്കെ മനസ്സിൽ മായാതെ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിലെ ദേവാലയങ്ങൾക്കെല്ലാം പണ്ട് മുതലേ മതമൈത്രിയുടെ നിറമാണ്. വിവിധ ക്രൈസ്തവ വിശ്വാസികൾക്കെല്ലാമായി ഒരു പള്ളിയാണുള്ളത്. എക്യൂമെനിക്കൽ ചർച്ച് എന്നറിയപ്പെടുന്ന ആ പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് നാട്ടുകാരാണ്. ചർച്ചിൽ ഓരോ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പ്രത്യേകം നിശ്ചയിച്ച സമയക്രമത്തിൽ വിവിധ ദിവസങ്ങളിലാണ് ആരാധന സമയം നിശയിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ ഉത്സവത്തിലും നബി ദിന റാലിയിലും ചർച്ചിലെ തിരുന്നാൾ പരിപാടികളിലും ഇതേ ഒരുമ കാണാം.

പണ്ട് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ അധീനതയിൽ ആയിരുന്നു ചെറുവള്ളി എസ്റ്റേറ്റ്. തൊഴിലാളികൾക്ക് താമസിക്കാൻ ലയങ്ങൾ ആയതിനൊപ്പം നാട്ടുകാർ ജാതി മത വ്യത്യാസമില്ലാതെ ഒത്തൊരുമിച്ച് ദേവാലയങ്ങളും നിർമിച്ചു. ആ ഒരുമ ഇന്നും കെടാതെ കാത്തുസൂക്ഷിക്കുന്നു.

ഇഫ്താർ സംഗമത്തിൽ ജമാഅത്ത് പ്രസിഡണ്ട് എ എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഇമാം ഹാജി ഹബീബ് മുഹമ്മദ് മൗലവി, ഭാരവാഹികളായ സി കെ സുലൈമാൻ വഹാബ്, കെ എം ബഷീർ, സി എം കനി കുട്ടി,നാസർ ഷാജഹാൻ, ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് വിജയൻ, സെക്രട്ടറി പ്രസാദ്, എൻ എസ് പ്രകാശ്, സോമൻ, രാജേഷ്, ബിജു പിള്ള, ശശി, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!