മഴക്കാലപൂർവ ശുചീകരണം : കാഞ്ഞിരപ്പള്ളിയിൽ മെയ് 12ന് തുടക്കം കുറിക്കും
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ മുന്നൊരുക്ക യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്തംഗം വി പി രാജൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് വി പി ഇസ്മായിൽ, അസിസ്റ്റന്റ് സെക്രട്ടറി പി എം ഷാജി, മഞ്ജു മാത്യു, റസാഖ് എന്നിവർ സംസാരിച്ചു. ‘മെയ് 12 ന് വാർഡുതല ശുചീകരണ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.13 ന് പഞ്ചായത്തുതല ശുചീകരണ പ്രവർത്തനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആരംഭിക്കും. ജനപ്രതിനിധികൾ,പൊതുപ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ, അംഗൻവാടി, ഹരിതകർമസേന പ്രവർത്തകർ, അധ്യാപകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വറ്റിവരണ്ടു കിടക്കുന്ന ജലാശയങ്ങൾ പൂർണമായും അഴുക്ക് നിറഞ്ഞിരിക്കുകയാണ്. ചിറ്റാർ പുഴയുടെ കൈത്തോടുകൾ, മണിമലയാർ, പുല്ലകയാർ, അഴുതയാർ എന്നിവിടങ്ങളിലൊന്നും സ്ഥിതി വ്യത്യസ്തമല്ല. അടഞ്ഞ ഓടകൾ തുറക്കാൻ നടപടി ഇല്ലാത്തതിനാൽ റോഡുകൾ ഉൾപ്പെടെ വെള്ളത്തിലാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ പുത്തനങ്ങാടി ഭാഗത്ത് നിന്ന് ഓടയിലൂടെ എത്തിയ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. റോഡരികിൽ കാടുകൾ നിറഞ്ഞ പ്രദേശങ്ങൾ എല്ലാം മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഓടകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഒട്ടേറെയാണ്. ഇൗ മാലിന്യങ്ങൾ നിറഞ്ഞ വെള്ളം നിരന്ന് ഒഴുകുന്നതും കിണറുകൾ ഉൾപ്പെടെയുള്ളവയിൽ എത്തുന്നതും രോഗ കാരണമാകും.
വേനൽക്കാല രോഗങ്ങൾ നിലവിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.