മുണ്ടക്കയം ബൈപാസ് റോഡിൽ സംരക്ഷണ വേലികൾ തകർന്ന നിലയിൽ

മുണ്ടക്കയം : ബൈപാസ് റോഡിൽ നടപ്പാത യുടെ സമീപമുള്ള സംരക്ഷണ വേലികൾ നാശത്തിലേക്ക്. തൂണുകളും കമ്പികളും നശിച്ച നിലയിലുമാണ്. നടപ്പാതയിലെ ടൈലുകൾ പലയിടങ്ങളിലും ഇളകിയ നിലയിലാണ്.

നടപ്പാതയുടെ സമീപം മണിമലയാറിന്റെ വശത്ത് സംരക്ഷണ വേലിയിൽ നിന്നും വലിയ കമ്പികൾ മുൻപ് മോഷണം പോയിരുന്നു. കോൺക്രീറ്റ് തൂണുകൾ ഇടിച്ച് പൊട്ടിച്ച ശേഷം കമ്പികൾ ഉൗരിയെടുത്ത നിലയിലായിരുന്നു. ഇപ്പോൾ പലയിടങ്ങളിലും സമാന രീതിയിൽ തൂണുകൾ തകർത്ത നിലയിൽ കാണപ്പെടുന്നു. കമ്പികൾ പലയിടങ്ങളിലും വളഞ്ഞ നിലയിലുമാണ്. കഴിഞ്ഞ ദിവസം വാഹനം ഇടിച്ചും ഒരു ഭാഗത്തെ സംരക്ഷണ വേലിക്കു കേടുപാടുകൾ സംഭവിച്ചിരുന്നു.

ഇത്തരം വലിയ കമ്പികൾ ഉൗരി വിറ്റാൽ പണം ലഭിക്കും എന്നതാണ് ഇവ കൊണ്ടു പോകാൻ കാരണം എന്ന് പറയപ്പെടുന്നു. രാത്രി സമയങ്ങളിലാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഏറെ നടക്കുന്നത്. വൈകിട്ട് നാല് മണി മുതൽ ബൈപാസ് റോഡിൽ ആളുകൾ വിശ്രമത്തിനായി എത്തി തുടങ്ങും. വാഹനങ്ങൾ നിർത്തി നടപ്പാതയിൽ ഇരുന്ന് സായാഹ്നങ്ങൾ ചെലവഴിക്കുന്ന ആളുകൾ ഏറെയാണ്. നടപ്പാതയിലൂടെ നടന്ന് വ്യായാമം ചെയ്യുന്നവരുമുണ്ട്. എന്നാൽ ബൈപാസ് റോഡിൽ ആവശ്യമായ വെളിച്ചം സ്ഥാപിക്കണം എന്ന ആവശ്യത്തിന് ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. വ്യാപാര സ്ഥാപനങ്ങളുടെ വെളിച്ചം മാത്രമാണ് ഏക ആശ്രയം. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിച്ച കെട്ടിടത്തിന് സമീപം വലിയ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.

ബൈപാസ് റോഡിലെ വെള്ളക്കെട്ട് റോഡ് തകരാനും കാരണമാകുന്നുണ്ട്. റോഡിന്റെ പൂർണ തകർച്ചയിലേക്ക് നയിക്കുന്ന ഇൗ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

error: Content is protected !!