വരൾച്ചാ ദുരിതാശ്വാസം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഇൻഫാം

കാഞ്ഞിരപ്പള്ളി: കൊടും വരൾച്ച മൂലം കാർഷിക മേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയുന്ന കർഷകരെ സഹായിക്കാന്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാർഷിക ജില്ല എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘടാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഹൈറേഞ്ചിലുണ്ടായ കനത്ത വരള്‍ച്ചയില്‍ ഏലം കര്‍ഷകരുടെ കൃഷി പാടേ നശിച്ച നിലയിലാണ്. മുമ്പെങ്ങും സംഭവിക്കാത്ത കൃഷി നാശമാണ് ഹൈറേഞ്ചില്‍ ഉണ്ടായിരിക്കുന്നത്. ചെറുകിട കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. ഏലം കര്‍ഷകരെ സഹായിക്കുന്ന കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡ് ക്രിയാത്മകമായ ഇടപെടീല്‍ നടത്തണം. ഉയര്‍ന്ന താപനിലയും ജല ദൗര്‍ലഭ്യവും മൂലം മിക്ക കാര്‍ഷിക വിളകളും പൂര്‍ണമായും കരിഞ്ഞു നശിച്ച നിലയിലാണ്. സര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കര്‍ഷകര്‍ക്ക് സഹായമെത്തിക്കണമെന്നും അദ്ദേഹം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു.
കാര്‍ഷികമേഖലയിലെ ദുരിതങ്ങള്‍ വിവരിച്ചും പരിഹാരം ആവശ്യപ്പെട്ടുമുള്ള കര്‍ഷകരുടെ നിവേദനം ഇന്‍ഫാം സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും നല്‍കാന്‍ യോഗം തീരുമാനിച്ചു.

ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. റോബിന്‍ പട്രകാലായില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!