കുടുംബ വർഷത്തിൽ പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: കുടുംബ വർഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിര്‍മ്മിക്കുന്ന ‘ബേഥ് സവ്‌റ’, പ്രത്യാശയുടെ ഭവനത്തിന്റെ ശിലാസ്ഥാപനം രൂപതയുടെ മുൻ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ, രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കല്‍ലിന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് കുമളില്‍ വച്ച് 2023 മെയ് 12, രൂപതാദിനത്തില്‍ മാര്‍ ജോസ് പുളിക്കലാണ് രൂപതയില്‍ കുടുംബ വര്‍ഷം പ്രഖ്യാപിച്ചത്. കുടുംബ വര്‍ഷത്തില്‍ കുടുംബങ്ങള്‍ക്കാശ്വാസമാകുന്ന പ്രത്യാശയുടെ ഭവനം മേരികുളത്തൊരുങ്ങുന്നത് സഭയുടെ ജീവകാരുണ്യ മുഖത്തെ പ്രതിഫലിപ്പിക്കുന്ന അടയാളമാണെന്ന് മാര്‍ ജോസ് പുളിക്കല്‍ ശിലാസ്ഥാപന മദ്ധ്യേ അനുസ്മരിച്ചു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകല്‍ സമയം ക്രിയാത്മകമായി ചെലവഴിക്കുന്നതിനും രോഗികളായ മുതിര്‍ന്ന പൗരന്‍മാരെ ശുശ്രൂഷിക്കുന്ന കുടുംബങ്ങള്‍ക്ക് അവശ്യ ഇടവേളകള്‍ ലഭിക്കുന്നതിനും സഹായകമാകുന്ന വിധത്തിലാണ് ഭവനം ക്രമീകരിക്കുന്നത്.
കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള കൗണ്‍സിലിംഗ് സൗകര്യം, റിസോഴ്‌സ് ടീം പരിശീലന കേന്ദ്രം എന്നിവയിലൂടെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രത്യാശയോടെ കടന്നുചെല്ലാനാകുന്ന പദ്ധതികളാണ് ‘ബേഥ് സവ്‌റ’ യിലൂടെ പൂര്‍ത്തിയാകുന്നത്. ഏകാന്തതയില്‍ നിന്നും സമൂഹ ജീവിതത്തിന്റെ മനോഹാരിത എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും ആസ്വദിക്കുന്നതിനുള്ള സംഗമ വേദിയാണ് ബേഥ് സവ്‌റയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ നാനാതുറകളിലും പ്രായപരിധിയിലുമുള്ളവരുടെ ഒത്തുചേരലിലൂടെയും പരസ്പര സഹകരണത്തിലൂടെയും ആശ്രയിക്കുവാനും പങ്കുവയ്ക്കുവാനും സഹജീവികളുണ്ടെന്ന ആത്മവിശ്വാസം പകരുന്നതിന് ഇതിലൂടെ സാധ്യമാകുമെന്നതില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി രൂപത പ്രസ്തുത സംരംഭത്തെക്കുറിച്ച് ചിന്തിച്ചതെന്ന് കാഞ്ഞിരപ്പള്ളി രൂപതധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
നല്ലിടയന്റെ കൂട്ടുകാര്‍ എന്ന സന്നദ്ധ സംഘടനയുടെ ഏകോപനത്തിലൂടെ ഫാ. ജെയിംസ് തെക്കേമുറിയാണ് ‘ബേഥ് സവ്‌റയുടെ’ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വിവിധ തലങ്ങളില്‍ പിന്തുണക്കുന്നത്.
ശിലാസ്ഥാപന കര്‍മ്മത്തില്‍ രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, രൂപത പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, മേരികുളം ഇടവക വികാരി ഫാ. വര്‍ഗ്ഗീസ് കുളംപള്ളില്‍, ഫ്രണ്ട്‌സ് ഓഫ് ദ ഗുഡ് ഷെപ്പേര്‍ഡ് ഡയറക്ടര്‍ ഫാ. ജയിംസ് തെക്കേമുറി, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജയ്‌മോള്‍ ജയ്‌സണ്‍, വൈസ് പ്രസിഡണ്ട് മനു കെ ജോണ്‍, ഗ്രാമ പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലയില്‍, ഫാ. മാത്യു കയ്യാണിയില്‍, ഫാ. തോമസ് തെക്കേമുറി, ഫാ. തോമസ് കണ്ടത്തില്‍, തിരുഹൃദയ സന്യാസിനി സമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. മേരി ഫിലിപ്പ്, സി. ആന്‍ ജോ, സന്യാസിനികള്‍, ഇടവകാംഗങ്ങള്‍, അയല്‍വാസികള്‍ എന്നിവര്‍ പങ്കുചേര്‍ന്നു.