തലയ്ക്കു മീതെ അപകടം; അപ്രതീക്ഷിതമായി കാറ്റു വീശുമ്പോൾ ഭീഷണിയുമായി ഹോഡിങ്ങുകൾ
തുലാവർഷക്കാലത്ത് അപ്രതീക്ഷിതമായി കാറ്റു വീശുമ്പോൾ ഭീഷണിയുമായി ഹോഡിങ്ങുകൾ. മൂന്നും നാലും നില കെട്ടിടങ്ങൾക്കു മുകളിൽ 20 അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഇവ കാറ്റിൽ മറിഞ്ഞു വീണാൽ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയില്ലെന്നു വഴിയാത്രക്കാർ പറയുന്നു.ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണു മിക്കതും സ്ഥാപിച്ചിരിക്കുന്നത്. ഇവ താങ്ങി നിർത്തുന്ന വലിയ ഇരുമ്പ് കമ്പികളുടെ സുരക്ഷയോ ബലമോ പലരും കാര്യമായി എടുക്കാറില്ല.
മഴയോ കാറ്റോ വന്നാൽ ഹോഡിങ്ങുകളിൽ നിന്നു ഫ്ലെക്സ് കീറിപ്പോകുന്നതും മുറിഞ്ഞു റോഡിൽ കിടക്കുന്നതും പതിവു സംഭവങ്ങളാണ്. റോഡുകളുട മീഡിയനിലും യുടേണിലും പ്രധാന ജംക്‌ഷനുകളിലും കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ഫ്ലെക്സ് ബോർഡുകളും അപകട കാരണമാകുന്നു.
അനങ്ങാതെ അധികൃതർ
ചെന്നൈയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി ഹോഡിങ് തലയിൽ വീണു മരിച്ചതു കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. ഇതിനു മുൻപും ശേഷവും ഫ്ലെക്സ് ബോർഡുകളുടെയും ഹോഡിങ്ങുകളുടെയും കാര്യത്തിൽ കോടതികൾ ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും നമ്മുടെ നാട്ടിൽ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ നടപടിയില്ല.