കർഷകസമരത്തിൽ കേരളസംഘവും

ചെങ്കൊടിയും മലയാളത്തിലുള്ള മുദ്രാവാക്യങ്ങളും നിറഞ്ഞ് ഡൽഹി-ജയ്‌പുർ ദേശീയപാതയിലെ ഷാജഹാൻപുർ കർഷകപ്രക്ഷോഭകേന്ദ്രം. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ഞൂറോളം പേരാണ് വെള്ളിയാഴ്ച ഷാജഹാൻപുരിലെത്തിയത്. കർഷകസംഘം പ്രസിഡന്റ് കെ.കെ. രാഗേഷ് എം.പി., സെക്രട്ടറി കെ.എൻ. ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ കിസാൻസഭ അഖിലേന്ത്യാനേതാക്കൾ സമരകേന്ദ്രത്തിലേക്ക്‌ സ്വീകരിച്ചു.

കിസാൻസഭ നേതാക്കളായ അമ്രാറാം, വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. സ്വീകരണയോഗത്തിൽ ജയ് കിസാൻ ആന്ദോളൻ നേതാവ് യോഗേന്ദ്ര യാദവ്, കെ. സോമപ്രസാദ് എം.പി. തുടങ്ങിയവരും സംസാരിച്ചു. രണ്ടുബാച്ചുകളിലായി ആയിരത്തോളം കർഷകരെ ഡൽഹിയിലെത്തിക്കാനാണ് കർഷകസംഘത്തിന്റെ തീരുമാനം. ഇതിൽ ആദ്യസംഘമാണ് വെള്ളിയാഴ്ച എത്തിയത്. രണ്ടാംസംഘം അടുത്ത വ്യാഴാഴ്ച പുറപ്പെടും. സമരം നീണ്ടാൽ കേരളത്തിൽനിന്ന് കൂടുതൽ കർഷകർ ഡൽഹിയിലെത്തുമെന്ന് നേതാക്കൾ അറിയിച്ചു.

മോദിസർക്കാർ കർഷകരെ വഞ്ചിച്ച് കോർപ്പറേറ്റുകളെ സഹായിക്കുമ്പോൾ കേരളത്തിലെ ഇടതുസർക്കാർ കർഷകർക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഡൽഹിയിലെ സമരം പഞ്ചാബുകാരുടേതുമാത്രമാണെന്ന കേന്ദ്രസർക്കാരിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് കേരളത്തിൽനിന്നുള്ള കർഷകരുടെ പങ്കാളിത്തമെന്ന് കെ.കെ. രാഗേഷ് എം.പി. പറഞ്ഞു. 

error: Content is protected !!