മലയോര മേഖലയിൽ കാട്ടുപോത്തുകൾ നാട്ടിലിറങ്ങുന്നു ; ജനം ഭീതിയിൽ..

മുണ്ടക്കയം ഈസ്ററ് ∙ ഒരിടവേളയ്ക്കു ശേഷം മലയോര മേഖലയിൽ കാട്ടുപോത്തുകൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. ഇതോടെ വനം പാതകളിൽ രാത്രി സഞ്ചാരം നടത്താൻ ആളുകൾ ഭയക്കുകയാണ്.

കഴിഞ്ഞ ദിവസം പകൽ സമയത്ത് ദേശീയപാതയിൽ മുറിഞ്ഞപുഴയുടെ സമീപം കാട്ടുപോത്ത് ഇറങ്ങി ഭീതി വിതച്ചിരുന്നു. വണ്ടൻപതാൽ തേക്ക് കൂപ്പ്, കോരുത്തോട് കാളകെട്ടി പാത, കൊമ്പുകുത്തി, പശ്ചിമ, മാങ്ങാപേട്ട തുടങ്ങിയ പ്രദേശങ്ങളാണ് കാട്ടുപോത്തിനെ നിലവിൽ ആളുകൾ കണ്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം പുഞ്ചവയൽ പശ്ചിമ റോഡിന് സമീപമുള്ള പുരയിടത്തിൽ കാട്ടുപോത്തിനെ കണ്ടതായി കർഷകൻ വെളിപ്പെടുത്തിയിരുന്നു.

ഒരു വർഷം മുൻപ് പുഞ്ചവയൽ കുഴിമാവ് പാതയിൽ മാങ്ങാപേട്ട പാറമടയുടെ സമീപം കാട്ടുപോത്തിനെ കണ്ട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ആളുകൾക്ക് പരുക്കേറ്റ സംഭവവും ഉണ്ടായി. ഇവയെ ഇടക്കിടെ വനം പാതയിലെ റോഡുകളിൽ കാണാറുണ്ടെങ്കിലും കണ്ണിമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് ആളുകൾ മരിച്ച സംഭവത്തെ തുടർന്നാണ് ആളുകളിൽ ഭീതി സൃഷ്ടിച്ചത്.

അതുകൊണ്ട് തന്നെ വനം അതിർത്തി മേഖലയിലെ ജനങ്ങൾ പകൽ പോലും ഇവയെ ഭയക്കുന്നു. വനം റോഡുകളിൽ നേരിട്ട് കണ്ടിട്ടുള്ളവരുണ്ട്. കാട്ടുപോത്ത് ആക്രമിച്ചില്ലെങ്കിൽ മറ്റു കുഴപ്പങ്ങളില്ല. കാടിനുള്ളിൽ വെള്ളം ഇല്ലാതായതോടെ ഗ്രാമപ്രദേശങ്ങളിലെ തോടുകൾ തേടി ഇറങ്ങുന്നതാകാം എന്ന് ജനങ്ങൾ പറയുന്നു. വനം റോഡുകളിൽ രാത്രി യാത്ര ഒഴിവാക്കി സ്വയം സുരക്ഷ തേടുകയാണ് ആളുകൾ.

error: Content is protected !!