“അതിജീവനത്തിൻ്റെ പാതയിലൂടെ സുരേഷ് മുന്നോട്ട് തന്നെ “
കാഞ്ഞിരപ്പള്ളി : പാറത്തോട് മലനാട് നഗറിൽ താമസിക്കുന്ന വലിയവീട്ടിൽ ടി വി സുരേഷ് (50) കഴിഞ്ഞ 28 വർഷമായി ആശാരി പണി ചെയ്തു വരികയായിരുന്നു.കഴിഞ്ഞ വർഷം ഇദേഹത്തിന്റെ ഇടതു ഭാഗത്തിന് പക്ഷാഘാതമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജി’ലെ ‘ ചികിത്സയെ തുടർന്ന് ഇപ്പോൾ വോക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് ഒരു വിധം നടക്കാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് താൻ ഉപയോഗിച്ചു കൊണ്ടിരുന്ന പണിയാധുങ്ങൾകൊണ്ട് ചിരട്ടകൾ ഉപയോഗിച്ച് തവി, വിളക്കുകൾ, സ്പൂണുകൾ, പാത്രങ്ങൾ വെയ്ക്കുന്ന സ്റ്റാൻഡ്, കൽ വിളക്കുകൾ, ചട്ടുകം, കപ്പ്, ഉരുളി തുടങ്ങിയവ നിർമ്മിക്കുവാൻ തുടങ്ങിയത്. ഇത് ഭാര്യ രാജിയുമൊത്ത് വീടുകളിൽ എത്തിച്ച് വിൽപ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. രോഗബാധിതനാണെങ്കിലും സുരേഷ് പൊതുരംഗത്ത് സജീവമാണ്.
പാറത്തോട് പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയും ,പ്രിയപത്നി രാജി ഇതേ ലൈബ്രറിയിലെ ലൈബ്രേറിയനുമാണ്. മക്കളായ സൂരജ് വി സുരേഷ് എൻജിനീയറിംഗ് കോളേജ് പ്രവേശനത്തിന് കാത്തിരിക്കുന്നു. മറ്റൊരു മകനായ സൗരവ് വി സുരേഷ് ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.വ്യാവസായിക അടിസ്ഥാനത്തിൽ ചിരട്ട കൊണ്ടുള്ള കൂടുതൽ ഉപകരണങ്ങൾ നിർമ്മിച്ചു തുടങ്ങി വിപണനം നടത്തിയാൽ മാത്രമേ സുരേഷിനും കുടുംബത്തിനും ജീവിതത്തിന് സൗകര്യമൊരുക്കുവാൻ കഴിയു.