കാഞ്ഞിരപ്പള്ളി അമലയുടെ “ശാന്തം” നാടകം മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി , മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച രണ്ടാമത്തെ രചന അവാർഡുകൾ ..

കാഞ്ഞിരപ്പള്ളി : കേരള സർക്കാരിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കാഞ്ഞിരപ്പള്ളി അമലയുടെ ” ശാന്തം ” നാടകത്തിന് മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചു. മികച്ച സംവിധായകൻ ( രാജേഷ് ഇരുളം), മികച്ച നടൻ ( ഗിരീഷ് രവി), മികച്ച രണ്ടാമത്തെ രചന( ഹേമന്ത് കുമാർ) എന്നിവയ്ക്കാണ് അവാർഡുകൾ ലഭിച്ചത്.

2023 ഒക്ടോബർ 15നാണ് കാഞ്ഞിരപ്പള്ളി അമലയുടെ 37 മത് നാടകമായ ശാന്തം ആദ്യമായി അവതരിപ്പിച്ചത്. നിലവിൽ 200 ൽ അധികം സ്റ്റേജുകളിൽ ഈ നാടകം അവതരിപ്പിച്ചു കഴിഞ്ഞു. നാടകത്തിന്റെ ആദ്യ അവതരണത്തിനു ശേഷം നാല് ദിവസത്തിനുള്ളിൽ നൂറിലധികം വേദികളാണ് ഈ നാടകം ബുക്ക് ചെയ്തത്. ഇത് മലയാള നാടക ചരിത്രത്തിലെ ആദ്യ സംഭവമാണ്.

മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് ഇരുളം, കാഞ്ഞിരപ്പള്ളി അമലയ്ക്ക് വേണ്ടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ നാടകമാണ് ശാന്തം. ഈ നാടകത്തിന്റെ ദീപ സംവിധാനവും രംഗപടവും ഒരുക്കിയിരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഇന്ദ്രൻസിനെ നായകനാക്കി കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘നുണ’ എന്ന സിനിമയുടെ സംവിധായകനാണ് രാജേഷ് ഇരുളം.

ശാന്തം നാടകത്തിൽ വ്യത്യസ്തങ്ങളായ മൂന്ന് വേഷം അവതരിപ്പിച്ചതിനാണ് ഗിരീഷ് രവിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.

വസ്ത്രത്തിന്റെയും നിറത്തിന്റെയും രാഷ്ട്രീയം കൃത്യമായി അവതരിപ്പിച്ച ഈ നാടകത്തിന്റെ രചനയ്ക്കാണ് ഹേമന്ത് കുമാറിന് മികച്ച രണ്ടാമത്തെ രചനയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

നാം അണിയുന്ന വസ്ത്രത്തിലെ രാഷ്ട്രീയമാണ് കാഞ്ഞിരപ്പള്ളി അമലയുടെ ‘ശാന്തം’ എന്ന നാടകം ചർച്ച ചെയ്യുന്നത്. ഇന്നിന്റെ സമൂഹത്തിൽ ഏറെ പ്രസക്തമായതും നിരന്തരമായി ചോദ്യം ചെയ്യപ്പെടേണ്ട ഒന്നുതന്നെയാണ്,
ഒരാളുടെ വസ്ത്രം നോക്കിയോ നിറം നോക്കിയോ അല്ല ആ വ്യക്തിയെ വിലയിരുത്തേണ്ടത് എന്നത്.
അങ്ങനെ ചിന്തിപ്പിയ്ക്കുന്ന തരത്തിലേക്ക് എങ്ങനെയാണ് നമ്മുടെ സമൂഹം എത്തപെട്ടത് എന്ന ചോദ്യമാണ് നാടകം മുന്നോട്ട് വയ്ക്കുന്നത്. അധികമാരും പറയാത്ത ഇതിവൃത്തമുള്ള ഹേമന്ത് കുമാറിന്റെ മികച്ച രചനക്ക് അതിമനോഹരമായ രംഗഭാഷയൊരുക്കിയിരിക്കുന്നത് രാജേഷ് ഇരുളമാണ്. നിർമ്മാണ നിർവഹണം ഫാ. ജോസഫ് കൊച്ചുവീട്ടിൽ.

1984 ലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ അമല കമ്മ്യൂണിക്കേഷൻസ് രൂപം കൊള്ളുന്നത്. ഫാദർ ജോസ് കല്ലുകുളം ആയിരുന്നു അമല കമ്മ്യൂണിക്കേഷൻസിന്റെ ആദ്യ ഡയറക്ടർ. ദ റോബ് എന്ന നാടകമാണ് അമല കമ്മ്യൂണിക്കേഷൻസ് ആദ്യമായി അവതരിപ്പിച്ച നാടകം. പിന്നീട് പുറത്തിറങ്ങിയ ഓരോ നാടകവും കേരളക്കര ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി അമലയുടെ ‘ഇവരെന്റെ പൊന്നോമനകൾ’ എന്ന നാടകത്തിനാണ് ഇതിനുമുമ്പ് സംസ്ഥാന അവാർഡ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേളയും ഈ വർഷം 200 ഓളം വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു

വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഹേമന്ത് കുമാർ രചിച്ച രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന തച്ചൻ എന്ന ബൈബിൾ നാടകമാണ് അമലയുടെതായി ഇനി പുറത്തിറങ്ങാൻ പോകുന്ന പുതിയ നാടകം. നാടകം ഓഗസ്റ്റ് ആദ്യവാരം മുതൽ അവതരിപ്പിച്ചു തുടങ്ങും.

കാഞ്ഞിരപ്പള്ളി അമലയുടെ സംസ്ഥാന അവാർഡുകൾക്ക് അർഹമായ ശാന്തം എന്ന നാടകം വരും വർഷവും അവതരിപ്പിക്കുന്നുണ്ട്. അടുത്ത സീസണിലേക്ക് 60 വേദികളിലധികം ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. നാടക അന്വേഷണങ്ങൾക്ക് 9447564084

error: Content is protected !!