ഇനി കനകപ്പലത്ത് വനപാത വൃത്തിയോടെ ക്യാമറകളിൽ : ഹരിതം ആരണ്യകമായി.
എരുമേലി : മാലിന്യങ്ങളുടെ വഴിത്താര ഇനി വൃത്തിയുടെ സുഗന്ധത്തിലേക്കും ഒപ്പം ക്യാമറ നിരീക്ഷണത്തിലേക്കും വഴി മാറുമെന്ന് പ്രതീക്ഷിക്കാം. കനകപ്പലം മുതൽ വെച്ചൂച്ചിറ വരെയുള്ള കോട്ടയം – പത്തനംതിട്ട ജില്ലാതിർത്തി റോഡിൽ വന പാതയുടെ ഭാഗം നാളുകളായി വൃത്തിഹീനമായിരുന്നു. ഇന്നലെ ഇവിടെ പാതയോര സൗന്ദര്യവൽക്കരണ പദ്ധതിയ്ക്ക് തുടക്കമായി.
സാമൂഹ്യ സേവന സംഘടനയായ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ആണ് ഹരിതം ആരണ്യകം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. ഫൗണ്ടേഷൻ സൗജന്യമായി നൽകുന്ന 20 ക്യാമറകൾ സ്ഥാപിക്കുന്നതോടെ വനപാത പൂർണമായും ഇനി ക്യാമറ നിരീക്ഷണത്തിലാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ ശുചീകരണം ആരംഭിച്ചു. ഇതോടൊപ്പം ഇനി റോഡിന്റെ വശങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
മുമ്പ് വനപാതയുടെ ഇരുവശങ്ങളിലും ദിവസവും നിറഞ്ഞു കൊണ്ടിരിക്കുന്ന മാലിന്യങ്ങളുടെ കാഴ്ച കനകപ്പലം – കരിമ്പിൻതോട് – മുക്കട വനപാതയിലായിരുന്നു. ഇവിടെ നിരീക്ഷണ ക്യാമറകൾ വനം വകുപ്പ് സ്ഥാപിച്ചതോടെ മാലിന്യങ്ങൾ ഇട്ട നിരവധി വാഹനങ്ങൾ സഹിതം കേസിൽ കുടുങ്ങി. ഇതോടെ ഈ പാത ഇപ്പോൾ മാലിന്യമുക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ടൺ കണക്കിന് മാലിന്യങ്ങൾ ആണ് വനം വകുപ്പ് ഇവിടെ നിന്നും നീക്കിയത്. തുടർന്നാണ് ക്യാമറകൾ വെച്ചത്. ഇതേ നടപടി ഇനി കനകപ്പലം – വെച്ചൂച്ചിറ റോഡിലെ വനപാതയിലും പൂർത്തിയാകുന്നതോടെ ഈ പാതയും മാലിന്യ മുക്തമാകുമെന്ന പ്രതീക്ഷയിലാണ്. ഇന്നലെ ഹരിതം ആരണ്യകം പദ്ധതി പ്രവർത്തന ഉദ്ഘാടനം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കോപ്പാറ, വനം വകുപ്പ് കനകപ്പലം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ ഹരിലാൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ടി കെ സാജു അധ്യക്ഷനായിരുന്നു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി യുവജന പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുത്തു.