ജനമൈത്രി പൊലീസിന്റെ കരുണയിൽ 3 പെൺകുട്ടികൾക്കും അമ്മയ്ക്കും വീട്
എരുമേലി ∙ 2 വർഷം മുൻപൊരു രാത്രി ജനമൈത്രി പൊലീസിന്റെ ബീറ്റ് എത്തിയില്ലായിരുന്നെങ്കിൽ മൂന്നു പെൺകുട്ടികൾക്കും അമ്മയ്ക്കും ഭംഗിയായ വീടൊരുങ്ങില്ലായിരുന്നു. മുട്ടപ്പള്ളിയിൽ പണി പൂർത്തിയായ വീടിന്റെ താക്കോൽദാനം ഇന്നലെ എഡിജിപി എസ്. ശ്രീജിത്ത് നിർവഹിച്ചു.
എരുമേലി ജനമൈത്രി പൊലീസിലെ കെ.എസ്.ഷാജിയും ഷെബീർ മുഹമ്മദും 2019 ഓഗസ്റ്റിലെ ഒരു രാത്രി ബീറ്റിനിറങ്ങിയപ്പോഴാഴാണു കുടിലിലെ മുനിഞ്ഞുകത്തുന്ന വിളക്കിനരികെ 3 പെൺകുട്ടികളെയും അമ്മയെയും കാണുന്നത്. വർഷങ്ങൾക്കു മുൻപു പിതാവ് ഉപേക്ഷിച്ചു പോയതോടെ ജീവിതം കൂടുതൽ ദുരിതപൂർണമായി.
ഇതിനിടെ മകൻ വാഹനാപകടത്തിൽ മരിച്ചു. പ്ലാസ്റ്റിക് മറ കെട്ടിയ കുടിലിൽ ചാക്കു വിരിച്ചാണ് ഇവർ കിടന്നിരുന്നത്. ശുചിമുറി ഉണ്ടായിരുന്നില്ല. 23, 21, 20 വീതം വയസ്സുള്ള പെൺകുട്ടികളുമായി അടച്ചുറപ്പില്ലാത്ത വീടിനുള്ളിൽ കഴിയുന്ന അമ്മയുടെ മുഖം ഷെബീറിനും ഷാജിക്കും മറക്കാനായില്ല.
സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിച്ചതോടെ അന്നത്തെ സിഐ ദിലീപ് ഖാൻ എല്ലാ പിന്തുണയും നൽകി. ജനമൈത്രി പൊലീസിന്റെ പൂർണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി വിനോദ് പിള്ള, ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, എരുമേലി സ്റ്റേഷനിലെ സിഐമാരായ ആർ.മധു, സജീവ് ചെറിയാൻ എന്നിവരും വീടിന്റെ നിർമാണ പുരോഗതിയിൽ പങ്കാളികളായി.
വീടിന്റെ വാർക്ക ജോലികൾ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, സികെടിയു യൂണിയനുകൾ സൗജന്യമായി ചെയ്തു. നാട്ടുകാരും വ്യാപാരികളും സാധനസാമഗ്രികൾ സൗജന്യമായി നൽകി. 2 മുറി, ഹാൾ, അടുക്കള, സിറ്റൗട്ട്, ശുചിമുറി എന്നിവ അടങ്ങുന്നതാണു വീട്. എല്ലാ മുറികളും ടൈൽ പാകി.
ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി വി.ജയദേവ്, ഡിവൈഎസ്പി സന്തോഷ് കുമാർ, ഡിവൈഎസ്പി വിനോദ് പിള്ള, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വാർഡ് അംഗം സതീഷ് ഉറുമ്പിൽ എന്നിവർ പങ്കെടുത്തു.