രണ്ടു പ്രളയങ്ങൾ നേരിട്ട കോട്ടയത്തിന് ബജറ്റിൽ പദ്ധതിയില്ല
കോട്ടയം ∙ റബറിന്റെ തറവിലയിൽ ആശ്വാസം. പ്രത്യേക പദ്ധതികൾ ഇല്ലാത്തതിൽ നിരാശ. ബജറ്റ് പെട്ടി തുറന്നപ്പോൾ കോട്ടയത്തിനു സമ്മിശ്ര പ്രതികരണം. ചോദിച്ചതെല്ലാം കിട്ടിയെന്ന് എൽഡിഎഫ് എംഎൽഎമാർ പറയുമ്പോൾ ഒന്നും കിട്ടിയില്ലെന്ന് യുഡിഎഫ് എംഎൽമാർ.
സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണഫലം ലഭിക്കുമെങ്കിലും ജില്ലയ്ക്കായി മാത്രമുള്ള പദ്ധതികൾ ബജറ്റിൽ കുറവാണ്. നേരത്തേ വിഭാവനം ചെയ്ത കേരള റബർ ലിമിറ്റഡും ശബരി റെയിൽവേയുമാണ് സ്വന്തം പദ്ധതികളായി ജില്ലയ്ക്കു ലഭിക്കുന്നത്. ഓരോ വർഷവും പ്രളയത്തിൽ ബുദ്ധിമുട്ടുന്ന ജില്ലയാണ് കോട്ടയം.
ഇതിനെ മറികടക്കാൻ പ്രത്യേകിച്ച് പദ്ധതികൾ അവതരിപ്പിച്ചിട്ടില്ല. ഉരുൾ പൊട്ടൽ മേഖലകളുടെ രക്ഷയ്ക്കും പ്രത്യേക പദ്ധതിയില്ല. വിവിധ പദ്ധതികൾക്ക് ഒപ്പമാണ് വിനോദ സഞ്ചാര വികസനത്തിൽ കുമരകവും വേമ്പനാട് കായലും ഉൾപ്പെടുത്തിയത്. പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന്റെ ഗുണം ഇങ്ങനെ മറ്റു പദ്ധതികൾക്ക് ഒപ്പം ചേർക്കുമ്പോൾ ലഭിക്കില്ല.
നെല്ലിന്റെ താങ്ങുവില 28 ആയാൽ എന്തു മെച്ചം?
നെല്ലിന്റെ താങ്ങുവില 52 പൈസ കൂട്ടിയാണ് 28 രൂപയാക്കിയത്. ജില്ലയിലെ 14,000 കർഷകർക്കു ഗുണം ചെയ്യും. 17,222 ഹെക്ടർ കൃഷിമേഖലയ്ക്ക് ഗുണം. 27.48 രൂപയായിരുന്നു താങ്ങുവില.
വർധന ഹെക്ടറിന് 2,340 രൂപ
ഒരു ഹെക്ടർ സ്ഥലത്ത് പുഞ്ചക്കൃഷി മാത്രം ചെയ്യുന്ന കർഷകന് ഉൽപാദനച്ചെലവ് 62,500 രൂപ (ഏക്കർ ഒന്നിന് 25,000 രൂപ വീതം) ശരാശരി 18 ക്വിന്റൽ വിളവു ലഭിക്കുമെന്ന് കണക്കാക്കിയാൽ താങ്ങുവില 27.48 രൂപ പ്രകാരം 1,23,660 രൂപയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ 52 പൈസ ഉയർത്തിയതോടെ ഇതു 2340 രൂപ വർധിച്ച് 1,26,000 രൂപ വരുമാനം ലഭിക്കും.
കേരള റബർ; വെള്ളൂർ വീണ്ടും പ്രതീക്ഷയോടെ
ബജറ്റിൽ പ്രഖ്യാപിച്ച കേരള റബർ ലിമിറ്റഡ് എച്ച്എൻഎൽ പ്രതിസന്ധിയിൽ തളർന്ന വെള്ളൂരിന് വീണ്ടും പ്രതീക്ഷ നൽകുന്നു. ഒപ്പം കോട്ടയത്തിന്റെ വ്യവസായ കുതിപ്പിന് ഇന്ധനവും. ഇരട്ട വ്യവസായ സ്ഥാപനങ്ങളുടെ ബലത്തിൽ പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് മൂവാറ്റുപുഴയാറിന്റെ തീരത്തെ വെള്ളൂർ.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ (എച്ച്എൻഎൽ) സ്ഥലത്ത് പുതിയ റബർ പാർക്കു കൂടി യാഥാർഥ്യമായാൽ വ്യവസായ നഗരമെന്ന പ്രശസ്തി വെള്ളൂരിനു വീണ്ടും ലഭിക്കും. എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനു നടപടി അവസാന ഘട്ടത്തിലാണ്.
692 ഏക്കർ സ്ഥലമാണ് വെള്ളൂരിൽ എച്ച്എൻഎല്ലിന് ഉള്ളത്. ഇതിൽ 300 ഏക്കർ സ്ഥലത്താണ് എച്ച്എൻഎല്ലിന്റെ ഫാക്ടറിയും മറ്റു സംവിധാനങ്ങളുമുള്ളത്. ബാക്കി വരുന്ന 392 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ പുതിയതായി അവതരിപ്പിക്കുന്ന കേരള റബർ ലിമിറ്റഡിനായി ഏറ്റെടുക്കുന്നത്.
എച്ച്എൻഎൽ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലത്ത് റബർ പാർക്ക്, കുപ്പിവെള്ള പ്ലാന്റ്, സിമന്റ് ഫാക്ടറി തുടങ്ങിയവ നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ ബാങ്കുകളുടെ കൺസോർഷ്യം ഉൾപ്പെടെ പണം നൽകാനുള്ളവരെ അറിയിച്ചിരുന്നു.
എച്ച്എൻഎൽ ഏറ്റെടുക്കുന്നതിനായി 250 കോടി രൂപയും പ്രാരംഭ നടപടികൾക്ക് 4.5 കോടി രൂപയും സർക്കാർ അനുവദിപ്പിച്ചു. 250 കോടി രൂപയിൽ 142 കോടി രൂപ വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങളുടെ അടക്കം കടം തീർക്കാനാണ്. ബാക്കിയുള്ള 108 കോടി രൂപ എച്ച്എൻഎല്ലിന്റെ നവീകരണത്തിനും മറ്റുമാണ് ഉപയോഗിക്കുക.
റബർ കർഷകർക്ക് പ്രതീക്ഷ
കേരള റബർ ലിമിറ്റഡ് ജില്ലയില റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന സ്ഥാപനമായി മാറുമെന്നാണ് പ്രത്യാശ. പഴയ സിയാൽ മോഡൽ റബർ കമ്പനി ഇക്കുറി കേരള റബർ ലിമിറ്റഡായി മാറുകയാണ് ചെയ്തത്.
കഴിഞ്ഞ ബജറ്റിലും റബർ കമ്പനി പദ്ധതി പ്രഖ്യാപിച്ചെങ്കിലും സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ നടപടി ആരംഭിച്ചത് സമീപ കാലത്താണ്. റബർ ബോർഡ് ആസ്ഥാനം കോട്ടയത്താണെന്നതും ഗവേഷക സൗകര്യങ്ങളുടെ സാങ്കേതിക പരിജ്ഞാന കൈമാറ്റവും പുതിയ കമ്പനിക്ക് അനായാസമായി ലഭിക്കും.
പദ്ധതി ഇങ്ങനെ
സർക്കാർ ഓഹരി 26 ശതമാനവും ബാക്കി സ്വകാര്യ നിക്ഷേപകരുടെ വിഹിതവും ചേർത്ത് നെടുമ്പാശേരി വിമാനത്താവളം കമ്പനി മാതൃകയിലാവും കേരള റബർ ലിമിറ്റഡ്. പദ്ധതിക്കുള്ള ചെലവ് 1050 കോടി രൂപ.
ലാറ്റക്സ് അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങളുടെ ഹബ്ബായി ഇതു മാറും. സ്വാഭാവിക റബർ സംഭരണത്തിനുള്ള സഹകരണ സംഘം എന്ന നിലയിലും പ്രവർത്തിക്കും. ഘട്ടം ഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തിന് ചെലവ് 200 കോടി രൂപ.
തെളിനീർ!
നദീസംയോജന പദ്ധതിയുടെയും തരിശുനില കൃഷിയുടെയും കോട്ടയം മാതൃക ഇനി സംസ്ഥാന തലത്തിൽ. കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരം നേടിയതാണ് കോട്ടയത്തെ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോജന പദ്ധതിയും തരിശുനില കൃഷിയും. നദീ സംയോജനത്തിനു കഴിഞ്ഞ ബജറ്റിൽ 20 കോടി അനുവദിച്ചിരുന്നു.
തോടുകളും ഉറവകളും തെളിച്ചെടുക്കുന്ന പ്രളയ രഹിത കോട്ടയം എന്ന പദ്ധതിയും ആരംഭിച്ചു. പഴുക്കാനില കായൽ ചെളി കോരി വൃത്തിയാക്കുന്ന പദ്ധതിക്കു പിന്നീട് 107.88 കോടി അനുവദിച്ചു. മീനച്ചിലാറും കൊടൂരാറും വേമ്പനാട്ട് കായലിലേക്കു ചേരുന്നത് പഴുക്കാനില കായൽ ഭാഗത്താണ്.
ഇനിയുള്ള പദ്ധതി
പുഴകളുടെ ഡിജിറ്റൽ ഡ്രോൺ സർവേ, 5000 ഏക്കർ തരിശു നിലത്തു കൂടി കൃഷിയിറക്കും. തണ്ണീർത്തടങ്ങളുടെ പട്ടികയും അവയുടെ ഡാറ്റാ ബാങ്കും ഉടൻ പൂർത്തിയാക്കും.
കക്ക സംഘങ്ങൾക്ക് പിടിച്ചുനിൽക്കാം
കക്ക സഹകരണ സംഘങ്ങൾക്ക് ബജറ്റിൽ 3 കോടി രൂപ അനുവദിച്ചത് കുമരകം, വൈക്കം മേഖലകളിൽ പ്രതീക്ഷ നൽകി. അതേ സമയം ഇതിനായി വകയിരുത്തിയ തുക നേരിട്ടു തൊഴിലാളികളിലേക്ക് എത്തില്ലെന്ന നിരാശയുമുണ്ട്.
14 കക്ക സഹകരണ സംഘങ്ങളാണു സംസ്ഥാനത്തുള്ളത്. ഇതിൽ നാലെണ്ണം കോട്ടയത്താണ്. കായലിൽ നിന്നു തൊഴിലാളികൾ വാരിക്കൊണ്ടു വരുന്ന കക്ക സംഘം ശേഖരിച്ചു വിൽപന നടത്തുകയാണു സംഘങ്ങൾ. പലതും നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്.
കർഷകരുടെ കൈപിടിച്ച് സാങ്കേതിക വിദ്യ
അപ്രതീക്ഷിതമായി മുന്നിൽ വരുന്ന പ്രശ്നങ്ങളാണു കർഷകർ നേരിടുന്ന വെല്ലുവിളി. പല പ്രശ്നങ്ങൾക്കും പരിഹാരം സ്വന്തമായി കണ്ടെത്തുന്നവരുമാണ് കർഷകർ. ഇത്തരം കണ്ടെത്തലുകൾ പ്രോൽസാഹിപ്പിക്കാൻ ബജറ്റിലെ ഇന്നവേഷൻ പ്ലാറ്റ്ഫോം സഹായമായേക്കും.
കൃഷിയുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകാൻ താൽപര്യമുള്ള യുവാക്കൾക്കും ഗ്രൂപ്പുകൾക്കും വിപുലമായ സാധ്യതകളാണ് ഇതു മുന്നോട്ടുവയ്ക്കുന്നത്. കേരള ബാങ്ക്, കെഎഫ്സി ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ സംയുക്തമായി രൂപം നൽകുന്ന ഫണ്ടിലേക്ക് 50 കോടി കാപ്പിറ്റൽ ഫണ്ട് വകയിരുത്തി.
കാർഷിക, നാണ്യവിളകൾ ഉപയോഗിച്ചു മൂല്യവർധിത ഉൽപന്നങ്ങളും മറ്റു വിഭവങ്ങളും തയാറാക്കാനുള്ള ആശയങ്ങൾക്കെല്ലാം ഇതു സഹായകമാകും. സ്റ്റാർട്ടപ് മിഷന്റെ സഹായത്തോടെ പല ആശയങ്ങളും ലോകമറിയുന്ന കണ്ടുപിടിത്തങ്ങളായി മാറിയേക്കാം.
കോട്ടയം നേട്ടങ്ങൾ
∙ റബർ അധിഷ്ഠത വ്യവസായങ്ങൾക്കായി കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. വെള്ളൂർ എച്ച്എൻഎല്ലിന്റെ മിച്ച സ്ഥലത്താണ് പദ്ധതി. 1050 കോടി പ്രതീക്ഷിത മുതൽമുടക്ക്.
∙ എച്ച്എൻഎൽ ഏറ്റെടുക്കാൻ 250 കോടി. പ്രാരംഭ നടപടികൾക്ക് 4.5 കോടി രൂപ
∙ അതിഥിത്തൊഴിലാളി ക്ഷേമത്തിന് 10 കോടി. പായിപ്പാടും പദ്ധതിയിൽ
∙സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് കോട്ടയം മറിയപ്പള്ളിയിൽ സാഹിത്യ മ്യൂസിയം തുറക്കും.
∙ ശബരി റെയിൽവേപ്പാതയ്ക്കായി 2000 കോടി രൂപയോളം കിഫ്ബി വഴി.
∙ വെച്ചൂർ, കാസർകോട് കന്നുകുട്ടികളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും 1.30 കോടി രൂപ
∙ കോലാഹലമേട് ഉൾപ്പെടെ 3 ആധുനിക ഡെയറി ഫാമുകൾക്ക് 4.5 കോടിയുടെ സഹായം.
∙ തലനാട് പഞ്ചായത്തിൽ മാർമല ചെറുകിട ജല വൈദ്യുത പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് ഒരു കോടി രൂപ.
∙ ശബരിമല വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 2 കോടി രൂപ.
∙ ഇക്കോടൂറിസം വികസനത്തിന് 10 ജില്ലകൾക്ക് 2.4 കോടി. കോട്ടയവും പദ്ധതിയിൽ ഉൾപ്പെടുന്നു.
∙ ഉത്തരവാദിത്ത വിനോദ സഞ്ചാര വികസനത്തിന് 6 കോടി രൂപ.
∙ കോട്ടയം ഗ്രീൻ സർക്യൂട്ട്, പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനം എന്നിവയ്ക്കായി 117 കോടി. കുമരകം, വാഗമൺ, വേമ്പനാട് കായൽ എന്നിവയും ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ.
∙ തെക്കുംതല കെ.ആർ. നാരായണൻ ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് 2 കോടി രൂപ
∙ സർവേ വകുപ്പിന്റെ കോട്ടയം മാപ്പിങ് ഓഫിസിൽ ആധുനിക റെക്കോർഡ് റൂം സ്ഥാപിക്കാൻ 5.5 ലക്ഷം രൂപ.
∙ പെരിയാർ ടൈഗർ റിസർവിന് സംസ്ഥാന വിഹിതമായി 3.55 കോടി
∙ പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആനസങ്കേതങ്ങളിൽ ആനകളുടെ സങ്കേതം മെച്ചപ്പെടുത്തുന്നതിനും വനവാസികളെയും അവരുടെ കൃഷിയിടങ്ങളെയും ആനയുടെ ആക്രമണത്തിൽ നിന്നു സംരക്ഷിക്കുന്നതിനും പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ സംസ്ഥാന വിഹിതമായി 5.2 കോടി രൂപ.
∙ കേരള ടെക്സ്റ്റൈൽസ് കോർപറേഷൻ ലിമിറ്റഡിന്റെ ഏറ്റുമാനൂരിലെ കോട്ടയം ടെക്സ്റ്റൈൽസ് ഉൾപ്പെടെ 9 സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും 23 കോടി രൂപ.
∙ പുനലൂർ–കോന്നി–പ്ലാച്ചേരി–പൊൻകുന്നം 82 കിലോമീറ്റർ റോഡ് നവീകരണം.
∙ പ്രധാന സർവകലാശാലകൾക്ക് 125 കോടി രൂപയുടെ കിഫ്ബി പദ്ധതിയിൽ എംജി സർവകലാശാലയ്ക്കും പണം ലഭിക്കും. കൂടാതെ ബജറ്റ് വിഹിതമായി 27 കോടി രൂപ.
∙ കോട്ടയം മെഡിക്കൽ കോളജിന് ബജറ്റ് വിഹിതം 22.5 കോടി രൂപ. കോട്ടയം ഡെന്റൽ കോളജിന് 1.34 കോടി, നഴ്സിങ് കോളജിന് 30 ലക്ഷം രൂപ.
∙ പാമ്പാടി ആർഐടിക്ക് തുക. വിവിധ ഗവേഷണങ്ങൾക്കായി നീക്കിവച്ച 3.5 കോടി രൂപയുടെ ഒരു വിഹിതം ആർഐടിക്ക് ലഭിക്കും.