പ്രവേശനോത്സവത്തിന് സ്കൂളുകൾ ഒരുങ്ങി.

എരുമേലി : പഞ്ചായത്തിലെ ഏഴ് സർക്കാർ എൽ പി സ്കൂൾ ഉൾപ്പടെ വിദ്യാലയങ്ങളെല്ലാം തിങ്കളാഴ്‌ച പ്രവേശനോത്സവത്തിന് കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു. ചുവരുകളിൽ പുതിയ ഛായങ്ങളും കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കം ആകർഷക ചിത്രങ്ങളും പുത്തൻ കളിക്കോപ്പുകളും ഒക്കെയായാണ് സർക്കാർ സ്കൂളുകൾ ഉൾപ്പടെ വിദ്യാലയങ്ങളെല്ലാം ഒരുങ്ങിയിരിക്കുന്നത്. വർണക്കൂടാരം എന്ന പേരിൽ ഗവ. എൽ പി സ്‌കൂളുകളിൽ പ്രത്യേക നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ഞായറാഴ്ച മഴയ്ക്ക് ചെറിയ ശമനമുണ്ടായത് സ്‌കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സഹായകമായി. തിങ്കളാഴ്ച മഴ ശക്തി പ്രാപിക്കില്ലെന്നാണ് പ്രതീക്ഷ. അന്ന് എല്ലാ സ്കൂളിലും പോലിസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തും എത്തും. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ രാവിലെ മുതൽ റോഡുകളിൽ പോലീസിന്റെ സേവനമുണ്ടാകുമെന്നും എരുമേലി പോലിസ് അറിയിച്ചു.

ഹരിത കാഞ്ഞിരപ്പള്ളി.

ഹരിത കാഞ്ഞിരപ്പള്ളി എന്ന പേരിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും തിങ്കളാഴ്ച മുതൽ ഹരിത വിദ്യാലയമാകാനുള്ള മാലിന്യ മുക്ത ക്യാമ്പയിനും തുടങ്ങും. ഹരിത ചട്ടങ്ങൾ പാലിച്ചാണ് സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കുക. ഡിസ്പോസിബിൾ വസ്തുക്കൾ, ചൂയിങ് ഗം, പ്ലാസ്റ്റിക് പൊതിഞ്ഞ മിടായികൾ എന്നിവ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.

യൂണിഫോമിൽ.

ഒന്നാം ക്ലാസിലേക്കുള്ള കുട്ടികൾ ഒഴികെ മറ്റ് ക്ലാസുകളിലെ കുട്ടികൾ യൂണിഫോം ധരിച്ചിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രാവിലെ 9.45 ന് അദ്ധ്യയനം ആരംഭിക്കണമെന്നാണ് നിർദേശം. ഉച്ചക്ക് 12 ന് സ്കൂൾ വിടും.

ഉദ്ഘാടനം തുമരംപാറയിൽ.

പഞ്ചായത്ത്‌ തല പ്രവേശനോത്സവ ഉദ്ഘാടനം തുമരംപാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ രാവിലെ പത്തിന് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി നിർവഹിക്കും. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ ഇലവുങ്കൽ അധ്യക്ഷത വഹിക്കും. ഇവിടെ 70 കുട്ടികളാണ് ഒന്നാം ക്ലാസിൽ അഡ്മിഷൻ ലഭിച്ചവർ. മുട്ടപ്പള്ളി, മൂക്കൻപെട്ടി, പാണപിലാവ്, പനയ്ക്കവയൽ, നെടുങ്കാവുവയൽ, തുമരംപാറ, ചേനപ്പാടി എന്നിവിടങ്ങളിലാണ് സർക്കാർ എൽ പി സ്‌കൂളുകൾ. കൂടുതൽ വിദ്യാർത്ഥികൾ ഒന്നാം ക്ലാസ് പ്രവേശനത്തിന് ചേർന്നിട്ടുള്ളത് മുട്ടപ്പള്ളിയിലും വിദ്യാർത്ഥികൾ കുറവ് പാണപിലാവ് സ്‌കൂളിലുമാണ്.

എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എരുമേലി സെന്റ് തോമസ്, കണമല സാൻതോം, ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എൽ പി സ്കൂളുകളിലാണ്. സ്വകാര്യ മേഖലയിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ്, എരുമേലി നിർമല പബ്ലിക് സ്കൂൾ, എലിവാലിക്കര കോൺവെന്റ് സ്കൂൾ, ഷേർമൗണ്ട് സ്കൂൾ എന്നിവിടങ്ങളിൽ ഇത്തവണയും കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എയ്ഡഡ് മേഖലയിൽ എരുമേലിയിലെ ദേവസ്വം ബോർഡ് സ്കൂൾ, വാവർ സ്മാരക സ്കൂൾ, കനകപ്പലം എൻഎംഎൽപിഎസ്, എംടിഎൽപിഎസ് എന്നിവിടങ്ങളിലും പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

error: Content is protected !!