മരം വീണ് ആശ്രമ കെട്ടിടം തകർന്നു
എരുമേലി : വനത്തിൽ നിന്ന കൂറ്റൻ മഹാഗണി മരം വീണ് ആശ്രമകെട്ടിടം തകർന്നു. നെടുംകാവ് വയലിലുള്ള ശുഭാനന്ദ ആശ്രമ മന്ദിരത്തോട് ചേർന്ന കെട്ടിടമാണ് തകർന്നത്.
ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയാണ് മരം വീണത്. കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ല. വനത്തോട് ചേർന്നാണ് മന്ദിരം. ആശ്രമത്തോട് ചേർന്ന് നിരവിധി കൂറ്റൻ മരങ്ങളാണ് ഉള്ളത്. ഇവയിൽ എട്ടുമരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ശാഖ ഭാരവാഹികൾ വകുപ്പ് മന്ത്രിക്ക് മാസങ്ങൾക്ക് മുൻപ് പരാതി നൽകിയിരുന്നു.
ഇതിൽ 130 ഇഞ്ചിനുമേൽ വണ്ണമുള്ള ആഞ്ഞിലി മരവും ഉൾപ്പെടുന്നു. മറ്റെല്ലാ മരങ്ങളും 60 ഇഞ്ചിനും 80 ഇഞ്ചിനും ഇടയിൽ വണ്ണമുള്ള മരങ്ങൾ ആണ്. മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഈ മരങ്ങൾ വെട്ടിമാറ്റി ഡിപ്പൊയിൽ എത്തിക്കാൻ ഉത്തരവുണ്ടായിരുന്നുവെന്ന് ശാഖ ഭാരവാഹികൾ പറയുന്നു. എന്നാൽ നിങ്ങൾ തന്നെ മരങ്ങൾ വെട്ടിമാറ്റിക്കൊള്ളാനും അല്ലെങ്കിൽ കാലതാമസം ഉണ്ടാകുമെന്നുമാണ് പറഞ്ഞതെന്നും വനപാലകർ പറയുന്നു. ഇത്രയും മരങ്ങൾ വെട്ടിമാറ്റുന്നതിന് വൻ തുക തന്നെ വേണ്ടിവരും. ഇത് ശാഖ അംഗങ്ങൾക്ക് കഴിയുമായിരുന്നില്ല.
പ്രാർത്ഥന ഉള്ള ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ നിരവധി പേരാണ് മന്ദിരത്തിൽ എത്തുന്നത്.
1989 ൽ വനത്തിൽ നിന്നും മരം വീണ് അന്നുണ്ടായിരുന്ന വലിയ മന്ദിരം തകർന്നിരുന്നു. ഇന്നലെ മരം വീണ് അടുക്കള കെട്ടിടമാണ് തകർന്നത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശാഖ പ്രസിഡന്റ് പി കെ ഗോപിനാഥ്, സെക്രട്ടറി സജീവ് കുമാർ എന്നിവർ പറഞ്ഞു .