അറിയാമോ, നമുക്കിടയിൽ ഇങ്ങനെ ഒരാളുണ്ട്, വൃക്ഷങ്ങളുടെ ഡോക്ടർ, പച്ചപ്പിൻ്റെ കാവലാൾ

മുറിഞ്ഞാൽ മരത്തിനും വേദനിക്കും, ഇടിവെട്ടേറ്റാൽ കരിയും, പ്രായമേറിയാൽ ബലക്ഷയമുണ്ടാകും, ഫംഗസ് ബാധയുണ്ടായാൽ മരവും ക്ഷീണിക്കും. മനുഷ്യരെ പോലെ. രോഗങ്ങളെക്കാൾ കേരളത്തിലെ മരങ്ങൾ നേരിടുന്നത് മനുഷ്യരുടെ ആക്രമണങ്ങളാണ്.  നമ്മുടെ വികസനവഴികളിൽ വെട്ടിമാറ്റപ്പെടുന്നതേറെയും മരങ്ങൾ തന്നെ. 

നൽകിയ തണലിൻ്റെ ഓർമ പോലും അവശേഷിപ്പിക്കാതെ ഇല്ലാതാകാൻ വിധിക്കപ്പെട്ട മരങ്ങൾക്ക് രക്ഷകനാകുകയാണ് കെ. ബിനു എന്ന സ്‌കൂൾ അദ്ധ്യാപകൻ. മരങ്ങളുടെ സംരക്ഷണമാണ് 25 വർഷങ്ങളായി ബിനു മാഷിൻ്റെ ജീവിതമന്ത്രം. പരിസ്ഥിതി പ്രവർത്തകൻ എന്ന പേരിനപ്പുറത്തേയ്ക്ക് നീളുന്നതാണ് മരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ. അങ്ങനെയൊരു കൂട്ടായ്മയിൽ പ്രൊഫ. സീതാരാമനിൽ നിന്നാണ് വൃക്ഷായുർവേദം എന്ന കാലങ്ങളോളം പഴക്കമുള്ള ഒരു ചികിത്സാ സമ്പ്രദായത്തെ കുറിച്ച് അറിയുന്നത്. 

അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് പുസ്തകങ്ങൾ കണ്ടെത്തി പഠിച്ചും, പരമ്പരാഗത വൃക്ഷ വൈദ്യരിൽ നിന്ന് കേട്ടറിഞ്ഞും നേടിയ അറിവുകളാണ് ബിനുവിൻ്റെ പുതിയ വഴിയിൽ കൂടെയുള്ളത്. കേരളത്തിലെ അനേകം വൃക്ഷങ്ങൾക്ക് പുതുജീവൻ നൽകാൻ ബിനു മാഷിനെ സഹായിച്ചതും മറ്റൊന്നുമല്ല. 

നാല്പതിലേറെ മരങ്ങളാണ് വൃക്ഷായുർവേദത്തിൻ്റെ കരുത്തിലും ബിനു മാഷിൻ്റെയും കൂട്ടരുടെയും കരുതലിലും വീണ്ടും തളിർത്തത്, പൂവും കായും തണലും നൽകിയത്. മുറിവുകൾ കഴുകി വൃത്തിയാക്കി, മരുന്ന് പുരട്ടി, ശുശ്രൂഷിച്ച് ബിനു മാഷ് ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വന്ന കഥ പറയാൻ തിടനാട്ടിലൊരു 65 വയസുകാരൻ മഴമരമുണ്ട്, പൊൻകുന്നത്തൊരു പ്ലാവ് മുത്തശ്ശിയുണ്ട്, ചിറക്കടവ് എൽപി സ്‌കൂളിലെ കുട്ടികളുടെ കളിക്കൂട്ടുക്കാരനായ ആഞ്ഞിലിയുമുണ്ട്. തിരുവനന്തപുരത്തെ മരമുല്ലയും പാലക്കാട്ടുള്ള ഞാവൽ മരവും ബിനു മാഷിൻ്റെ ചികിത്സയ്ക്ക് ശേഷം പച്ചപ്പ് നിറച്ച് പൂക്കളുടെയും പഴങ്ങളുടെയും സമൃദ്ധി വീണ്ടെടുത്ത് വൃക്ഷ ചികിത്സയുടെ “ബ്രാൻഡ് അംബാസഡർമാരായി’ മാറിക്കഴിഞ്ഞു. 

എന്താണ് ഈ ചികിത്സ? 

“മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്‌, ചിതൽപുറ്റ്, ചാണകം, ചെളിമണ്ണ്, കദളിപ്പഴം, നെയ്യ്, ചെറുതേൻ, താമര, ഗോതമ്പ്, ഇരട്ടിമധുരം എന്നിങ്ങനെ 14 കൂട്ടം വസ്തുക്കളാണ് മരുന്നിന് വേണ്ടത്, മരങ്ങളും അവയുടെ മുറിവുകളുടെ സ്വഭാവവും അനുസരിച്ച് മരുന്നിൻ്റെ അളവിൽ വ്യത്യാസം വരും. മിന്നലിലോ തീയിലോ കരിഞ്ഞ മരങ്ങൾക്കുള്ള ചികിത്സയിലാണ് താമര കൂടുതലും ഉപയോഗിക്കുന്നത്.”

കൃത്യമായ അളവിലും പാകത്തിലും നിശ്ചിത സമയത്ത് ഇവ കുഴച്ച് മരുന്ന് രൂപത്തിലാക്കുന്നത് എളുപ്പമല്ല. മൂന്നോ നാലോ പേർ സഹായികളായി കൂടെ വേണം. മരുന്ന് പുരട്ടും മുൻപ് ഒരു കർമം ചെയ്തിരിക്കണം എന്നതും ചികിത്സയുടെ ഭാഗം. അരിപ്പൊടി പാലിൽ കുഴച്ച് മുറിവിൽ തേച്ചുപിടിപ്പിക്കും, മരത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടനവധി ജീവികൾക്കുള്ള ഭക്ഷണമാണിത്, അവരോടെല്ലാം അനുമതി ചോദിച്ച ശേഷം മാത്രമാണ് ചികിത്സ തുടങ്ങുന്നത്. 

മുറിവേറ്റ ഭാഗത്ത് മരുന്ന് നന്നായി തേച്ച് പിടിപ്പിച്ച ശേഷം കോറത്തുണി കൊണ്ട് പൊതിഞ്ഞുകെട്ടും. തുടർന്നുള്ള ആറ് ദിവസം നാടൻ പശുവിൻ്റെ പാൽ ഇതിൽ ഒഴിച്ച് കൊടുക്കുകയും വേണം. അതോടെ മരത്തിന് പുതുജീവനാണ് കൈവരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരെയും വിസ്മയിപ്പിക്കുന്ന വിധത്തിലാണ് മരം ജീവിതം തിരികെ പിടിക്കുന്നത്. 

ചില മരങ്ങൾക്ക് പൂർണമായും ഊർജസ്വലത നേടിയെടുക്കാൻ മാംസ്യം കൂടിയേ തീരൂ. അത്തരം അവസരങ്ങളിൽ മൃഗങ്ങളുടെ ഇറച്ചി വേരിനടുത്ത് കുഴിച്ചിടുന്നതും ചികിത്സയുടെ ഭാഗമാണ്. 

ഒരു മരത്തിന് വേണ്ടി ഇത്ര ബുദ്ധിമുട്ടണോ എന്ന് ചോദിക്കുന്നവർ ധാരാളം. ഈ മരത്തെ രക്ഷിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ച് വരുന്നവരുടെ എണ്ണം ഇതുപോലെ വർധിക്കും എന്നാണ് ബിനുവിൻ്റെയും കൂട്ടരുടെയും പ്രതീക്ഷ. നമ്മുടെ ഈ ലോകത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യം തിരിച്ചറിയുന്നവർ ഇപ്പോഴും ബിനുവിനെ തേടി വരുന്നുണ്ട്. അമ്പലങ്ങളിൽ, സ്‌കൂളിൽ, മജീഷ്യൻ മുതുകാടിൻ്റെ മാജിക് അക്കാഡമിയിൽ, നാഗാർജുനയുടെ ഫാക്ടറി വളപ്പിൽ, റോഡരികിൽ… ബിനുവിൻ്റെ ചികിത്സ അദ്‌ഭുതം സൃഷ്ടിച്ചത് പല നാടുകളിൽ, പലതരം മരങ്ങളിൽ. വീട്ടുവളപ്പിലെ പ്രിയപ്പെട്ട മരങ്ങൾക്കായി ബിനുവിനെ അന്വേഷിച്ച് ദൂരദേശങ്ങളിൽ നിന്ന് എത്തിയ വ്യക്തികളും ഏറെ. 

മരങ്ങൾ സംരക്ഷിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും ചികിത്സയുടെ ചിലവ് ചിലരെയെങ്കിലും ഒരു ശ്രമം നടത്തുന്നതിൽ നിന്നും പിൻവലിപ്പിക്കുന്നുണ്ടെന്ന് ബിനു പറയും. 15000 രൂപയോളം വേണം ഒരു മരത്തെ പുനർജീവിപ്പിക്കാൻ. പക്ഷെ, പ്രകൃതിക്കും നാടിനും വേണ്ടി ഈയൊരു നന്മ ചെയ്യുമ്പോൾ പണം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച് നാട്ടുകാർ കൂടെ നിന്ന സന്ദർഭങ്ങളും പലത്. തിടനാട്ടിലെ റോഡരുകിൽ വഴികാട്ടിയായി നിന്നിരുന്ന മഴമരത്തിനു വേണ്ടി പണം നൽകി സഹായിച്ചത് ഫേസ്ബുക്കിലെ പരിചിതരും അപരിചിതരുമായ ഒരുപിടിയാളുകളാണ്.

വൃക്ഷങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ബിനു മാഷിനെ തേടി എത്തിയ അംഗീകാരങ്ങളും അനവധി. കേരള സർക്കാരിൻ്റെ വനമിത്ര പുരസ്കാരം ഉൾപ്പെടെ. പക്ഷേ, അവാർഡുകളേക്കാൾ ബിനു മാഷിനെ സന്തോഷിപ്പിക്കുന്നത് ഒരു വൃക്ഷത്തിന് പുതുജീവൻ നൽകാനുള്ള അവസരമാണ്.  

“പൊതു ഇടങ്ങളിലെ മരങ്ങൾ കഴിയുന്നത്ര സംരക്ഷിക്കുക’ എന്ന ആശയവുമായി മുന്നോട്ട് പോകുന്ന ബിനു സ്ഥലനാമ വൃക്ഷങ്ങളെയും അവയിലൂടെ സാധ്യമാക്കാവുന്ന പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. 

കടപ്ലാമറ്റം, താന്നിമൂട്ടിൽ, പാല, എഴുപുന്ന, കൊച്ചാലുംമൂട് എന്നിങ്ങനെ വൃക്ഷങ്ങളുടെ പേരിൽ അറിയപ്പെടുന്ന പ്രദേശങ്ങളിൽ അത്തരം മരങ്ങൾ കൂടുതൽ വച്ചുപിടിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു പാരിസ്ഥിതിക നയം രൂപീകരിക്കുക, അതിലൂടെ കേരളത്തിനു നഷ്ടമായ പച്ചപ്പ് തിരികെ നൽകുക. മരങ്ങളുടെ മുറിവുണക്കുന്ന ഈ വൈദ്യന് ഇത് വെറുമൊരു സ്വപ്നമല്ല, ജീവിതലക്ഷ്യം തന്നെയാണ്. 

error: Content is protected !!