ഇറച്ചിവിപണിയിൽ വില കുതിക്കുന്നു ; 6 മാസത്തിനുള്ളിൽ വിപണിയിൽ 20 മുതൽ 30 വരെ ശതമാനം വിലവർധന

ഇറച്ചിവിപണിയിൽ സർവത്ര വിലക്കയറ്റം. വില നിയന്ത്രണത്തിനു സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നു. ഏകീകൃതവില ഏർപ്പെടുത്തണമെന്നാണു ജനങ്ങളുടെ ആവശ്യം.

6 മാസത്തിനുള്ളിൽ വിപണിയിൽ 20 മുതൽ 30 വരെ ശതമാനം വില വർധനയുണ്ടായി. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വീണ്ടും വില കൂടാനുള്ള സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു.

കോഴിവിപണിയിൽ

‘ചൂട്’ വില്ലൻ

∙ 179 രൂപയായിരുന്നു ഇന്നലെ കോട്ടയം വിപണിയിലെ കോഴിവില. 3 ആഴ്ചയ്ക്കിടെ 16 രൂപയുടെ വർധന. ചൂടു കൂടിയതോടെ കോഴികൾ കൂട്ടത്തോടെ ചാകുന്നതും വെള്ളം കിട്ടാത്തതും പ്രധാന പ്രശ്നങ്ങളാണെന്നു വ്യാപാരികൾ പറയുന്നു.

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് 52 രൂപയാണു തമിഴ്നാട്ടിലെ ഫാമുകൾ ഈടാക്കുന്നത്. നേരത്തേ 32 രൂപ മാത്രമായിരുന്നു ഇവയുടെ വില. അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികൾ ആവശ്യപ്പെടുന്നു. 40 ദിവസം പ്രായമായ കോഴികളെയാണു സാധാരണ കടകളിൽ വിൽക്കുന്നത്. എന്നാൽ കോഴിയെ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ 30–34 ദിവസം പ്രായമാകുന്ന കോഴികളെ വിൽക്കാൻ നിർബന്ധിതരാകുകയാണു വ്യാപാരികൾ. 900 ഗ്രാം മുതൽ 1.3 കിലോ വരെ മാത്രമേ ഇവയ്ക്കു തൂക്കമുണ്ടാകൂ.

പോത്തിറച്ചി വിപണിയിലും

പ്രതിസന്ധി

∙ വൻകിട കമ്പനികൾ തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വില നൽകി പോത്തുകളെ കയറ്റുമതി ചെയ്യാൻ തുടങ്ങിയതോടെ കേരളത്തിലേക്കുള്ള ലോഡ് ക്രമാതീതമായി കുറഞ്ഞതാണു പോത്തിറച്ചിയുടെ വിലക്കയറ്റത്തിനു കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

380 രൂപ മുതൽ 420 രൂപ വരെയാണ് ഏറ്റുമാനൂർ, ചങ്ങനാശേരി, കോട്ടയം വിപണികളിലെ നിലവിലെ വില. വില ഏകീകരണം ഇല്ലാത്തതും പ്രശ്നമാണ്. ലോഡ് കയറ്റി വരുന്ന വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ തടഞ്ഞ് ഗുണ്ടാപ്പിരിവ് ഇനത്തിൽ ഇടനിലക്കാർ ലക്ഷങ്ങൾ വാങ്ങുന്നതായും പരാതിയുണ്ട്. ഇതു നിയന്ത്രിക്കാൻ സർക്കാർതലത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു വ്യാപാരി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.

∙ ആട്ടിറച്ചിയുടെ വില 900 കടന്നു. പന്നിയിറച്ചിക്ക് 400നു മുകളിലാണു വില. കേരളത്തിൽ ഉൽപാദനം കുറഞ്ഞത് ആട്ടിറച്ചി വില കൂടാൻ കാരണമായി. ചൂടു കൂടി പന്നികൾ ചാകുന്നതും കയറ്റുമതി കൂടിയതും പന്നിയിറച്ചിയുടെ വില ഉയരാനും കാരണമായി.

error: Content is protected !!