വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന്
ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു. വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പരാതിക്കാരിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ടെസ്റ്റ് വോട്ട് ചെയ്യുന്നതിന് അവസരം നല്‍കിയിരുന്നു.
എന്നാല്‍ വോട്ട് രേഖപ്പെടുത്താതെ പരാതിക്കാരി പിന്മാറി. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.