ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളുമായി ഇൻഫാം

കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതിദിനം ഇൻഫാം ദേശീയതലത്തിൽ വിപുലമായിആചരിക്കുമെന്ന് ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

വൃക്ഷോത്സവ് 2024, സിഗ്നേച്ചർ ക്യാമ്പയിന് , സെമിനാർ , ലൈറ്റ് അണയ്ക്കൽ തുടങ്ങിയ പരിപാടികൾ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലും നടക്കും.

കാര്‍ഷിക വനത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന വൃക്ഷോത്സവ് 2024 ന്റെ ഭാഗമായി ഒരു ലക്ഷം തൈകള്‍ വിതരണം ചെയ്യും. കൊക്കോ, റോയിസ് കോഫി, റോബസ്റ്റ കോഫി, കമുക്, കശുമാവ് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. വിവിധ താലൂക്കുകളിലേക്ക് വൃക്ഷത്തൈകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് ജൂണ്‍ 4 ചൊവ്വാഴ്ച പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിന്റെ അങ്കണത്തില്‍ നടക്കും.

പരിസ്ഥിതി സംരക്ഷണം മനുഷ്യകേന്ദ്രീകൃതമായി പുനര്‍ നിര്‍വചിക്കണം എന്ന ആശയവുമായി നടത്തുന്ന സിഗ്നേച്ചര്‍ കാമ്പയിന്‍ വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ അഞ്ചിന് നടക്കും. സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ പ്രസ്തുത പരിപാടിയില്‍ ഒപ്പു രേഖപ്പെടുത്തും.
കര്‍ഷകരാണ് യഥാര്‍ഥ പരിസ്ഥിതി സംരക്ഷകര്‍, അവര്‍ കയ്യേറ്റക്കാരല്ല എന്ന വിഷയത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന സെമിനാറില്‍ എല്ലാ ഗ്രാമസമിതികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
വര്‍ധിച്ചുവരുന്ന ആഗോളതാപനത്തെക്കുറിച്ച് പൊതുസമൂഹത്തെയും സംഘടനാംഗങ്ങളെയും ബോധവത്കരിക്കുന്നതിന് ‘വിളക്കണയ്ക്കൂ വിശ്വം കാക്കൂ’ എന്ന ആഹ്വാനവുമായി പരിസ്ഥിതി ദിനത്തില്‍ രാത്രി ഏഴു മുതല്‍ അഞ്ചു മിനിറ്റ് എല്ലാ ഇന്‍ഫാം കുടുംബങ്ങളിലും ലൈറ്റുകള്‍ അണയക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയി, ജോയിന്റ് സെക്രട്ടറി ജോമോന്‍ ചേറ്റുകുഴി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!