മാലിന്യ നിർമാർജന യജ്ഞം മേയ് 6 മുതൽ
എരുമേലി ∙ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാലിന്യമുക്ത പാതയോര സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാം ഘട്ടമായ മാലിന്യ നിർമാർജന യജ്ഞവും ബോർഡ് സ്ഥാപിക്കലും മേയ് 6 മുതൽ 11 വരെ നടക്കും.
6 ന് 9 മണിക്ക് കനകപ്പലം സോഷ്യൽ ഫോറസ്റ്റ് ഓഫിസിനു സമീപം മാലിന്യ നിർമാർജന യജ്ഞം ആത്മബോധിനി ആശ്രമം അധിപൻ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ റാന്നി ചാപ്റ്റർ നേതൃത്വം നൽകുന്ന ഈ പദ്ധതിയിൽ കേരള സംസ്ഥാന വനംവകുപ്പ്, സാമൂഹിക വനവൽക്കരണ വകുപ്പ് , പഞ്ചായത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത സാംസ്കാരിക സംഘടനകൾ, യുവജന സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ മുതലായവ പങ്കാളികളാണ്.
എരുമേലി, വെച്ചൂച്ചിറ, പഴവങ്ങാടിക്കര, മണിമല, പെരുനാട് ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ, സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫിസർ, പ്രധാന അധ്യാപകർ വിവിധ സന്നദ്ധ സംഘടനകളുടെ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ആലോചനായോഗത്തിൽ കനകപ്പലം – വെച്ചൂച്ചിറ, കനകപ്പലം – പ്ലാച്ചേരി പാതയോരങ്ങൾ മാലിന്യ മുക്തമാക്കി പൂച്ചെടികൾ, വിശ്രമ കേന്ദ്രങ്ങൾ, നിരീക്ഷണ ക്യാമറകൾ, ബോർഡുകൾ മുതലായവ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.