ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു
എരുമേലി : അങ്കമാലി – എരുമേലി ശബരി റെയിൽപാത കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിനെ സമീപിച്ചു.
ശബരി പാത എരുമേലിയിൽ നിന്നു തിരുവനന്തപുരത്തേക്കു നീട്ടാൻ 2013ൽ സർവേ നടത്തിയെങ്കിലും ലാഭകരമല്ലെന്ന കാരണത്താൽ തുടർ നടപടിയുണ്ടായില്ല. അന്നത്തേതിൽ നിന്നു വ്യത്യസ്തമായി എംസി റോഡിലെ അനിയന്ത്രിതമായ വാഹനത്തിരക്കും വിഴിഞ്ഞം തുറമുഖം തുറക്കുന്നതോടെ ഉണ്ടാകുന്ന ചരക്ക് നീക്കവും കണക്കിലെടുത്ത് നിർദിഷ്ട ലൈൻ ബാലരാമപുരത്തേക്കു നീട്ടി വിഴിഞ്ഞവുമായി ബന്ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
എരുമേലി മുതൽ ബാലരാമപുരം വരെ നീളുന്ന 160 കിലോമീറ്റർ റെയിൽ പാതയിൽ 13 സ്റ്റേഷനുകളാണ് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.
ബാലരാമപുരം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട് റോഡ്, കിളിമാനൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, പെരുനാട് റോഡ്, ശബരിമല എയർപോർട്ട് സ്റ്റേഷൻ (അത്തിക്കയത്തിനു സമീപം), എരുമേലി എന്നിവയാണു സ്‌റ്റേഷനുകൾ. പാത വന്നാൽ അങ്കമാലി- തിരുവനന്തപുരം റൂട്ടിൽ സംസ്ഥാനത്തിനു പുതിയ റെയിൽ ഇടനാഴി ലഭിക്കുമെന്നും പദ്ധതിക്കു 4800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും റെയിൽവേ ബോർഡിനു നൽകിയ കത്തിൽ പറയുന്നു.