സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ദശാബ്ദി ആഘോഷങ്ങൾക്ക് സമാപനം
കാഞ്ഞിരപ്പള്ളി: സ്വാന്തനപരിചരണരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന സ്വരുമ പാലിയേറ്റീവ് സൈസൈറ്റിയുടെ ദശാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം. സ്വരുമയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ജനപ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തോടെയാണ് ദശാബ്ദി ആഘോഷങ്ങൾക്ക് സമാപനമായത്. സ്വരുമയുടെ വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കും സമ്മേളനത്തിൽ തുടക്കമായി.
സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്‌സ് അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്വാന്തനപരിചരണരംഗത്തിനൊപ്പം ജീവിതശൈലിരോഗ പ്രതിരോധരംഗത്തും മാതൃകാപരമായ പ്രവർത്തനം നടത്താൻ സ്വരുമയ്ക്ക് കഴിയുന്നതായും അദ്ദേഹം പറഞ്ഞു. വനിതവിഭാഗം സമാഹരിച്ച വസ്ത്രങ്ങൾ വനിതാ വിഭാഗം വൈസ് പ്രസിഡന്റും കാഞ്ഞിരപ്പിള്ളി ബ്ലോക്ക് പഞ്ചായത്തംഗവുമായ ഡാനി ജോസിൽ നിന്ന് പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് ജിജിമോൾ ഏറ്റുവാങ്ങി.
ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ അജിൻലാൽ ജോസഫ്, സ്വരുമയുടെ വെള്ളാവൂർ കരുതൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത്, സെന്റ് ആന്റണീസ് സ്‌കൂൾ മാനേജർ ഫാ. ജോൺ പനച്ചിക്കൽ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം വി.എൻ രാജേഷ്, സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാംമ്പള്ളി, ട്രഷറർ ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ, വൈസ് പ്രസിഡന്റ് ഷൈൻ മടുക്കക്കുഴി, വനിത വിഭാഗം പ്രതിനിധി ജിജി നിക്ലാവോസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് റിയാസ് കാൾട്ടെക്‌സ് (പ്രസിഡന്റ്), ഡാനി ജോസ്, ഷൈൻ മടുക്കക്കുഴി (വൈസ് പ്രസിഡന്റുമാർ) ജോയി മുണ്ടാംമ്പള്ളി (സെക്രട്ടറി), ജിജി നിക്ലാവോസ്, എ.കെ രാജു (ജോയിന്റ് സെക്രട്ടറിമാർ), ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ (ട്രഷറർ), ആന്റണി ഐസക്, റിജോ ചീരാംകുഴിയിൽ, റോയി വാലുമണ്ണേൽ, ജിമ്മി അക്കരക്കുളം (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.