വേനൽ മഴയിൽ ചിറ്റാർ പുഴ കൂടുതൽ മലിനമായി
കാഞ്ഞിരപ്പള്ളി: വേനൽ മഴയിൽ മാലിന്യം ഒഴുകിയെത്തി ചിറ്റാർ പുഴ കൂടുതൽ മലിനമായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ ഓടകളിലും കൈത്തോടുകളിലും കെട്ടിക്കിടന്ന മാലിന്യമാണ് ചിറ്റാർ പുഴയിലേക്ക് ഒഴുകിയെ ത്തിയത്. പേട്ടക്കവലയിലെ പാലത്തിന് കീഴിലും സമീപത്തും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്.
മണിമല റോഡിൽ നിന്നുള്ള മാലിന്യ തള്ളലും യഥേഷ്ടം നടക്കുന്നുണ്ട്. ഇതോടെ ഒഴുക്ക് നിലച്ച് കിടക്കുന്ന പുഴയിലെ വെള്ളം കൂടുതൽ മലിനമായിരി ക്കുകയാണ്. മലിനജലത്തിൽ നിന്നു ദുർഗന്ധവും വമിക്കുന്നുണ്ട്. ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടി ഓടകളിലും കൈത്തോടുകളിലും തള്ളിയിരുന്ന മാലിന്യങ്ങൾ ഒഴുകിയെത്താൻ പോകുന്നത് മണിമലയാറ്റിലേക്കാണ്. ഇതൊടൊപ്പം കുടിവെള്ള പദ്ധതികളുടെ കിണറിനോട് ചേർന്നുള്ള തടയണകളിലും മാലിന്യം അടിഞ്ഞുകൂടിയ നിലയിലാണ്.
വർഷങ്ങളായി ടൗണിലെ മാലിന്യങ്ങൾ മുഴുവൻ പേറുന്നതു ചിറ്റാർ പുഴയാണ്. പുഴയിലേക്കും കൈത്തോടുകളിലേക്കും മാലിന്യങ്ങൾ തള്ളുന്നത് പഞ്ചായത്ത് കർശനമായി നിരോധിച്ചിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. വൻ തോതിൽ മാലിന്യം കൂടിക്കിടക്കുന്നത് പകർച്ച വ്യാധികൾക്കും കാരണമാകുമെന്ന് അധികൃതർ തന്നെ പറയുമ്പോഴും ഇതിനെതിരേ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. മാലിന്യം തള്ളുന്നവർക്കെതിരേ അധികൃതർ കർശന നടപടികൾ സ്വീകരിക്ക ണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.