കൊടും ചൂട് ; ജനം പുറത്തിറങ്ങുന്നില്ല ; വ്യാപാര മേഖല തകർച്ചയിൽ..

കാഞ്ഞിരപ്പള്ളി : വേനൽ ചൂട് കടുത്തതോടെ ജനങ്ങൾ പകൽ പുറത്തിറങ്ങാൻ മടിക്കുന്നതിനാൽ പ്രധാന ടൗണുകളിൽ പോലും ജനത്തിരക്ക് വളരെ കുറവാണ്. ഉച്ച സമയത്ത് കുട ചൂടാതെ പുറത്തിറങ്ങുവാൻ സാധിക്കുന്നില്ല. കൂടുതൽ സമയം വെയിലത്ത് നിന്നാൽ സൂര്യാഘാതം ഉറപ്പ് . രാവിലെ 10 മണി വരെയും. വൈകിട്ട് ആറ് മണിക്ക് ശേഷവുമാണ് ജനങ്ങളുടെ തിരക്കേറുന്നത്. അതിനാൽ പല വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നത് വൈകിട്ട് സമയങ്ങളിലേക്കു മാറ്റി. കച്ചവടം ഇല്ലാതായതോടെ വ്യാപാരികളുടെ സാമ്പത്തിക അടിത്തറയും തകർച്ചയിലേക്ക്.

വഴിയോരങ്ങളിൽ ശീതള പാനീയങ്ങൾ വിൽക്കുന്നവരും പ്രതിസന്ധിയിലാണ്. ആളുകൾ പകൽ സമയങ്ങളിൽ യാത്രകൾ ഒഴിവാക്കുന്നതിനാൽ കച്ചവടം പകുതിയായി കുറഞ്ഞു. നഗരങ്ങളിൽ ഓട്ടോ തൊഴിലാളികളും പ്രതിസന്ധിയിലായി. ഓട്ടം കുറഞ്ഞതോടെ രാത്രികാല സർവീസിനു പലരും തയാറാവുകയാണ്. പച്ചക്കറി കടകളിൽ ആവശ്യത്തിന് മാത്രം സ്റ്റോക്ക് എത്തിച്ചാണ് വിൽപന. ചൂടിൽ പച്ചക്കറികൾ വേഗത്തിൽ നശിക്കുന്നതാണു കാരണം.

ചൂട് കൂടിയതോടെ ഗൃഹോപകരണ വിൽപനശാലകൾ മാത്രമാണ് അൽപം ആശ്വാസത്തിലായത്. ഫാനിന്റെയും എ.സിയുടെയും വിൽപന അധികമായി വർധിച്ചു. എസി ഇഎംഐ വഴി പ്രത്യേക ഓഫറിൽ വിൽക്കുന്നതിനാൽ ഒട്ടേറെ വിൽക്കുന്നതായി വ്യാപാരികൾ പറയുന്നു. തവണ വ്യവസ്ഥയിൽ ഫാനുകൾ വീടുകളിൽ എത്തി വിൽക്കുന്നവരും ഏറെയാണ്. കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്നത് ആശ്വാസമാകുന്നുണ്ടെങ്കിലും മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പ്രദേശങ്ങളിൽ മഴ പരിമിതമാണ്.

error: Content is protected !!