കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്റെ പുരോഗതി കിഫ്ബി ഉദ്യോഗസ്ഥർ വിലയിരുത്തി
കാഞ്ഞിരപ്പള്ളി ∙ ബൈപാസ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ കിഫ്ബിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി. നിർമാണ പ്രവർത്തനങ്ങൾ കരാർ അനുസരിച്ചു സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണു എത്തിയത്. നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന വിലയിരുത്തലാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ബൈപാസിന്റെ ഭാഗമായി ചിറ്റാർ പുഴയ്ക്കും മണിമല റോഡിനു മീതേ നിർമിക്കുന്ന നിർദിഷ്ട പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയതായും അധികൃതർ അറിയിച്ചു. മണ്ണു പരിശോധനയെ തുടർന്നാണു പാലത്തിന്റെ രൂപരേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നത്.
രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെന്നൈ ഐഐടിയിൽ അനുമതിക്കായി സമർപ്പിച്ചതായും 2 മാസത്തിനുള്ളിൽ നിർമാണ അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ബൈപാസിനായി ഏറ്റെടുത്ത സ്ഥലത്തു റോഡ് വെട്ടുന്ന ജോലികൾ പൂതക്കുഴിയിൽ ഡിസംബറിൽ ആരംഭിച്ചിരുന്നു. ഇതു കൂടാതെ ബൈപാസ് തുടങ്ങുന്ന പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നുമുള്ള നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇരുവശത്തു നിന്നു നിർമാണം ആരംഭിച്ചെങ്കിലും കനത്ത മഴയെ തുടർന്നു കഴിഞ്ഞ മാസം പണികൾ നിർത്തിവച്ചിരുന്നു.
വീണ്ടും കഴിഞ്ഞ ദിവസമാണു പണികൾ പുനരാരംഭിച്ചത്. നിർദിഷ്ട പദ്ധതി പ്രദേശത്തെ ഉയർന്ന ഭാഗം ഇടിച്ചു നിരത്തുന്ന ജോലികളും താഴ്ന്ന ഭാഗങ്ങളിൽ മണ്ണിട്ടു നികത്തുന്ന ജോലികളും പാറകൾ പൊട്ടിച്ചു നീക്കുന്ന ജോലികളുമാണു നടന്നു വരുന്നത്. 2025 മാർച്ച് 3 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണു പദ്ധതിയുടെ നിർമാണ ചുമതല. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക് ബോൺ കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു നിർമാണ ജോലികൾ ഏറ്റെടുത്തു നടത്തുന്നത്.
പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ നിന്നാരംഭിച്ചു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ മേൽപാലം നിർമിച്ചു പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയിൽ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോ മീറ്ററാണ്.