സീസൺ കഴിഞ്ഞതോടെ ബിഎസ്എൻഎൽ ടവറിലെ റേഞ്ചും പോയി, ഇപ്പോൾ ടവർ നോക്കുകുത്തിയെന്നു പരാതി.

എരുമേലി ∙ ശബരിമല കാനനപാതയിൽ മൊബൈൽ റേഞ്ച് ലഭിക്കുന്നതിനായി കാളകെട്ടിയിൽ സ്ഥാപിച്ച ബിഎസ്എൻഎൽ ടവർ നോക്കുകുത്തിയെന്നു പരാതി.

കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞ വർഷം ബിഎസ്എൻഎൽ മൊബൈൽ ടവർ സ്ഥാപിച്ചത്. കഴിഞ്ഞ സീസൺ കാലത്ത് തീർഥാടകർക്ക് ഇത് അനുഗ്രഹമായിരുന്നു.

കാനനപാതയിൽ തീർഥാടകർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ അധികൃതർക്ക് അടിയന്തരമായി ഇടപെടാനും ഇതു പ്രയോജനം ചെയ്തിരുന്നു.

എന്നാൽ തീർഥാടന കാലം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഇതിന്റെ പ്രവർത്തനം ഭാഗികമായി എന്നാണ് നാട്ടുകാരുടെ പരാതി.

ടവറിനു സമീപത്തു താമസിക്കുന്നവർക്കുപോലും മൊബൈൽ ഫോണിന് റേഞ്ചും നെറ്റ്‌വർക്കും ലഭിക്കുന്നില്ല. പലപ്പോഴും ഫോൺ ചെയ്യുമ്പോൾ കോൾ മുറിഞ്ഞു പോകുകയാണെന്നാണ് പരാതി.

ബിഎസ്എൻഎൽ ടവർ ചാർജ് ചെയ്തതോടെ കാളകെട്ടി, മൂക്കൻപെട്ടി, അരുവിക്കൽ, പത്തേക്കർ, എഴുകുംമണ്ണ്, എയ്ഞ്ചൽവാലി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു മൊബൈൽ ഉപഭോക്താക്കളാണ് ബിഎസ്എൻഎലിന്റെ റേഞ്ച് കണ്ട് മറ്റു മൊബൈൽ കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്കു നമ്പർ പോർട്ട് ചെയ്തത്.

എന്നാൽ ഇത്തരത്തിൽ പോർട്ട് ചെയ്തവർ ഇപ്പോൾ പെട്ടുപോയ സ്ഥിതിയിലാണ്. ഇവർക്ക് 3 മാസം കഴിഞ്ഞു മാത്രമേ തിരിച്ചു പോർട്ട് ചെയ്യാൻ കഴിയുകയുള്ളൂ. അത്രയും മാസം ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.

കഴിഞ്ഞ മണ്ഡല – മകരവിളക്ക് സീസൺ കാലത്ത് കാനനപാതയിലൂടെ യാത്ര ചെയ്തത് 4.5 ലക്ഷം തീർഥാടകരാണ്.

മുൻപ് മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വോക്കി ടോക്കി ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇതുകൂടാതെ കോവിഡ് കാലത്ത് കാളകെട്ടി മേഖലയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലാതെ പ്രതിസന്ധി നേരിട്ടിരുന്നു.

85 കുടുംബങ്ങൾ താമസിക്കുന്ന ആദിവാസി ഊരിലെ ഒട്ടേറെ വിദ്യാർഥികൾക്കാണ് മൊബൈൽ നെറ്റ്‌വർക് ഇല്ലാതെ പഠനം പ്രതിസന്ധിയിലായത്. ഇതെത്തുടർന്നാണ് കാളകെട്ടിയിൽ പുതിയ മൊബൈൽ ടവർ സ്ഥാപിക്കാൻ ബിഎസ്എൻഎൽ തയാറായത്. എന്നാൽ ഇപ്പോൾ ഈ ടവർ കാഴ്ചവസ്തുവാണെന്നാണു നാട്ടുകാർ പറയുന്നത്.

error: Content is protected !!