റോഡരിക് നടക്കാനോ, മാലിന്യം തള്ളാനോ? ദുർഗന്ധപൂരിതമായി കാഞ്ഞിരപ്പള്ളി – എരുമേലി റോഡരിക്
കാഞ്ഞിരപ്പള്ളി ∙ എരുമേലി റോഡരികിൽ മാലിന്യം തള്ളുന്നത് പതിവായി. 26–ാം മൈൽ മുതൽ ഒന്നാം മൈൽ വരെ റോഡിന്റെ ഇരുവശത്തുമാണ് എറ്റവും കൂടുതൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. പാതയോരത്തെ പറമ്പുകളുടെ വേലികളിൽ മാല പോലെയാണ് പ്ലാസ്റ്റിക് കൂടുകളും മറ്റും തൂങ്ങിക്കിടക്കുന്നത്. എരുമേലി വരെയുള്ള ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിലെല്ലാം റോഡരികിൽ മാലിന്യം തള്ളിയിരിക്കുകയാണ്. വഴിയരികിലെ കുറ്റിക്കാടുകളിൽ അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മുതൽ ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങൾ വരെയാണ് തള്ളിയിരിക്കുന്നത്. ദുർഗന്ധം വമിക്കുന്നതു യാത്രക്കാർക്കും ദുരിതമായി.
പലയിടത്തും റോഡിന്റെ വശം ചേർന്നു നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. രാത്രി വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം ആൾത്താമസമില്ലാത്ത ഈ ഭാഗത്ത് തള്ളുകയാണ് ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഭക്ഷിക്കാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുന്നതും കാൽനടക്കാർക്ക് ഭീഷണിയായി. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.